Image

പാലായുടെ വികസനം: `യു.ഡി.എഫ്‌ ഗവണ്‍മെന്റിനും, ധനകാര്യമന്ത്രിക്കും അഭിനന്ദനങ്ങള്‍'

ജോയിച്ചന്‍ പുതുക്കുളം Published on 15 July, 2011
പാലായുടെ വികസനം: `യു.ഡി.എഫ്‌ ഗവണ്‍മെന്റിനും, ധനകാര്യമന്ത്രിക്കും അഭിനന്ദനങ്ങള്‍'
ഷിക്കാഗോ: യു.ഡി.എഫ്‌ ഗവണ്‍മെന്റിന്റെ ആദ്യ ബജറ്റില്‍ തന്നെ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സിന്തറ്റിക്‌ ട്രാക്ക്‌ നിര്‍മ്മിക്കുന്നതിനും, കോംപ്ലക്‌സിനും വേണ്ടി ഒരുകോടി രൂപ അനുവദിച്ച്‌ പാലായുടെ വികസനത്തിന്‌ വീണ്ടും ഒരു പുതിയ തുടക്കംകുറിച്ച ധനകാര്യമന്ത്രി കെ.എം. മാണിയേയും, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും പാലാക്കാരുടെ നോര്‍ത്ത്‌ അമേരിക്കയിലെ ദേശീയ സംഘടനാ ഭാരവാഹികള്‍ അഭിനന്ദിച്ചു.

ഒരുകാലത്ത്‌ നിരവധി ദേശീയ-സംസ്ഥാന കായിക മത്സരത്തിന്‌ വേദിയായിരുന്നിട്ടുള്ള പാലാ മുനിസിപ്പല്‍ സ്റ്റേഡിയം, സംസ്ഥാനത്ത്‌ ഒട്ടനവധി കായിക താരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. മീനച്ചില്‍ താലൂക്കിലെ സ്‌കൂള്‍, കോളജ്‌ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും വിവിധ സംഘടനകളുടെ താലൂക്ക്‌-ജില്ലാതല കായിക മത്സരങ്ങള്‍ക്കും സാക്ഷ്യംവഹിച്ചിട്ടുള്ള പാലാ മുനിസിപ്പല്‍ സ്റ്റേഡിയം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തകര്‍ച്ചയുടേയും അവഗണയുടേയും വക്കിലായിരുന്നു. സംരക്ഷണ ഭിത്തിയില്ലാതിരുന്നതുകൊണ്ട്‌ വെള്ളപ്പൊക്കംമൂലം സ്റ്റേഡിയത്തിന്റെ പുഴയോടു ചേര്‍ന്നുകിടക്കുന്ന പല ഭാഗങ്ങളും അടര്‍ന്നുപോയിട്ടുണ്ട്‌. വെളിച്ചക്കുറവുകൊണ്ടും, കാടുപിടിച്ചുകിടക്കുന്നതുകൊണ്ടും കായിക താരങ്ങള്‍ക്ക്‌ പരിശീലനത്തിനുവേണ്ടി മറ്റ്‌ പല പ്രദേശങ്ങളേയും ആശ്രയിക്കേണ്ടതായി വന്നിട്ടുണ്ട്‌. ഈ കുറവുകളെല്ലാം പരിഹരിച്ച്‌ പാലായെ കായിക താരങ്ങളുടേയും, കായികപ്രേമികളുടേയും കേന്ദ്രമാക്കി മാറ്റുന്നതാണ്‌ യു.ഡി.എഫ്‌ ഗവണ്‍മെന്റിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനം.

മുനിസിപ്പല്‍ സ്റ്റേഡിയം നന്നാക്കി ദേശീയ നിലവാരത്തിനോട്‌ കിടപിടിക്കുന്ന രീതിയില്‍ സിന്തറ്റിക്‌ ട്രാക്ക്‌ നിര്‍മ്മിച്ച്‌ പാലായ്‌ക്ക്‌ സമര്‍പ്പിക്കുവാന്‍ ധനകാര്യമന്ത്രി കാണിച്ച ആത്മാര്‍ത്ഥത പാലാ പട്ടണത്തിന്റെ വര്‍ഷങ്ങള്‍ക്കുശേഷമുള്ള വികസനത്തിന്റെ പാതയിലെ ആദ്യത്തെ പടിയാണ്‌. അതുപോലെതന്നെ ലിങ്ക്‌ റോഡുകള്‍ക്കും ബജറ്റില്‍ തുക വകകൊള്ളിച്ചിരിക്കുന്നത്‌ പാലായിലെ വീര്‍പ്പുമുട്ടുന്ന ട്രാഫിക്കിന്‌ ശാശ്വാത പരിഹാരമാണ്‌. ലിങ്ക്‌ റോഡുകള്‍ വരുന്നതോടുകൂടി പാലാ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറുന്നതാണ്‌.

പ്രഥമ ബജറ്റിലൂടെ പാലായ്‌ക്കും, കോട്ടയം ജില്ലയ്‌ക്കും വികസനത്തിന്റെ നിരവധി പ്രദ്ധതികള്‍ പ്രഖ്യാപിച്ച യു.ഡി.എഫ്‌ ഗവണ്‍മെന്റിനും അതിനു നേതൃത്വംകൊടുക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും, ധനകാര്യമന്ത്രി കെ.എം. മാണിക്കും പാലാക്കാരുടെ നോര്‍ത്ത്‌ അമേരിക്കയിലെ ദേശീയ സംഘടനയായ പാലാ അസോസിയേഷന്‍ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (പി.എ.എന്‍.എ)യുടെ ഭാരവാഹികളായ സന്തോഷ്‌ നായര്‍ (ഷിക്കാഗോ), ജോസഫ്‌ തോമസ്‌ (ഷാജി) നോര്‍ത്ത്‌ കരോളിന, മനോജ്‌ ജോസ്‌ (ഫിലാഡല്‍ഫിയ), സണ്ണി കാരയ്‌ക്കല്‍ (ഹൂസ്റ്റണ്‍), ബിനോയ്‌ എഫ്രേം (സാന്‍ഫ്രാന്‍സിസ്‌കോ), ജോസുകുട്ടി മുണ്ടയ്‌ക്കല്‍ (ന്യൂയോര്‍ക്ക്‌), സിബി പാറേക്കാട്ട്‌ (ഷിക്കാഗോ), ദീപക്‌ ആര്‍ (ഡാളസ്‌), റോഷന്‍ ബോബന്‍ (ന്യൂഹാംഷയര്‍), ജോര്‍ജ്‌ രാമപുരം (നാഷ്‌വെല്‍), സുരേഷ്‌ നായര്‍ (ഫ്‌ളോറിഡ), പ്രദീപ്‌ നാഗനൂലില്‍ (ന്യൂജേഴ്‌സി) തുടങ്ങിയവര്‍ അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തി.
പാലായുടെ വികസനം: `യു.ഡി.എഫ്‌ ഗവണ്‍മെന്റിനും, ധനകാര്യമന്ത്രിക്കും അഭിനന്ദനങ്ങള്‍'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക