Image

ലീഗില്‍ കുഞ്ഞാപ്പ തന്നെ പ്രമാണി

ജി.കെ Published on 09 July, 2011
ലീഗില്‍ കുഞ്ഞാപ്പ തന്നെ പ്രമാണി
ഒരു പാര്‍ട്ടിക്ക്‌ രണ്‌ടു ജനറല്‍ സെക്രട്ടറിമാരെ തെരഞ്ഞെടുത്തുകൊണ്‌ട്‌ മുസ്‌ലീം ലീഗ്‌ കേരളാ രാഷ്‌ട്രീയത്തില്‍ കാല്‍ നൂറ്റാണ്‌ട്‌ പുറകിലേക്ക്‌ നടന്നിരിക്കുന്നു. വിഭജനമെന്നത്‌ തുടക്കംമുതലേ പാര്‍ട്ടി നയമായി അംഗീകരിച്ചിട്ടുള്ള ലീഗ്‌ അടുത്തകാലത്ത്‌ തദ്ദേശസ്വയംഭരണവകുപ്പിന്റെ വിചിത്ര വിഭജനത്തിലൂടെ ജനങ്ങള്‍ക്കിടയിലുണ്‌ടാക്കിയ അമ്പരപ്പ്‌ മാറും മുമ്പാണ്‌ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദം തന്നെ രണ്‌ടായി വിഭജിച്ച്‌ അണികളെയും ഞെട്ടിച്ചിരിക്കുന്നത്‌.

കുഞ്ഞാലിക്കുട്ടി എന്ന കുഞ്ഞാപ്പ ഒറ്റയ്‌ക്ക്‌ അടക്കി ഭരിച്ചിരുന്ന പദവിയാണ്‌ കെ.പി.എ.മജീദിനും ഇ.ടി.മുഹമ്മദ്‌ ബഷീറിനുമായി ലീഗ്‌ നേതൃത്വം വിഭജിച്ച്‌ നല്‍കിയത്‌. കുഞ്ഞാപ്പയ്‌ക്ക്‌ തുല്യനായി ലീഗില്‍ വേറൊരാളില്ലെന്ന്‌ അണികളെ ബോധ്യപ്പെടുത്താനും രണ്‌ടു ലീഗ്‌ നേതാക്കള്‍ സമം ഒരു കുഞ്ഞാപ്പ എന്ന പുതിയ ഫോര്‍മുല അവതരിപ്പിക്കാനും ഇതിലൂടെ ലീഗ്‌ നേതൃത്വത്തിനായെന്ന്‌ സമാധാനിക്കാം.

അതെന്തായാലും കെ.പി.എ.മജീദ്‌ എന്ന തന്റെ വിശ്വസ്‌തനെ തന്നെ ജനറല്‍ സെക്രട്ടറി പദവിയിലേക്ക്‌ ഉയര്‍ത്തുകയും യുഡിഎഫ്‌ അംഗമാക്കുകയും ചെയ്‌തതിലൂടെ കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയിലെ തന്റെ പിടി ഒന്നു കൂടി മുറുക്കി. ഒരാള്‍ക്ക്‌ ഒരുപദവി എന്ന നയം നടപ്പാക്കാന്‍ തീരുമാനിച്ചതുകൊണ്‌ട്‌ മാത്രം ജനറല്‍ സെക്രടറി പദമൊഴിഞ്ഞ കുഞ്ഞാപ്പയ്‌ക്ക്‌ പകരം ആര്‌ എന്നത്‌ ലീഗ്‌ നേതൃത്വത്തെ കഴിഞ്ഞ കുറേ നാളായി കുഴക്കിയ ചോദ്യമായിരുന്നു. കുഞ്ഞാലിക്കുട്ടിയോളം കഴിവുള്ളവര്‍ പാര്‍ട്ടിയില്‍ ഇല്ല എന്ന സത്യം അംഗീകരിച്ചുകൊണ്‌ട്‌ മറ്റൊരാളെ ആ പദവിയിലേക്ക്‌ കണ്‌ടെത്തുക എന്ന ശ്രമകരമായ ദൗത്യം അണികള്‍ ഹൈദരലി ശിഹാബ്‌ തങ്ങളെ ഏല്‍പ്പിക്കുകയും ചെയ്‌തു.

എന്നാല്‍ കുഞ്ഞാപ്പയ്‌ക്ക്‌ മുന്നില്‍ പൂര്‍ണമായും കീഴടങ്ങി ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്താലുള്ള അടിയൊഴുക്കുകള്‍ കൃത്യമായി മനസ്സിലാക്കിയ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പേരിനായാണെങ്കിലും കുഞ്ഞാലിക്കുട്ടി വിരുദ്ധപക്ഷത്തിനും കൂടി ഒരു ജനറല്‍സെക്രട്ടറിയെ നല്‍കി തടിയൂരുകയായിരുന്നു. കുഞ്ഞാലിക്കുട്ടി ജനറല്‍ സെക്രട്ടറി പദമൊഴിഞ്ഞപ്പോള്‍ തന്നെ ആ സ്ഥാനത്തേക്ക്‌ എം.കെ.മൂനീറിന്റെ പിന്തുണയുള്ള പാര്‍ട്ടിയിലെ ഒരു വിഭാഗം കണ്‌ടെത്തിയത്‌ മുതിര്‍ന്ന നേതാവായ ഇ.ടി.മുഹമ്മദ്‌ ബഷീറിന്റെ പേരായിരുന്നു. കഴിവും അനുഭവസമ്പത്തും വെച്ചുനോക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടിയോളമോ അതിനുപരിയോ യോഗ്യതയുള്ള നേതാവാണ്‌ ഇ.ടി.എന്ന കാര്യത്തില്‍ ആര്‍ക്കും രണ്‌ടു പക്ഷമുണ്‌ടായിരുന്നില്ല.

എന്നാല്‍ മുനീര്‍ വിഭാഗത്തെ രഹസ്യമായി പിന്തുണയ്‌ക്കുന്ന ഇ.ടി ജനറല്‍ സെക്രട്ടറി പദത്തിലെത്തിയാല്‍ അത്‌ പാര്‍ട്ടിയിലെ തന്റെ പിടി അയക്കുമെന്ന്‌ മുന്‍കൂട്ടികണ്‌ട കുഞ്ഞാപ്പ തന്റെ വിശ്വസ്‌തനായ കെ.പി.എ.മജീദിനെ ആ പദവിയേല്‌ക്ക്‌ നിര്‍ദേശിച്ചു. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ മലപ്പുറത്ത്‌ ലീഗ്‌ സെക്രട്ടറിയും ശക്തനായ എതിരാളി ഇല്ലാത്തുകൊണ്‌ടുമാത്രം ഏറെക്കാലം മങ്കട എംഎല്‍എയുമൊക്കെയായിരുന്നു മജീദെങ്കിലും ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള നേതാവല്ല അദ്ദേഹമെന്നത്‌ കഴിഞ്ഞ കാലങ്ങളിലെ തെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ നോക്കിയാല്‍ മനസ്സിലാവും. മങ്കടയില്‍ ജനസ്വാധീനമുള്ള മഞ്ഞളാംകുഴി അലി ഇടതുസ്വതന്ത്രനായി മത്സരിച്ചപ്പോള്‍ മണ്‌ഡലം നഷ്‌ടമാക്കിയ മജീദ്‌ 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്‌ഡലത്തില്‍ ആദ്യമായി ലീഗിന്റെ പച്ചക്കൊടി താഴ്‌ത്തി ഇടതിന്റെ ചെങ്കൊടി പാറിക്കാന്‍ അവസരമൊരുക്കിയ നേതാവെന്ന നിലയിലും `നല്ല' പേരെടുത്തിട്ടുണ്‌ട്‌.

സംഘടനയിലെ സുപ്രധാന ചുമതലകളെല്ലാം തന്റെ വിശ്വസത്‌നായ മജീദിനെ ഏല്‍പ്പിച്ച്‌ ഇ.ടി.മുഹമ്മദ്‌ ബഷീറിനെ പൊതുകാര്യസ്ഥനായി നിയോഗിക്കുന്നതില്‍ കുഞ്ഞാപ്പ വിജയിച്ചു. പൊതുകാര്യസ്ഥന്റെ ചുമതല എന്തായിരിക്കുമെന്ന കാര്യത്തില്‍ ഇ.ടിക്കുപോലും വലിയ പിടിയില്ല. പാര്‍ട്ടി നയങ്ങള്‍ വിശദീകരിക്കുക യുഡിഎഫുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നൊക്കെയാണെന്ന്‌ കുഞ്ഞാപ്പ പറയുന്നുണ്‌ടെങ്കിലും അതിനെയല്ലെ വക്താവ്‌ എന്നു പറയുക എന്നു ചോദിച്ചാല്‍ വക്താവല്ല ജനറല്‍ സെക്രട്ടറി എന്ന്‌ കുഞ്ഞാപ്പ തന്നെ തിരുത്തും. ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ കത്തിപ്പടര്‍ന്നപ്പോള്‍ ഇ.ടി കുഞ്ഞാപ്പയുടെ രക്ഷയ്‌ക്കെത്തിയിരുന്നെങ്കിലും അടുത്തകാലത്തായി കുഞ്ഞലാക്കുട്ടി വിരുദ്ധരോടാണ്‌ അദ്ദേഹത്തിന്‌ ചായ്‌വെന്ന്‌ പാര്‍ട്ടിയിലെ പരസ്യമായ രഹസ്യമാണ്‌.

മഞ്ഞളാംകുഴി അലിയുടെ മന്ത്രിക്കാര്യത്തില്‍ അടിപറ്റിയ കുഞ്ഞാപ്പയ്‌ക്കെതിരെ പാര്‍ട്ടി യോഗങ്ങളില്‍ ഇ.ടി പരസ്യനിലപാടെടുത്തിരുന്നു. അഞ്ചു മന്ത്രിമാരുടെ കാര്യത്തില്‍ വിട്ടുവീഴ്‌ചവേണ്‌ടെന്ന്‌ ബഷീര്‍ ആദ്യം മുതല്‍ ആവശ്യപ്പെട്ടിരുന്നു. പാണക്കാട്‌ തങ്ങളെ വിലപേശല്‍ ചര്‍ച്ചക്ക്‌ കൊണ്‌ടുപോകുന്നത്‌ ശരിയല്ലെന്നും തുറന്നടിച്ചിരുന്നു. ഇതിനൊക്കെ പുറമെ മുനീറിന്റെ തദ്ദേശഭരണവകുപ്പ്‌ വിഭജിച്ചതിലും ഇ.ടി. ശക്തമായ വിയോജിപ്പ്‌ രേഖപ്പെടുത്തിയത്‌ കുഞ്ഞാപ്പയെ ഞെട്ടിച്ചിരുന്നു.

കുഞ്ഞാപ്പയ്‌ക്കെതിരെ പാര്‍ട്ടിയില്‍ അടുത്തിടെ ഉയര്‍ന്ന ഇത്തരം അപസ്വരങ്ങള്‍ ഹൈദരലി ശിഹാബ്‌ തങ്ങള്‍ക്കും കണ്‌ടില്ലെന്ന്‌ നടിക്കാനാവുമായിരുന്നില്ല. മഞ്ഞളാം കുഴി അലിയുടെ മന്ത്രസ്ഥാനത്തിന്റെ പേരില്‍ മലപ്പുറത്ത്‌ കുഞ്ഞാലിക്കുട്ടിയുടെയും കേന്ദ്രസഹമന്ത്രി ഇ.അഹമ്മദിന്റെയും പോസ്റ്ററുകളില്‍ കരി ഓയില്‍ ഒഴിച്ചത്‌ സിപിഎമ്മുകാരാണെന്ന്‌ ഒരു ഭംഗിക്ക്‌ വേണ്‌ടി പറയാമെങ്കിലും അത്‌ പാര്‍ട്ടിയിലെ അസംതൃപ്‌തരാണെന്ന്‌ പാണക്കാട്‌ തങ്ങള്‍ക്ക്‌ പോലുമറിയാം. ഈ അസംതൃപ്‌തരുടെ എണ്ണം കൂടുംതോറും പാര്‍ട്ടി തന്റെ കൈപ്പിടിയില്‍ നിന്ന്‌ വഴുതിപ്പോവുമോ എന്ന കുഞ്ഞാലിക്കുട്ടിയുടെ ഭയമാണ്‌ രണ്‌ടു ജനറല്‍ സെക്രട്ടറിമാരെ നിയോഗിക്കുക എന്ന അവസ്ഥയിലേക്ക്‌ ലീഗിനെ എത്തിച്ചത്‌.

ലീഗിന്റെ പാരമ്പര്യമനുസരിച്ച്‌ ഇ.ടിയെ അഖിലേന്ത്യാ തലത്തിലേക്ക്‌ ചവിട്ടപൊക്കതെ പേരിനെങ്കിലും ജനറല്‍ സെക്രട്ടറി ആക്കി എന്നത്‌ ഭാഗ്യമാണെന്ന്‌ വിരുദ്ധ വിഭാഗവും കരുതുന്നു. കാരണം സ്വന്തം സ്ഥാനത്തിന്‌ ഭീഷണിയാവുമെന്ന്‌ കരുതുന്ന നേതാക്കളെ ചവിട്ടി പൊക്കി അഖിലേന്ത്യാ തലത്തിലേക്ക്‌ ഉയര്‍ത്തുക എന്നത്‌ ലീഗിന്റെ പാരമ്പര്യമാണ്‌. സി.എച്ച്‌.മുഹമ്മദ്‌ കോയയും ഏറ്റവും ഒടുവില്‍ കെ.ടി.എ.ജലീലുംവരെ ഈ പ്രമോഷന്റെ സാധ്യതകള്‍ അനുഭവിച്ചറിഞ്ഞവരാണ്‌. ഇ.അഹമ്മദ്‌ അതിപ്പോള്‍ അനുഭവിക്കുകയുമാണ്‌.

എം.പിയെന്ന കാരണം പറഞ്ഞ്‌ ഇ.ടിയെ കേന്ദ്രത്തിലേക്ക്‌ അനായാസം ചവിട്ടിപൊക്കാനുള്ള അവസരവുമുണ്‌ടായിരുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്ന എതിര്‍വികാരവും പാണക്കാട്‌ തങ്ങളില്‍ കേന്ദ്രമന്ത്രി ഇ.അഹമ്മദിനുള്ള സ്വാധീനവും ഇ.ടിയെ ജനറല്‍ സെക്രട്ടറി പദവിയിലെത്തിച്ചു. ഇതൊക്കെയാണെങ്കിലും ഉമ്മന്‍ ചാണ്‌ടി സര്‍ക്കാരിന്റെയും മുസ്‌ലീം ലീഗിന്റെയും സെന്റര്‍ ഫോര്‍വേര്‍ഡ്‌ സ്ഥാനത്ത്‌ താന്‍ തന്നെ തുടരുമെന്ന്‌ ഉറപ്പാക്കിയശേഷമാണ്‌ കുഞ്ഞാപ്പ ഈ ഒത്തുതീര്‍പ്പുകള്‍ക്ക്‌ വഴങ്ങിയതെന്ന്‌ മാത്രം.
ലീഗില്‍ കുഞ്ഞാപ്പ തന്നെ പ്രമാണി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക