Image

ക്‌നാനായ സമ്മേളനത്തിന്‌ ആവേശകരമായ പ്രതികരണം

ജോയിച്ചന്‍ പുതുക്കുളം Published on 08 July, 2011
ക്‌നാനായ സമ്മേളനത്തിന്‌ ആവേശകരമായ പ്രതികരണം
കോട്ടയം: ഓഗസ്റ്റ്‌ ആറിന്‌ ശനിയാഴ്‌ച കോട്ടയത്ത്‌ വെച്ച്‌ നടത്തപ്പെടുന്ന ക്‌നാനായ സമ്മേളനത്തിന്‌ സ്വദേശത്തും, വിദേശത്തുനിന്നുമുള്ള സമുദായാംഗങ്ങളില്‍ നിന്നും ആവേശകരമായ പ്രതികരണം. ഇന്ത്യയുടെ വിവിധ നഗരങ്ങളില്‍നിന്നെത്തുന്നതുപോലെ ഗള്‍ഫ്‌, യൂറോപ്പ്‌, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നും നിരവധി പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ക്‌നാനായ കാത്തലിക്‌ നവീകരണ സമിതിയും, വടക്കേ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കാനാ എന്ന സംഘടനയും ചേര്‍ന്നാണ്‌ ഈ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്‌. കേരളത്തിലെ സഭാ,സാമൂഹ്യ,സാഹിത്യ,മാധ്യമ രംഗങ്ങളിലെ നിരവധി പ്രതിഭകള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

രാവിലെ പത്തുമണിക്ക്‌ കോട്ടയം കെ.പി.എസ്‌ മേനോന്‍ ഹാളില്‍ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനവും, സെമിനാറും പത്മശ്രീ ജസ്റ്റീസ്‌ കെ.ടി. തോമസ്‌ ഉദ്‌ഘാടനം ചെയ്യും. പ്രമുഖ സഭാ പണ്‌ഡിതനും ഓശാന പബ്ലിക്കേഷന്‍സ്‌ ഡയറക്‌ടറുമായ ജോസഫ്‌ പുലിക്കുന്നേല്‍ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. മലയാള മാധ്യമ രംഗത്തെ തിളക്കമേറിയ പ്രതിഭയായ കെ.എം. റോയി സമ്മേളനത്തില്‍ പ്രസംഗിക്കും.

`സഭയും സമുദായവും' എന്ന വിഷയത്തെ ആസ്‌പദമാക്കി തുടര്‍ന്ന്‌ നടത്തപ്പെടുന്ന സെമിനാറില്‍ കാരുണികന്‍ മാസിക ചീഫ്‌ എഡിറ്റര്‍ ഫാ. ജേക്കബ്‌ നാലുപറമ്പില്‍, സഭാ പണ്‌ഡിതന്‍ റവ.ഡോ. പോള്‍ തേനാലി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന്‌ നടക്കുന്ന ചര്‍ച്ചകളില്‍ കേരള കത്തോലിക്കാ സഭയിലേയും, ക്‌നാനായ സമുദായത്തിലേയും നിരവധി പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.

പ്രതിനിധി സമ്മേളനത്തിനുശേഷം നഗരത്തിന്റെ പ്രധാന വീഥികളില്‍കൂടി നടത്തപ്പെടുന്ന വര്‍ണ്ണാഭമായ റാലിയില്‍ ആയിരങ്ങള്‍ പങ്കെടുക്കും. കോട്ടയം രൂപതയുടെ ശതാബ്‌ദി ആഘോഷങ്ങളുടെ വികാരം ഉള്‍ക്കൊണ്ടുകൊണ്ട്‌ ക്‌നാനായ സമുദായത്തിന്റെ സവിശേഷതകളും, സംസ്‌കാരവും റാലിയില്‍ ഉടനീളം പ്രതിഫലിക്കും.

റാലിയെ തുടര്‍ന്ന്‌ തിരുനക്കര മൈതാനത്ത്‌ നടത്തപ്പെടുന്ന പൊതുസമ്മേളനം പ്രശസ്‌ത നിരൂപക സാഹിത്യകാരനും, കേരള സമൂഹത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായ പ്രൊഫസര്‍ സുകുമാര്‍ അഴീക്കോട്‌ ഉദ്‌ഘാടനം ചെയ്യും. പ്രശസ്‌ത സാഹിത്യകാരി സാറാ ജോസഫ്‌, കേരള കത്തോലിക്കാ സഭാ നവോത്ഥാനത്തിന്റെ വക്താക്കളായ ഫാ. ഡേവിഡ്‌ കാച്ചപ്പള്ളില്‍, ഫാ. ജോണ്‍ കവലയ്‌ക്കല്‍, യുവ സമൂഹ്യപ്രവര്‍ത്തക ഇന്ദുലേഖ എന്നിവര്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.

ആഗോള കത്തോലിക്കാ സഭയുടെ വിശ്വാസ സത്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും ആധുനിക സമൂഹത്തിനൊപ്പം ചിന്തിക്കുന്നതും, ജനാധിപത്യ രാജ്യങ്ങളിലെ നിയമവ്യവസ്ഥയ്‌ക്ക്‌ അനുസൃതമായി പ്രവര്‍ത്തിക്കുന്നതുമായ ഒരു ക്‌നാനായ സമൂഹത്തെ വാര്‍ത്തെടുക്കുകയാണ്‌ പുരോഗമന പ്രസ്ഥാനങ്ങളായ കാനായും നവീകരണ സമിതിയും ലക്ഷ്യമിടുന്നത്‌. ഏറെ നന്മകളും, ഊഷ്‌മളമായ ബന്ധങ്ങളും നിലനിര്‍ത്തുന്ന ഒരു സമൂഹത്തില്‍ നിന്ന്‌ തങ്ങള്‍ക്ക്‌ ഇഷ്‌ടപ്പെട്ടൊരു വിവാഹ ബന്ധത്തിലേര്‍പ്പെടുന്നതിനാല്‍ പറിച്ചെറിയപ്പെടുന്നവരുടെ അനുഭവം ഹൃദയഭേദകമാണ്‌. ഒരു ന്യൂനപക്ഷത്തിന്റെ ദുശ്ശാഠ്യത്തിനും, ഈഗോയ്‌ക്കും ഇരയാകുന്ന നമ്മുടെ യുവാക്കളുടെ നിസ്സഹായാവസ്ഥ നാം ഓരോരുത്തരുടേയും നൊമ്പരമാണ്‌. സമൂഹത്തിനും സഭയ്‌ക്കും ഇത്‌ കളങ്കവുമാണ്‌.

ക്‌നാനായ സഹോദരങ്ങളുടെ സംരക്ഷണത്തിനായി ആഗോളതലത്തില്‍ രൂപംകൊള്ളുന്ന പുതിയ മുന്നേറ്റത്തിലേക്ക്‌ എല്ലാ സമുദായാംഗങ്ങളേയും മനുഷ്യസ്‌നേഹികളേയും കാനായുടെ പ്രസിഡന്റ്‌ സാലു കാലായിലും, നവീകരണ സമിതി പ്രസിഡന്റ്‌ ഉതുപ്പ്‌ ഒറവണക്കുളവും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. ജോസഫ്‌ മുല്ലപ്പള്ളി ഒരു പത്രപ്രസ്‌താവനയിലൂടെ അറിയിച്ചതാണിത്‌.
ക്‌നാനായ സമ്മേളനത്തിന്‌ ആവേശകരമായ പ്രതികരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക