Image

`മലയാളത്തിന്‌ ഒരുപിടി ഡോളറു`മായി ഫോമ

ബിനോയി തോമസ്‌ Published on 14 July, 2011
`മലയാളത്തിന്‌ ഒരുപിടി ഡോളറു`മായി ഫോമ
ലോസ്‌ആഞ്ചലസ്‌: അന്താരാഷ്‌ട്ര ശ്രദ്ധനേടിയ `ബ്രിംഡ്‌ജിംഗ്‌ ഓഫ്‌ ദ മൈന്‍ഡ്‌സ്‌' പദ്ധതിയുടെ വന്‍ വിജയത്തിനുശേഷം `മലയാളത്തിന്‌ ഒരുപിടി ഡോളര്‍' എന്ന ബഹൃത്ത്‌ പദ്ധതിയുമായി ഫോമ വീണ്ടും ജനശ്രദ്ധനേടുന്നു.

മലയാള ഭാഷയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തിന്‌ ഒരു കൈത്താങ്ങായാണ്‌ മലയാളത്തിന്‌ ഒരുപിടി ഡോളര്‍ പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്‌. കേരളത്തിലെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും, മലയാളം എംഫില്‍, എം.എ, ബി.എ എന്നീ കോഴ്‌സുകള്‍ക്ക്‌ റാങ്ക്‌ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കുക എന്നതാണ്‌ ഈ പദ്ധതിയുടെ ഒരു ലക്ഷ്യം. അമേരിക്കയില്‍ മലയാളികള്‍ കൂടുതല്‍ വസിക്കുന്ന സ്ഥലങ്ങളിലെ പബ്ലിക്‌ ലൈബ്രറിയില്‍ മലയാളം പുസ്‌തകങ്ങള്‍ നല്‍കുക, യൂണിവേഴ്‌സിറ്റിയില്‍ ക്രെഡിറ്റ്‌ ലഭിക്കുന്ന വിധം മലയാളം ക്ലാസ്‌ ആരംഭിക്കുക എന്നീ കാര്യങ്ങളും ഈ നൂതന പദ്ധതിയുടെ ലക്ഷ്യമാണ്‌.

യോങ്കേഴ്‌സ്‌ ലൈബ്രറിയില്‍ ഫോമ ഇതിനോടൊപ്പം പുസ്‌തകങ്ങള്‍ സംഭാവന ചെയ്‌തിരുന്നു. മേരിലാന്റിലെ ഹാവാര്‍ഡ്‌ കൗണ്ടിയും, ഫോമയും തമ്മില്‍ കാപ്പിറ്റല്‍ റീജിയണിലെ പുസ്‌തകങ്ങള്‍ സംഭാവന ചെയ്യുവാനുള്ള ധാരണയായിട്ടുമുണ്ട്‌. ന്യൂജേഴ്‌സിയിലെ പ്രശസ്‌തമായ റഗ്ഗേഴ്‌സ്‌ യൂണിവേഴ്‌സിറ്റിയില്‍ മലയാളം ക്ലാസ്‌ ആരംഭിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയും ചെയ്യുന്നു.

ഫോമയുടെ നാഷണല്‍ അഡൈ്വസറി കൗണ്‍സിലാണ്‌ `മലയാളത്തിന്‌ ഒരുപിടി ഡോള'റിന്റെ മേല്‍നോട്ടം വഹിക്കുന്നത്‌. വെറുമൊരു അഡൈ്വസറി സമിതിയായി ഒതുങ്ങാതെ, ഫോമയുടെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാനുള്ള, നാഷണല്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ്‌ അഡൈ്വസറി കൗണ്‍സില്‍ ഈ ചുമതല ഏറ്റെടുന്നതെന്ന്‌ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ രാജു വര്‍ഗീസ്‌ അറിയിച്ചു.

`മലയാളത്തിന്‌ ഒരുപിടി ഡോളര്‍' പദ്ധതിക്ക്‌ 15,000 ഡോളറാണ്‌ ഫോമ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. ഈ തുക ജനപങ്കാളിത്തത്തോടെ രൂപീകരിക്കാനാണ്‌ ഉദ്ദേശമെന്ന്‌ അഡൈ്വസറി കൗണ്‍സില്‍ സെക്രട്ടറി സാം ഈശോ ഉമ്മന്‍ അറിയിച്ചു. 5 ഡോളര്‍ വീതം സംഭാവന നല്‍കാവുന്ന കൂപ്പണുകള്‍ പ്രിന്റുചെയ്‌തു കഴിഞ്ഞു. ധനസമാഹരണത്തിന്റെ ഉദ്‌ഘാടനം ഉടന്‍ ഹൂസ്റ്റണില്‍ നടത്താനും തീരുമാനിച്ചതായി സാം ഈശോ ഉമ്മന്‍ അറിയിച്ചു.

രാജു വര്‍ഗീസ്‌ (ചെയര്‍മാന്‍), സി.കെ. ജോര്‍ജ്‌ (വൈസ്‌ ചെയര്‍മാന്‍), സാം ഈശോ ഉമ്മന്‍ (സെക്രട്ടറി), ജോസ്‌ ഏബ്രഹാം (ജോയിന്റ്‌ സെക്രട്ടറി) എന്നിവരാണ്‌ ഫോമയുടെ നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ ഭാരവാഹികള്‍.
`മലയാളത്തിന്‌ ഒരുപിടി ഡോളറു`മായി ഫോമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക