Image

കുഞ്ഞുമാണി ഇനി എന്നു കേന്ദ്രമന്ത്രിയാവും

ജി.കെ Published on 14 July, 2011
കുഞ്ഞുമാണി ഇനി എന്നു കേന്ദ്രമന്ത്രിയാവും
അങ്ങനെ കാത്തുകാത്തിരുന്ന കേന്ദ്രമന്ത്രിസഭാ വികസനം മന്‍മോഹന്‍ജി പൂര്‍ത്തിയാക്കിയാക്കിയിരുന്നു. മുഖച്ഛായ മാറ്റിയാലെങ്കിലും പ്രതിച്ഛായ മാറുമോ എന്ന മന്‍മോഹന്‍ജിയുടെ സത്യാന്വേഷണ പരീക്ഷണത്തെ ആകാംക്ഷയോടെ കാത്തിരുന്ന കേരളത്തെയും വിശേഷിച്ച്‌ മാണി സാറെയും നിരാശരാക്കിയാണ്‌ സര്‍ദാര്‍ജി മന്ത്രിസഭ വികസിപ്പിച്ചത്‌. കോട്ടയത്തിന്റെ കുഞ്ഞുമാണിയെ ഇത്തവണ കേന്ദ്രമന്ത്രിയാക്കാമെന്ന്‌ സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ നേതാക്കള്‍ നല്‍കിയ ഉറപ്പ്‌ കുറുപ്പിന്റെ ഉറപ്പാണെന്ന്‌ പാവം മാണി സാര്‍ പോലും കരുതിയിരിക്കില്ല.

വയസ്‌ 70 കഴിഞ്ഞ മാണി സാര്‍ക്ക്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നതിനു മുമ്പ്‌ സത്യം പറഞ്ഞാല്‍ ആകെ ഒരേയൊരു ആഗ്രഹങ്ങളേ അവശേഷിച്ചിരുന്നുള്ളു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവിയില്‍ ഒരു ദിവസത്തേങ്കിലും ഒന്നിരിക്കുക എന്നത്‌ മാത്രം. സംസ്ഥാനത്തെ ഒരുവിധപ്പെട്ട മന്ത്രി സ്ഥാനങ്ങളെല്ലാം വഹിച്ച തനിക്ക്‌ തീര്‍ച്ചയായും അര്‍ഹതപ്പെട്ടപദവിയാണതെന്ന്‌ മാണി സാര്‍ തീര്‍ത്തു വിശ്വസിച്ചുവെങ്കില്‍ അതിന്‌ അദ്ദേഹത്തെ കുറ്റം പറയാനാവില്ല.

മുഖ്യമന്ത്രിയാവാന്‍ ഏറ്റവും യോഗ്യന്‍ സഖാവ്‌ അച്യുതാനന്ദനാണെന്നൊക്കെ ജനങ്ങള്‍ അഭിപ്രായ സര്‍വെയില്‍ പറയുമെങ്കിലും കഴിവും അനുഭവസമ്പത്തും രാഷ്‌ട്രീയ തന്ത്രജ്ഞതയും നോക്കിയാല്‍ പാലാ മെംബറെ കഴിച്ചേ ആ പദവിയിലേക്ക്‌ കുഞ്ഞൂഞ്ഞിന്‌ പോലും യോഗ്യതയുള്ളൂ. അതുകൊണ്‌ടു തന്നെയാണ്‌ കേരളാ കോണ്‍ഗ്രസ്‌ ഐക്യമെന്ന പേരില്‍ ജോസഫിനെയും പി.സി.ജോര്‍ജിനെയുമെല്ലാം തെരഞ്ഞെടുപ്പിനു മുമ്പേ കൂടെ കൂട്ടിയത്‌. ഒരുവഴിക്ക്‌ പോകുമ്പോള്‍ ഒരാള്‍ക്കൂട്ടം കൂടെയുള്ളത്‌ നല്ലതാണല്ലൊ.

തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ 23 സീറ്റ്‌ വേണമെന്നൊക്കെ പറഞ്ഞ്‌ കണ്ണുരുട്ടിയെങ്കിലും കുഞ്ഞൂഞ്ഞും കൂട്ടരും പേടിച്ചില്ലെന്ന്‌ മാത്രമല്ല 15 സീറ്റില്‍ ഒതുങ്ങേണ്‌ടിയും വന്നു. ഒടുവില്‍ ജോസഫും ജോര്‍ജും അടക്കം ഒമ്പത്‌ എംഎല്‍എമാരുമായി നിയമസഭയില്‍ തിരിച്ചെത്തിയ മാണി സാര്‍ക്ക്‌ മുഖ്യമന്ത്രി പോയിട്ട്‌ ഉപമുഖ്യമന്ത്രിപോലും സ്വപ്‌നം കാണാനുമായില്ല. അങ്ങനെയാണ്‌ ധനകാര്യവകുപ്പില്‍ തന്നെ പിടിമുറുക്കുന്നതും മൂന്നു മന്ത്രിമാര്‍ക്കുവേണ്‌ടി പിടിവാശി പിടിക്കുന്നതും.

മൂന്നെണ്ണം കിട്ടില്ലെന്ന്‌ അറിഞ്ഞുകൊണ്‌ടു തന്നെയാണ്‌ മാണി സാര്‍ വിലപേശിയത്‌. മൂന്നെണ്ണം ചോദിച്ച്‌ ഒത്തുതീര്‍പ്പെന്ന പേരില്‍ മകന്‌ കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പാക്കാമെന്നും ജോര്‍ജിനെ ഡെപ്യൂട്ടി സ്‌പീക്കറാക്കി ഷണ്‌ഢനാക്കാമെന്നും മാണി സാര്‍ കണക്കുക്കൂട്ടി. എന്നാല്‍ മാണി സാര്‍ കൂട്ടിയ കണക്കാണെങ്കിലും എപ്പോഴും ശരിയാവണമെന്നില്ലല്ലോ. ഡെപ്യൂട്ടി സ്‌പീക്കറാവാനില്ലെന്ന്‌ ജോര്‍ജും പിടിവാശി പിടിച്ചതോടെ ചീഫ്‌ വിപ്പ്‌ പദവി മേടിച്ച്‌ അടുത്ത കേന്ദ്രമന്ത്രിസഭാ വികസനത്തില്‍ കുഞ്ഞുമാണിക്ക്‌ ഒരു കേന്ദ്രസഹമന്ത്രി സ്ഥാനവും ഉറപ്പാക്കി എല്ലാം ശുഭമെന്ന്‌ കരുതിയിരിക്കുമ്പോഴാണ്‌ ഇടിത്തീ പോലെ കേന്ദ്രത്തില്‍ മാഡവും സര്‍ദാര്‍ജിയും കൂടി കൂട്ടിക്കിഴിച്ചും വെട്ടിത്തിരുത്തിയും മന്ത്രിമാരേവണ്‌ടവരുടെ ഒരു പട്ടിക ഉണ്‌ടാക്കിയത്‌.

അതിലെവിടെയും കുഞ്ഞുമാണിയുടെ പേരില്ല എന്നറിഞ്ഞപ്പോഴാണ്‌ ജോര്‍ജിനെ മാണി ചതിച്ചാല്‍ മാണിയെ മാഡം ചതിക്കുമെന്ന്‌ പാവം പാലാ മെംബര്‍ മനസ്സിലാക്കിയത്‌. സംസ്ഥാനത്തു നിന്നുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ തന്നെ കുഞ്ഞുമാണിയുടെ പേര്‌ മന്ത്രിപ്പട്ടികയില്‍ നിന്ന്‌ വെട്ടാന്‍ മാഡത്തോടും മന്‍മോഹനോടും ശുപാര്‍ശ ചെയ്‌തു എന്നാണ്‌ ഏറ്റവും പുതിയ റിപ്പോര്‍ട്ട്‌. അതിന്‌ കുഞ്ഞൂഞ്ഞിന്റെ അനുഗ്രഹാശിസ്സുകളുണ്‌ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്‌ട്‌.

എന്തായാലും ഒരിക്കല്‍ കൂടി ഒഴിവാക്കപ്പെട്ടതോടെ മകനെ കേന്ദ്രമന്ത്രിയായി കണ്‌ട്‌ കണ്ണടയ്‌ക്കാമെന്ന മാണി സാറുടെ മോഹം ഇനി അടുത്തകാലത്തൊന്നും സാക്ഷാത്‌കരിക്കാന്‍ പോവുന്നില്ല എന്നകാര്യം ഏതാണ്‌ട്‌ ഉറപ്പായി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പുള്ള അവസാന മുഖം മിനുക്കലായിരിക്കുമിതെന്ന്‌ മന്‍മോഹന്‍ജി തന്നെ സൂചന നല്‍കിക്കഴിഞ്ഞു. അങ്ങനെയെങ്കില്‍ ഇനിയൊരു മൂന്നുവര്‍ഷം കൂടി കാത്തിരിക്കുക എന്നത്‌ മാണി സാറെ പോലെ കുഞ്ഞുമാണിക്കും ചിന്തിക്കാന്‍ കഴിയുന്ന കാര്യമല്ല.

കാരണം കേന്ദ്രത്തില്‍ നിന്ന്‌ ഒരോ ദിവസവും പുറത്തുവരുന്ന അഴിമതിക്കഥകള്‍ കേള്‍ക്കുമ്പോള്‍ 2014ലും ഡല്‍ഹിയ്‌ക്ക്‌ വീണ്‌ടും വിമാനം കയറാനാകുമെന്ന്‌ കുഞ്ഞുമാണിക്കുപോലും വലിയ ഉറപ്പില്ല. കഴിഞ്ഞതവണ സഖാവ്‌ സുരേഷ്‌ കുറുപ്പിനെ തോല്‍പ്പിക്കാന്‍ ശക്തമായ ഇടതുവിരുദ്ധ തരംഗത്തിന്റെ പിന്തുണയുണ്‌ടായിരുന്നു. ഇനി വരുന്ന തെരഞ്ഞെടുപ്പിലും അതുണ്‌ടാവുമെന്ന്‌ യാതൊരു ഉറപ്പുമില്ല. അങ്ങിനെ വന്നാല്‍ വീണ്‌ടുമൊരു അഞ്ചുവര്‍ഷം കൂടി കാത്തിരിക്കേണ്‌ടിവരും. അതായയത്‌ മാണി സാറുടെ കണ്ണടയുന്നതിനു മുമ്പ്‌ മകനെ ഒരു കരയ്‌ക്കെത്തിക്കാമെന്ന്‌ കരുതിയാല്‍ ഉടനൊന്നും നടക്കുന്ന ലക്ഷണമില്ല.

ഇതിനിടയ്‌ക്കാണ്‌ കഷ്‌ടപ്പെട്ടു പഠിച്ച ഋഗ്വേദ സൂക്തങ്ങളെപ്പോലും വകവെയ്‌ക്കാതെ ചില കോണ്‍ഗ്രസുകാര്‍ ബജറ്റില്‍ തിരുത്തണമെന്നും വെട്ടണമെന്നും പറഞ്ഞും രംഗത്തുവന്നിരിക്കുന്നത്‌. കൂടാതെ തന്റെ വകുപ്പില്‍ കൈയേറ്റം നടത്തിയെന്ന്‌ പറഞ്ഞ്‌ തിരവഞ്ചൂര്‍ രാധാകൃഷ്‌ണനും മാണി സാര്‍ക്കെതിരെ കുഞ്ഞൂഞ്ഞിന്‌ പരാതി നല്‍കിയിരിക്കുന്നു. ഈ അവസരത്തില്‍ കോണ്‍ഗ്രസിനെ തല്ലാനും തലോടാനും വയ്യ. അതുകൊണ്‌ടു കുഞ്ഞുമാണിയെ ഒഴിവാക്കിയതിനെതിരെ കോണ്‍ഗ്രസിനെ നോക്കി കണ്ണുരുട്ടാമെന്ന്‌ നിനച്ചാല്‍ അതുംനടക്കില്ല. അതുകൊണ്‌ട്‌ മാണി സാര്‍ക്ക്‌ ശിഷ്‌ടകാലം ധനകാര്യവകുപ്പ്‌ നോക്കി കാലം കഴിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക