Image

തിരുനല്ലൂര്‍ : മാനവികതയുടെ കവി

കെ.കെ.ജോണ്‍സണ്‍ Published on 07 July, 2011
തിരുനല്ലൂര്‍ : മാനവികതയുടെ കവി
ഭാവനാ സമ്പന്നനായ കവിയും ഭാഷാപണ്ഡിതനും മികച്ചൊരു അദ്ധ്യാപകനുമായിരുന്ന തിരുനല്ലൂര്‍ കരുണാകരന്‍ അന്തരിച്ചിട്ട് ജൂലായ് അഞ്ചിന് അഞ്ചു വര്‍ഷം തികയുന്നു. പാണ്ഡിത്യത്തിന്റെ ജാഡകളില്ലാതെ സാധാരണക്കാരന്റെ നാവായി, തന്റെ രചനകളിലൂടെ അവര്‍ക്ക് സ്വപ്നങ്ങളും പ്രതീക്ഷകളും നല്‍കി അവരുടെ ഇടയില്‍ തന്നെ ജീവിച്ചു മരിച്ച തിരുനല്ലൂരിനെ പോലെ വേറെ അധികം സാഹിത്യകാരന്മാര്‍ മലയാള ഭാഷയിലില്ല. താന്‍ പിറന്നു വീണ മണ്ണും അവിടുത്തെ പ്രകൃതിയും അവിടെ ജീവിച്ച മനുഷ്യരുമായിരുന്നു അദ്ദേഹത്തിന്റെ കവിതകള്‍ക്ക് പ്രചോദനമായി തീര്‍ന്നത്. കയര്‍ പിരിക്കുന്നവരുടേയും കര്‍ഷകതൊഴിലാളികളുടേയും അധസ്ഥിതരുടേയും ശബ്ദമായിരുന്നു അദ്ദേഹത്തിന്റെ കവിതകള്‍ക്ക്.

പ്രകൃതിയുടെ ഉപാസകനായിരുന്ന തിരുനല്ലൂരിന്റെ കവിതകളില്‍ അഷ്ടമുടിക്കായല്‍ ഒരു നിറസാന്നിധ്യമാണ്. കായലിന്റെ രൂപഭാവങ്ങള്‍ ഒരു ചിത്രത്തിലെന്ന പോലെ തന്റെ കവിതകളില്‍ അദ്ദേഹം വരച്ചിട്ടിട്ടുണ്ട്. തീവ്രാനുരാഗത്തിന്റെ കഥ പറയുന്ന 'റാണി' യെന്ന കവിത തന്നെ അതുനുദാഹകരണം.

'വൃശ്ചിക കാറ്റൊന്നു കൈവയ്ക്കാന്‍ നോക്കിയാല്‍
പ്രക്ഷുബ്ദമായിടും കായല്‍
പൂന്തിരമാലപോല്‍ നീര്‍ക്കിളി ചാര്‍ത്തുപോല്‍
നീന്തുമൊരായിരം തോണി
ഭാവനയ്ക്കപ്പുറം നില്‍ക്കുമാ സൗഭഗം
പാടിപ്പുകഴ്തുവാന്‍ മേല'

റാണിയുടേയും നാണുവിന്റെയും അനശ്വരപ്രേമത്തിന്റെ കഥപറയുന്ന 'റാണി'മലയാള ഭാഷയില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ടിട്ടുള്ള കവിതകളില്‍ ഒന്നാണ്.

'തൂമിഴിത്തുമ്പിനേക്കാളും വിദഗ്ധമാം
ഗാനവും കാവ്യവുമില്ല'

എന്ന് അദ്ദേഹം പറയുമ്പോള്‍ പരിശുദ്ധ പ്രേമത്തിന്റെ ആഴം നമ്മള്‍ അിറയുന്നു. പ്രക്ഷുബ്ധമായ കായലിലെ കാറ്റിലും ചുഴിയിലും പെട്ട് ജീവന്‍ നഷ്ടപ്പെട്ട പ്രിയതമനു വേണ്ടിയുള്ള റാണിയുടെ നിരന്തരമായുള്ള കായല്‍ക്കരയിലെ കാത്തു നില്പ് കാവ്യാസ്വാദകന്റെ മനസ്സില്‍ ഒരു നൊമ്പരമായി തീരുന്നു. ഒരു പക്ഷേ, കേരളത്തില്‍ ഏറ്റവും അധികം വേദികളില്‍ കഥാപ്രസംഗരൂപത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതും തിരുനല്ലൂരിന്റെ 'റാണി ' ആയിരിക്കും.

പുന്നപ്ര-വയലാര്‍ പോലെയുള്ള ജനകീയ സമരങ്ങള്‍ അദ്ദേഹത്തെ ആവേശം കൊള്ളിക്കുകയും സ്വാധീനിക്കുകയും ചെയ്തിരുന്നു. വയലാര്‍ പോലെയുള്ള കവിതകളെഴുതാന്‍ പ്രേരകമായത് ഇത്തരം ചെറുത്തു നില്‍പുകള്‍ നല്കിയ ആവേശമായിരുന്നു. സാമൂഹികപ്രശ്‌നങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന ഒരു കപടബുദ്ധിജീവി ആയിരുന്നില്ല തിരുനല്ലൂര്‍ . സഹജീവിയുടെ ദുഃഖങ്ങള്‍ തന്റേതുകൂടിയാണെന്ന് ഓര്‍മ്മിപ്പിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ കവിതകള്‍ .

'ആലപിക്കുക നമ്മള്‍ മാനവത്തിന്‍ ഗാനം
ആര്‍ദ്രതയുടെ ശക്തിതീവ്രതയുടെ ഗാനം'
എന്നാഹ്വാനം ചെയ്ത മാനവികനായ കവിയായിരുന്നു തിരുനല്ലൂ
ര്‍ ‍.

കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിന്റെ തീരത്ത് പെരിനാട് എന്ന ഗ്രാമത്തിലാണ് തിരുനല്ലൂര്‍ ജനിച്ചത്. സ്‌ക്കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം സംസ്‌കൃത ഭാഷയിലും വ്യാകരണത്തിലും അദ്ദേഹം അറിവുനേടി. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മുതല്‍ ആനുകാലികങ്ങളില്‍ കവിതകളും ഗാനങ്ങളുമെഴുതിയിരുന്നു. കൊല്ലം എസ്സ്. എന്‍ .കോളേജിലെ പഠനകാലത്ത് കമ്മ്യൂണിസ്റ്റ് നേതാക്കളുമായിട്ടുള്ള സൗഹൃദം അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ കൂടുതല്‍ ആകൃഷ്ടനാക്കി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും എം.എ പാസായ ശേഷം കോളേജ് അദ്ധ്യാപകനായി സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചു. അദ്ധ്യാപകനായിരിക്കുമ്പോള്‍ തന്നെ കേരളാ പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ അംഗമായി അഞ്ചു വര്‍ഷം സേവനമനുഷ്ടിച്ചു. അഞ്ചു വര്‍ഷത്തോളം “ജനയുഗം” വാരികയുടെ പത്രാധിപരായിരുന്നു.

റാണി, അന്തിമയങ്ങുമ്പോള്‍, സമാഗമം, മഞ്ഞുതുള്ളികള്‍ , ഗ്രീഷ്മസന്ധ്യക
ള്‍ ‍, രാത്രി, വയലാര്‍ , പുതുമഴ, താഷ്‌കെന്റ്, പ്രേമം മധുരമാണ് ധീരവുമാണ് തുടങ്ങിയവ പ്രസിദ്ധീകരിച്ച കൃതികളില്‍ ചിലതുമാത്രമാണ്. ബാലകവിതകള്‍ , ഗാനങ്ങള്‍ , കഥാപ്രസംഗങ്ങള്‍ എന്നിവയും അദ്ദേഹം ധാരാളമായി എഴുതിയിട്ടുണ്ട്.
കാളിദാസന്റെ 'മേഘദൂത് ' , 'അഭിജ്ഞാന ശാകുന്തളം', അലക്‌സാണ്ടര്‍ പുഷ്‌കിന്റെ ' ജിപ്‌സിക
ള്‍ ', ഒമര്‍ ഖയ്യാമിന്റെ 'റുബിയിയത്ത്'എന്നിവ അദ്ദേഹം മലയാള ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാഷാ പാണ്ഡിത്യത്തിനു തെളിവാണ് മലയാള ഭാഷാ പരിണാമം-സിദ്ധാന്തങ്ങളും വസ്തുകളും എന്ന ഗ്രന്ഥം. “ഒരു മഹായുദ്ധത്തിന്റെ പര്യവസാനം” എന്ന മഹാഭാരത പഠനവും “പ്രാചീന ഭാരതത്തിലെ ഭൗതികവാദം” എന്ന ഗ്രന്ഥവും വളരെ പ്രസിദ്ധങ്ങളാണ്.

ദീര്‍ഘമായ സാഹിത്യജീവിത്തിനിടയില്‍ ധാരാളം പുരസ്‌കാരങ്ങളും അദ്ദേഹത്തിനും ലഭിച്ചിട്ടുണ്ട്. ആശാന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ് തുടങ്ങിയവ അവയില്‍ ചിലതാണ്.

2006 ജൂലൈ അഞ്ചിന് തിരുനല്ലൂര്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ മതപരമായ ചടങ്ങുകള്‍ ഒന്നും കൂടാതെ അഷ്ടമുടി കായലിന്റെ തീരത്തെ തന്റെ ജന്മനാട്ടില്‍ തന്നെ അദ്ദേഹത്തെ സംസ്‌കരിച്ചു.
തിരുനല്ലൂര്‍ : മാനവികതയുടെ കവിതിരുനല്ലൂര്‍ : മാനവികതയുടെ കവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക