Image

സഭയുടെ മുന്നേറ്റത്തില്‍ സ്‌ത്രീകളുടെ പങ്ക്‌ നിസ്‌തുലം: മേജര്‍ ആര്‍ച്ചുബിഷപ്‌

Published on 09 July, 2011
സഭയുടെ മുന്നേറ്റത്തില്‍ സ്‌ത്രീകളുടെ പങ്ക്‌ നിസ്‌തുലം: മേജര്‍ ആര്‍ച്ചുബിഷപ്‌
കൊച്ചി: സഭയുടെ മുന്നേറ്റത്തില്‍ സ്‌ത്രീകളുടെയും സ്‌ത്രീ സംഘടനകളുടെയും പങ്ക്‌ വിലപ്പെട്ടതാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പറഞ്ഞു. സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള വനിതാ ഫോറം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയംഗങ്ങളുടെ ദ്വിദിന നേതൃസമ്മേളനം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രബുദ്ധരായ സ്‌ത്രീകള്‍ സഭയുടെ പ്രവര്‍ത്തനങ്ങളിലേക്കു കൂടുതലായി കടന്നുവരണം. സ്‌ത്രീസംഘടനകള്‍ക്കിടയില്‍ കൂട്ടായ്‌മയും കൂടിയാലോചനകളും ഇനിയും വര്‍ധിപ്പിക്കേണ്ടത്‌ ആവശ്യമാണ്‌. രാഷ്ടീയത്തിലും സഭാ സമിതികളിലും സ്‌ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുണ്ട്‌. സഭയുടെ വളര്‍ച്ചക്കുതകുന്ന ക്രിയാത്മകമായ ചര്‍ച്ചകളില്‍ ഇടപെടാന്‍ സ്‌ത്രീകള്‍ക്കാവണമെന്നും മാര്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.

അല്‌മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കല്‍ അധ്യക്ഷത വഹിച്ചു. ജീവന്റെ സംരക്ഷണം അല്‌മായ വനിതകളുടെ പ്രഥമ ദൗത്യമാണെന്നു മാര്‍ അറയ്‌ക്കല്‍ ഓര്‍മിപ്പിച്ചു. ആത്മീയതലത്തിലെന്നപോലെ ഭൗതീക മേഖലയിലും വളര്‍ച്ച നേടുന്നതിനുപകരിക്കുന്ന കര്‍മപദ്ധതികള്‍ രൂപീകരിക്കണമന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി പ്രഫ. കെ.വി തോമസ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ നൂറാം ചരമദിനത്തോടനുബന്ധിച്ച്‌ അനുസ്‌മരണപ്രഭാഷണം നടത്തി. കക്ഷിരാഷ്‌ട്രീയങ്ങള്‍ക്കതീതമായി മാര്‍ വിതയത്തിലിന്റെ ദീര്‍ഘവീക്ഷണത്തോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ സഭയ്‌ക്കും സമൂഹത്തിനും അഭിമാനമായിരുന്നുവെന്ന്‌ അദ്ദേഹം സൂചിപ്പിച്ചു.

സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി സെബാസ്റ്റ്യന്‍, ഡയറക്‌ടര്‍ ഫാ.ജേക്കബ്‌ പാലയ്‌ക്കപ്പിള്ളി, കെസിബിസി അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.ജോസ്‌ വിതയത്തില്‍, ആനി മത്തായി മുതിരേന്തി എന്നിവര്‍ പ്രസംഗിച്ചു. ഡോ.ലിസി ജോസ്‌ പ്രബന്ധാവതരണം നടത്തി.

ഡോ.ബീന സെബാസ്റ്റ്യന്‍, ഡോ.കൊച്ചുറാണി ജോസഫ്‌ എന്നിവര്‍ സമ്മേളനത്തില്‍ വിവിധ വിഷയങ്ങളില്‍ ഇന്നു പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സഭയിലെ വനിതാ സംഘടനാ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ സമ്മേളനം തയാറാക്കും. ഉച്ചക്കു ഒന്നരക്കു ഇടുക്കി രൂപതാ ബിഷപ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ സമാപന സന്ദേശം നല്‍കും.
സഭയുടെ മുന്നേറ്റത്തില്‍ സ്‌ത്രീകളുടെ പങ്ക്‌ നിസ്‌തുലം: മേജര്‍ ആര്‍ച്ചുബിഷപ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക