Image

സീറോ മലബാര്‍ സഭ ദ്വിദിന വനിതാ നേതൃസമ്മേളനം ശനിയാഴ്‌ച കൊച്ചിയില്‍ ആരംഭിക്കുന്നു

Published on 07 July, 2011
സീറോ മലബാര്‍ സഭ ദ്വിദിന വനിതാ നേതൃസമ്മേളനം ശനിയാഴ്‌ച കൊച്ചിയില്‍ ആരംഭിക്കുന്നു
കൊച്ചി: സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ വിവിധ രൂപതകളിലെ അല്‌മായ വനിതാ സംഘടനകളുടെ സഭാതലത്തില്‍ രൂപീകൃതമായ സീറോ മലബാര്‍ സഭ വുമെന്‍സ്‌ ഫോറം കോര്‍ഡിനേഷന്‍ കമ്മിറ്റിയംഗങ്ങളുടെ ദ്വിദിന നേതൃസമ്മേളനം ജൂലൈ 9,10 തീയതികളില്‍ എറണാകുളം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേരുന്നു.

ഒമ്പതാം തീയതി ഉച്ചകഴിഞ്ഞ്‌ 4 ന്‌ ആരംഭിക്കുന്ന സമ്മേളനം 4.30ന്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യും. അല്‌മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്‌ക്കല്‍ അധ്യക്ഷത വഹിക്കും. ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ സമാപന സന്ദേശം നല്‍കും. ഡയറക്‌ടര്‍ ഫാ.ജേക്കബ്‌ പാലയ്‌ക്കപ്പിള്ളി, സീറോ മലബാര്‍ സഭ അലമായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍, കെസിബിസി അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.ജോസ്‌ വിതയത്തില്‍, ഡോ.ലിസി ജോസ്‌, ഡോ.ബീന സെബാസ്റ്റ്യന്‍, ഡോ.കൊച്ചുറാണി ജോസഫ്‌ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സഭയിലെ വിവിധ രൂപതകളിലെ വനിതാ പ്രതിനിധികളുമായി മേജര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഔദ്യോഗിക കൂടിക്കാഴ്‌ച നടത്തുന്നതാണ്‌.

രണ്ടുദിവസങ്ങളിലായുള്ള സമ്മേളനത്തില്‍ സഭയിലെ വനിതാ സംഘടനാ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കും. സഭാതലവും ആനുകാലികവുമായ വിവിധ വിഷയങ്ങളെക്കുറിച്ച്‌ ചര്‍ച്ചചെയ്യുന്നതാണെന്ന്‌ സ്‌പിരിച്വല്‍ ഡയറക്‌ടര്‍ ഫാ.ജേക്കബ്‌ പാലയ്‌ക്കാപ്പിള്ളി അറിയിച്ചു. സമ്മേളനം പത്താം തിയതി ഉച്ചകഴിഞ്ഞ്‌ 1.30ന്‌ സമാപിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക