Image

ഇന്ത്യ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ദേശീയ കോണ്‍ഫറന്‍സ്‌ ന്യൂജേഴ്‌സിയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 06 July, 2011
ഇന്ത്യ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ദേശീയ കോണ്‍ഫറന്‍സ്‌ ന്യൂജേഴ്‌സിയില്‍
ന്യൂജേഴ്‌സി: അമേരിക്കയിലെയും കാനഡയിലെയും മലയാള മാധ്യമ പ്രവര്‍ത്തകരുടെ സംഘചേതനയുടെ പ്രതീകമായ ഇന്ത്യ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ 4-ാമത്‌ ദേശീയ കോണ്‍ഫറന്‍സ്‌ ഒക്‌ടോബര്‍ 28, 29, 30 (വെള്ളി, ശനി, ഞായര്‍) തിയതികളിലായി സോമര്‍സെറ്റിലുള്ള ഹോളിഡേ ഇന്നില്‍ നടക്കും. കേരളത്തിലെയും, അമേരിക്കയിലെയും പ്രശസ്‌തരായ മാധ്യമപ്രവര്‍ത്തകരും, സാമൂഹ്യ, സാംസ്‌കാരിക, രാഷ്‌ട്രീയ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും.

കേന്ദ്രഊര്‍ജ്ജവകുപ്പ്‌ സഹമന്ത്രി കെ. സി. വേണുഗോപാല്‍, കേരള വനം വകുപ്പുമന്ത്രി കെ. ബി. ഗണേഷ്‌കുമാര്‍, സാമൂഹിക ക്ഷേമ വകുപ്പുമന്ത്രി എം. കെ. മുനീര്‍ (Ex-MD-India Vision), ആന്റോ ആന്റണി എം.പി., വി. ഡി. സതീശന്‍ എം. എല്‍. എ., കെ. മുരളീധരന്‍ എം.എല്‍.എ., ജോണ്‍ ബ്രിട്ടാസ്‌ (ഏഷ്യാനെറ്റ്‌), എം. എ. ബേബി എം. എല്‍. എ (കൈരളി), ശ്രീകണ്‌ഠന്‍ നായര്‍ (മനോരമ), റോയി മാത്യു (സൂര്യ), പി.പി. സണ്ണി (ദീപിക എം. ഡി.), ഡി. വിജയമോഹന്‍ (മനോരമ - ഡല്‍ഹി), ബി. സി. ജോജോ (കേരളകൗമുദി), രവി ഡിസി (പബ്ലിഷര്‍) എന്നിവര്‍ സമ്മേളനത്തിന്‌ നേതൃത്വം നല്‌കും.

മാധ്യമ പ്രവര്‍ത്തനത്തിലെ ആധുനിക പ്രവണതകളും, എഴുത്തിന്റെ വഴികളും ഇവിടുത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കും അനുഭവ ഭേദ്യമാക്കുകയും അതിലൂടെ ഐക്യത്തിന്റെ ഒരു പുതിയ പാത തുറക്കുകയും ഈ രംഗത്തെ പുരോഗതിയിലേക്ക്‌ നയിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ അഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ ഇന്ത്യ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ദേശീയ കോണ്‍ഫറന്‍സിന്‌ തുടക്കമിട്ടത്‌. പൊതു സമൂഹമായും സംഘടനകളുമായും ഉള്ള സമ്പര്‍ക്കം ഊട്ടിയുറപ്പിക്കുക എന്ന ഉദ്ദേശ്യവും കോണ്‍ഫറന്‍സിനുണ്ട്‌. 2007 ല്‍ ന്യൂയോര്‍ക്കിലാണ്‌ ആദ്യ കോണ്‍ഫറന്‍സ്‌ നടന്നത്‌. പിന്നീട്‌ 2008 ല്‍ ഷിക്കാഗോയില്‍ നടന്നു. മൂന്നാമത്‌ കോണ്‍ഫറന്‍സ്‌ ന്യൂജേഴ്‌സിയില്‍ 2009 ല്‍ നടന്നു. 2010 ല്‍ ന്യൂയോര്‍ക്കില്‍ നടന്ന പ്രഥമ പത്രപ്രവര്‍ത്തക അവാര്‍ഡ്‌ ദാന ചടങ്ങ്‌ ഒരു ദേശീയ കോണ്‍ഫറന്‍സിന്റെ പരിവേഷവുമായാണ്‌ സമാപിച്ചത്‌.

8 ചാപ്‌റ്ററുകളില്‍ നിന്നായി നിരവധി മാധ്യമപ്രവര്‍ത്തകര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്‌. പ്രവേശനം സൗജന്യമാണ്‌. എഴുത്തിനോടും മാധ്യമ പ്രവര്‍ത്തനത്തോടും താല്‌പര്യമുള്ള എല്ലാവരെയും കോണ്‍ഫറന്‍സിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.

കോണ്‍ഫറന്‍സിന്‌ എല്ലാ പിന്തുണയുമായി നിരവധി സ്‌പോണ്‍സര്‍മാരും മുമ്പോട്ട്‌ വന്നിട്ടുണ്ട്‌.
ഒക്‌ടോബര്‍ 28 വെള്ളിയാഴ്‌ച രജിസ്‌ട്രേഷനോടു കൂടി കോണ്‍ഫറന്‍സ്‌ ആരംഭിക്കും. തുടര്‍ന്ന്‌ ഉദ്‌ഘാടന സമ്മേളനം, മാധ്യമ സെമിനാറുകള്‍. കലാപരിപാടികളോടെ ഒന്നാം ദിന പരിപാടികള്‍ സമാപിക്കും. രണ്ടാം ദിവസം മുഴുവന്‍ സെമിനാറുകളും പഠന കളരികളും നടക്കും. വൈകുന്നേരം കലാപരിപാടികള്‍. കലാപരിപാടികളുടെ ഉത്‌ഘാടനം ദേശീയ അവാര്‍ഡ്‌ ജേതാവായ പ്രശസ്‌ത പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാര്‍ നിര്‍വ്വഹിക്കും. മൂന്നാം ദിവസം രാവിലെ നാഷണല്‍ കമ്മറ്റിയോടെ കോണ്‍ഫറന്‍സ്‌ സമാപിക്കും.

കോണ്‍ഫറന്‍സിന്റെ വിജയകരമായ നടത്തിപ്പിന്‌ നിരവധി കമ്മറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്‌. പ്രസിഡന്റ്‌ റെജി ജോര്‍ജ്‌, സെക്രട്ടറി ശിവന്‍ മുഹമ്മ, ട്രഷറര്‍ ജോര്‍ജ്‌ തുമ്പയില്‍, വൈസ്‌ പ്രസിഡന്റ്‌ ഡോ. കൃഷ്‌ണ കിഷോര്‍, ജോയിന്റ്‌ സെക്രട്ടറി ഡോ. സാറാ ഈശോ, ജോയിന്റ്‌ ട്രഷറര്‍ ജോയി കുറ്റിയാനി തുടങ്ങിയവരുള്‍പ്പെട്ട നാഷണല്‍ കമ്മറ്റിക്കൊപ്പം തോളോട്‌ തോള്‍ ചേര്‍ന്ന്‌ സുനില്‍ ട്രൈസ്റ്റാര്‍ പ്രസിഡന്റും, മധു കൊട്ടാരക്കര സെക്രട്ടറിയും, സജി എബ്രഹാം ട്രഷററുമായ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രവര്‍ത്തകരും, അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍ ജോസ്‌ കണിയാലി, വൈസ്‌ ചെയര്‍മാന്‍ ടാജ്‌ മാത്യു, പ്രസിഡന്റ്‌ ഇലക്‌ട്‌ മാത്യു വര്‍ഗീസ്‌, സ്ഥാപക പ്രസിഡന്റ്‌ ജോര്‍ജ്‌ ജോസഫ്‌, വിവിധ ചാപ്‌റ്റര്‍ ഭാരവാഹികള്‍ എന്നിവരും വിവിധ കമ്മറ്റികളില്‍ പ്രവര്‍ത്തിക്കുന്നു.
ഇന്ത്യ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ദേശീയ കോണ്‍ഫറന്‍സ്‌ ന്യൂജേഴ്‌സിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക