Image

അഡ്വ. ടി.പി.സുന്ദരരാജന്‍ (70) അന്തരിച്ചു

Published on 17 July, 2011
അഡ്വ. ടി.പി.സുന്ദരരാജന്‍ (70) അന്തരിച്ചു

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് കണക്കെടുപ്പിന് കാരണക്കാരനായ ഹര്‍ജിക്കാരനും മുന്‍ ഐ.പി.എസ്. ഓഫീസറുമായ അഡ്വ. ടി.പി.സുന്ദരരാജന്‍ (70) അന്തരിച്ചു. ശനിയാഴ്ച്ച അര്‍ധരാത്രിയോടെയാണ് അന്ത്യം സംഭവിച്ചത്.

രണ്ടുദിവസമായി പനിബാധിച്ചു കിടപ്പിലായിരുന്നു. ശനിയാഴ്ച രാത്രി 12.45ന് തിരുവനന്തപുരം ഫോര്‍ട്ട് പടിഞ്ഞാറേനട 'ശരണാഗതി'യിലാണ് അന്ത്യം. മരണസമയത്ത് സഹോദരന്‍ ടി.പി. കൃഷ്ണനും മകന്‍ അനന്തപത്മനാഭനും സമീപത്തുണ്ടായിരുന്നു. സംസ്‌കാരം ഞായറാഴ്ച രാവിലെ എട്ടിന് പുത്തന്‍കോട്ട ശ്മശാനത്തില്‍.

അദ്ദേഹം സുപ്രീംകോടതി വരെ നടത്തിയ നിയമയുദ്ധത്തെ തുടര്‍ന്നാണ് സ്വത്തുക്കള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കാരണമായത്. 1964 ബാച്ച് ഐ.പി.എസ്. ഓഫീസറായ അവിവാഹിതനായ സുന്ദരരാജന്‍ ഏറെക്കാലം ഡല്‍ഹിയില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ ഉദ്യോഗസ്ഥനായിരുന്നു. നിയമബിരുദവും നേടിയിട്ടുണ്ട്.

കുറച്ചുകാലമായി ക്ഷേത്രപരിസരത്ത് പ്രാര്‍ത്ഥനയും ക്ഷേത്രാരാധനയുമായി കഴിയുകയായിരുന്നു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് അവരുടെ സുരക്ഷാവിഭാഗത്തില്‍ ജോലി ചെയ്തിട്ടുണ്ട്. പിന്നീട് അച്ഛനെ ശുശ്രൂഷിക്കുന്നതിനായി ജോലി ഉപേക്ഷിച്ച് നാട്ടിലേക്കുവന്നു.

തുടര്‍ന്ന് അഭിഭാഷകവൃത്തി സ്വീകരിച്ചു. 


തലമുറകളായി തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ നിയമോപദേശകരായിരുന്നു സുന്ദരരാജന്റെ തറവാട്ടുകാര്‍. ക്ഷേത്രത്തിലെ സ്വത്ത് വിവാദം സംബന്ധിച്ച് കേസുകള്‍ക്കായി സുന്ദരരാജന്‍ കോടതി കയറിയപ്പോള്‍ നിരവധി ഭീഷണികളും വീടിന് നേരെ അക്രമവും നേരിടേണ്ടിവന്നിരുന്നു. മരുമകനായ അഡ്വ. അനന്തപത്മനാഭനാണ് കേസ് വാദിക്കാനായി കോടതിയില്‍ ഹാജരാകാറുള്ളത്.

അഡ്വ. ടി.പി.സുന്ദരരാജന്‍ (70) അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക