Image

യോങ്കേഴ്‌സില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി സമ്മര്‍ യോഗാ ക്യാമ്പ്‌ നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 17 July, 2011
യോങ്കേഴ്‌സില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി സമ്മര്‍ യോഗാ ക്യാമ്പ്‌ നടത്തി
ന്യൂയോര്‍ക്ക്‌: യോങ്കേഴ്‌സിലെ ഇന്തോ-അമേരിക്കന്‍ യോഗാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെച്ച്‌ യോങ്കേഴ്‌സ്‌ പബ്ലിക്‌ സ്‌കൂള്‍ 14-ലെ കുട്ടികള്‍ക്കുവേണ്ടി യോഗാ ക്യാമ്പ്‌ യോഗാ ഗുരു തോമസ്‌ കൂവള്ളൂരിന്റെ മേല്‍നോട്ടത്തില്‍ ജൂലൈ ഒന്നിന്‌ നടത്തുകയുണ്ടായി. പങ്കെടുത്തവരെല്ലാം അമേരിക്കന്‍ കുട്ടികള്‍ ആയിരുന്നു എന്നുള്ളത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌. യോഗ ഇന്ത്യയില്‍ രൂപംകൊണ്ടതാണ്‌ എന്ന്‌ ഇന്ത്യക്കാരായ നാം അഭിമാനിക്കുന്നുവെങ്കിലും ഇന്ത്യക്കാരുടെ കുട്ടികള്‍ പൊതുവെ യോഗയില്‍ വൈമുഖ്യം കാണിക്കുന്നു എന്നു മനസിലാക്കാന്‍ കഴിയും. അതേസമയം അമേരിക്കയില്‍ മാതാപിതാക്കളും കുട്ടികളും ഒരുപോലെ യോഗയില്‍ താത്‌പര്യം കാണിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതിന്‌ ഒരു തെളിവായിരുന്നു ഈ ക്യാമ്പ്‌.

സമ്മര്‍ ക്യാമ്പുകള്‍ നടത്തുന്നതിന്‌ സ്‌കൂളുകള്‍ക്ക്‌ ഫണ്ടില്ലാതെ വിഷമിക്കുന്ന ഈ അവസരത്തില്‍ മാതാപിതാക്കള്‍ അതിനുള്ള ചിലവ്‌ വഹിക്കാന്‍ മുന്നോട്ടുവന്നതിനാലാണ്‌ ഇത്തരത്തില്‍ യോഗ്യാ ക്യാമ്പ്‌ നടത്താന്‍ കഴിഞ്ഞതെന്ന്‌ സ്‌കൂള്‍ ഡയറക്‌ടര്‍ ലിസാ എര്‍ബി എന്ന ആഫ്രിക്കന്‍ വംശജ പ്രത്യേകം ചൂണ്ടിക്കാണിക്കുകയുണ്ടായി. അവരുടെ ആവശ്യപ്രകാരമാണ്‌ ഇടയ്‌ക്കിടെ ഇത്തരത്തിലുള്ള ക്യാമ്പുകള്‍ നടത്തുന്നത്‌. ഓഗസ്റ്റ്‌ മാസത്തിലും ഒരു യോഗാ ക്യമ്പ്‌ നടത്തണമെന്ന്‌ അവര്‍ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്‌. ക്യാമ്പില്‍ പങ്കെടുത്ത 20-ല്‍പ്പരം കുട്ടികള്‍ യോഗയിലുള്ള തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുകയുണ്ടായി. യോഗയിലൂടെ കുട്ടികളില്‍ അച്ചടക്കം സ്ഥാപിക്കാന്‍ കഴിഞ്ഞുവെന്ന്‌ ക്യാമ്പിന്‌ നേതൃത്വം നല്‍കിയ മോണിറ്റേഴ്‌സ്‌ പറയുകയുണ്ടായി.

ജീവിതത്തില്‍ താന്‍ ആര്‍ജ്ജിച്ച കഴിവുകള്‍ മറ്റുള്ളവര്‍ക്ക്‌ പകര്‍ന്നുകൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ്‌ ഇത്തരത്തില്‍ ഒരു സ്ഥാപനം തുടങ്ങാന്‍ കാരണമെന്ന്‌ തോമസ്‌ കൂവള്ളൂര്‍ പറയുകയുണ്ടായി.

യോഗ ഇന്ന്‌ ഏത്‌ ജാതിയിലും മതത്തിലും പെട്ടവര്‍ക്ക്‌ പഠിക്കാനും പഠിപ്പിക്കാനും കഴിയുമെന്നും, ആധുനിക മനുഷ്യന്‌ യോഗ വളരെ ഗുണപ്രദമായ ഒന്നാണെന്നും, നിത്യജീവിതത്തില്‍ നമുക്കുണ്ടാകുന്ന പല രോഗങ്ങള്‍ക്കും പ്രതിവിധി യോഗയിലുണ്ടെന്നും ഇന്ന്‌ കുട്ടികള്‍വരെ മനസ്സിലാക്കിയിരിക്കുന്നു. മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പ്‌ യോങ്കേഴ്‌സില്‍ യോഗ പഠിപ്പിക്കുന്ന ഏക സ്ഥാപനം ഇന്തോ- അമേരിക്കന്‍ യോഗാ ഇന്‍സ്റ്റിറ്റിയൂട്ട്‌ മാത്രമായിരുന്നുവെന്നും എന്നാല്‍ ഇന്ന്‌ യോങ്കേഴ്‌സില്‍ തന്നെ ഇരുപതിലധികം യോഗാ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, അവരെല്ലാംതന്നെ അമേരിക്കക്കാര്‍ ആണെന്നുള്ളതും യോഗയില്‍ അമേരിക്കക്കാര്‍ക്കുള്ള കമ്പം വിളിച്ചോതുന്നു.

വൈറ്റ്‌പ്ലെയിന്‍സിലുള്ള ശാന്തിഗ്രാം ആയുര്‍വേദ കേന്ദ്രത്തില്‍ രോഗികള്‍ക്കുവേണ്ടി പ്രത്യേക ക്ലാസുകള്‍ യോഗാ ഗുരു തോമസ്‌ കൂവള്ളൂര്‍ സമയമുള്ളപ്പോള്‍ നടത്താറുണ്ട്‌. രോഗമില്ലാത്തവരേക്കാള്‍ യോഗ കൂടുതല്‍ പ്രയോജനപ്പെടുന്നത്‌. രോഗമുള്ളവര്‍ക്കാണെന്നും അദ്ദേഹം ഒരു അഭിമുഖ സംഭാഷണത്തില്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 914 237 5281, വെബ്‌സൈറ്റ്‌: indoamericanyogainstitute.com
യോങ്കേഴ്‌സില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി സമ്മര്‍ യോഗാ ക്യാമ്പ്‌ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക