Image

2013 കെ.എച്ച്‌.എന്‍.എ കണ്‍വെന്‍ഷന്‍ ഫ്‌ളോറിഡയില്‍; ആനന്ദന്‍ നിരവേല്‍ പ്രസിഡന്റ്‌

ജോയിച്ചന്‍ പുതുക്കുളം Published on 13 July, 2011
2013 കെ.എച്ച്‌.എന്‍.എ കണ്‍വെന്‍ഷന്‍ ഫ്‌ളോറിഡയില്‍; ആനന്ദന്‍ നിരവേല്‍ പ്രസിഡന്റ്‌

വാഷിംഗ്‌ടണ്‍: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ഏഴാമത്‌ കണ്‍വെന്‍ഷന്‍ ഫ്‌ളോറിഡയില്‍ നടക്കും. വാഷിംഗ്‌ടണില്‍ നടന്ന ജനറല്‍ബോഡി യോഗമാണ്‌ അടുത്ത കണ്‍വെന്‍ഷന്‍ വേദിയായി ഫ്‌ളോറിഡയെ തെരഞ്ഞെടുത്തത്‌. ഡാളസ്‌, ഹൂസ്റ്റണ്‍, ഷിക്കാഗോ, ന്യൂയോര്‍ക്ക്‌, ലോസ്‌ആഞ്ചലസ്‌, വാഷിംഗ്‌ടണ്‍ ഡി.സി എന്നിവിടങ്ങളിലാണ്‌ മുന്‍ കണ്‍വെന്‍ഷനുകള്‍ നടന്നത്‌.

ആനന്ദന്‍ നിറമേല്‍ പ്രസിഡന്റായും, സുരേഷ്‌ നായര്‍ ജനറല്‍ സെക്രട്ടറിയായും, വിനോദ്‌ കുമാര്‍ നായര്‍ ട്രഷററായും, 21 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ രാജു നാണുവിന്റെ അധ്യക്ഷതയില്‍ ട്രസ്റ്റി ബോര്‍ഡാണ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. ഡോ. ജയകൃഷ്‌ണന്‍, ഹരിദാസന്‍ പിള്ള എന്നിവര്‍ തെരഞ്ഞെടുപ്പിന്‌ നേതൃത്വം നല്‍കി. 2013 കണ്‍വെന്‍ഷന്‍ ആത്മീയതയുടേയും കലയുടേയും സംസ്‌കാരത്തിന്റേയും സംഗമമാക്കി മാറ്റുമെന്ന്‌ ആനന്ദന്‍ നിരവേല്‍ പ്രസ്‌താവിച്ചു. 1500-ല്‍ അധികം വരുന്ന സദസ്സിനെ അഭിസംബോധന ചെയ്‌ത്‌ പ്രസഗിക്കവേ 2013 കണ്‍വെന്‍ഷന്റെ ലക്ഷ്യങ്ങളെക്കുറിച്ച്‌ നിറമേല്‍ സംസാരിക്കുകയുണ്ടായി.

പതിനായിരക്കണക്കിന്‌ വരുന്ന കേരളീയ ഹിന്ദു സമൂഹത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന്‌ അശ്രാന്തം പരിശ്രമിക്കുമെന്നും ജനഹൃദയങ്ങളില്‍ ചിരകാലപ്രതിഷ്‌ഠ നേടുന്നതരത്തിലുള്ള ഹിന്ദു മഹാസംഗമത്തിന്‌ ഫ്‌ളോറിഡ സാക്ഷിയാകുമെന്നും, സനാതന ധര്‍മ്മത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ `ലോകാ സമസ്‌താ സുഖിനോ ഭവന്തു' എന്ന ആപ്‌തവാക്യത്തെ മുറുകെപ്പിടിച്ച്‌ നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി ഹിന്ദു സമൂഹത്തിന്റെ നന്മയേയും ഉയര്‍ച്ചയേയും ലക്ഷ്യമാക്കിയുള്ള കണ്‍വെന്‍ഷന്‍ കാഴ്‌ചവെയ്‌ക്കുമെന്നും ഇതിനായി ഏവരുടേയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു. സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തനത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആനന്ദന്‍ നിറമേല്‍ ഫോമാ ജോയിന്റ്‌ സെക്രട്ടറി കൂടിയാണ്‌.

നവാഗതരായ സുരേഷ്‌ നായര്‍, വിനോദ്‌ നായര്‍ എന്നിവരും ഫ്‌ളോറിഡയില്‍ നിന്നും കെ.എച്ച്‌.എന്‍.എ ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടവാണ്‌.

യുവാക്കള്‍ സംഘടനയുടേയും സമൂഹത്തിന്റേയും സ്വത്താണെന്നും യുവാക്കളെ സംഘടനാ പ്രവര്‍ത്തനത്തിലെക്കുവാന്‍ സാധിച്ചുവെന്നത്‌ കെ.എച്ച്‌.എന്‍.എയുടെ ജനഹൃദയങ്ങളിലേക്കുള്ള യാത്രയുടെ തെളിവാണെന്നും ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ രാജു നാണു പറഞ്ഞു. ഡാളസില്‍ നിന്നുള്ള ടി.എന്‍. നായര്‍ വൈസ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

കെ.എച്ച്‌.എന്‍.എ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍, കെ.എച്ച്‌.എന്‍.എ സ്ഥാപകരില്‍ പ്രഥമഗണനീയന്‍ എന്നീ നിലകളില്‍ സ്‌തുത്യര്‍ഹമായ സേവനം കാഴ്‌ചവെച്ച ടി.എന്‍. നായര്‍ സംഘാടനമികവില്‍ അജയ്യമായ സ്ഥാനംവഹിക്കുന്നു. ടി.എന്‍. നായരുടെ അനുഭവ സമ്പത്ത്‌ സംഘടനയ്‌ക്ക്‌ മുതല്‍ക്കൂട്ടാവുമെന്ന്‌ ട്രസ്റ്റി വൈസ്‌ ചെയര്‍ ഡോ. ജയകൃഷ്‌ണന്‍ പ്രസ്‌താവിച്ചു. ന്യൂയോര്‍ക്കില്‍ നിന്നുള്ള അറ്റോര്‍ണി വിനോദ്‌ കെയര്‍കെ, ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവരും എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.

ജോയിന്റ്‌ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വിനോദ്‌ കെയര്‍കെ മുന്‍ കെ.എച്ച്‌.എന്‍.എ ഡയറക്‌ടര്‍ ബോര്‍ഡ്‌ മെമ്പര്‍കൂടിയാണ്‌. ന്യൂയോര്‍ക്കിലെ മികച്ച അഭിഭാഷകനും സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകനും, ധാരാളം കള്‍ച്ചറല്‍ അസോസിയേഷനുകളുടെ പ്രസിഡന്റ്‌ പദവി അലങ്കരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഫൊക്കാനാ, മലയാളി അസോസിയേഷനുകള്‍ എന്നിവയില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചിട്ടുള്ള വിനോദ്‌ കെയാര്‍കെ കെ.എച്ച്‌.എന്‍.എയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ക്ക്‌ വഴികാട്ടിയായിരിക്കുമെന്ന്‌ തെരഞ്ഞെടുപ്പ്‌ വേളയില്‍ എം.ജി. മേനോന്‍ അഭിപ്രായപ്പെട്ടു.

അടൂര്‍ മൗട്ടത്ത്‌ കുടുംബാംഗവും ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ കറപ്‌ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഓഫീസറായി സേവനം അനുഷ്‌ഠിക്കുന്ന ശ്രീകുമാര്‍ ഉണ്ണിത്താന്‍ ആണ്‌ ജോയിന്റ്‌ ട്രഷറര്‍. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ മാഗസിന്‍ എഡിറ്റര്‍, വേള്‍ഡ്‌ അയ്യപ്പ സേവാ ട്രസ്റ്റ്‌ വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവെച്ചിട്ടുള്ള ഉണ്ണിത്താന്‍ കെ.എച്ച്‌.എന്‍.എ കണ്‍വെന്‍ഷന്റെ സന്തതസഹചാരികൂടിയാണ്‌.

വാഷിംഗ്‌ടണ്‍ കണ്‍വെന്‍ഷന്‍ സുവനീര്‍ ഇസോസിയേറ്റ്‌ എഡിറ്റര്‍കൂടിയായിരുന്നു ഉണ്ണിത്താന്‍. യുവജനങ്ങള്‍ക്ക്‌ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള അത്യാകര്‍ഷണമായ ഒരു കണ്‍വെന്‍ഷന്‍ ആബാലവൃദ്ധം ജനങ്ങള്‍ക്ക്‌ അനുഭവിക്കാവുന്ന തരത്തില്‍ രൂപപ്പെടുത്തുകയാണ്‌ 2013 കണ്‍വെന്‍ഷന്റെ ലക്ഷ്യമെന്ന്‌ സുരേഷ്‌ നായരും, വിനോദ്‌ നായരും പറഞ്ഞു. സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട്‌ നാല്‌ ദിന കണ്‍വെന്‍ഷന്‍ ഒരു ഉത്സവാന്തരീക്ഷം സൃഷ്‌ടിക്കുമെന്ന്‌ അവര്‍ ഊന്നിപ്പറഞ്ഞു.

ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങളായി അജിത്‌ കുമാര്‍, അപ്പുക്കുട്ടന്‍ കലക്കല്‍, ചിറ്റൂര്‍ രാമന്‍നായര്‍, ഡോ. സതിനായര്‍, ജി.കെ. പിള്ള, മധുപിള്ള, മനോജ്‌ ശ്രീനിലയം, മുരളീകൃഷ്‌ണന്‍, സായി ബിജിലി, ഷിബു ദിവാകരന്‍, സുരേന്ദ്രന്‍ നായര്‍, സുരേഷ്‌ ബാബു, വിനോദ്‌ ബാഹുലേയന്‍, യൂത്ത്‌ മെമ്പര്‍ കേശവപിള്ള എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.namaha.org

2013 കെ.എച്ച്‌.എന്‍.എ കണ്‍വെന്‍ഷന്‍ ഫ്‌ളോറിഡയില്‍; ആനന്ദന്‍ നിരവേല്‍ പ്രസിഡന്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക