Image

സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ ഈസ്റ്റ്‌ ആംഗ്ലിയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കേംബ്രിഡ്‌ജില്‍ തുടക്കം

ജോയിച്ചന്‍ പുതുക്കുളം Published on 22 July, 2011
സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ ഈസ്റ്റ്‌ ആംഗ്ലിയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കേംബ്രിഡ്‌ജില്‍ തുടക്കം
കേംബ്രിഡ്‌ജ്‌: സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ ഈസ്റ്റ്‌ ആംഗ്ലിയ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ജൂലൈ മാസം 18-ന്‌ തിങ്കളാഴ്‌ച കേംബ്രിഡ്‌ജ്‌ സെന്റ്‌ ഫിലിപ്പ്‌സ്‌ ഹൊവാര്‍ഡ്‌ ചര്‍ച്ചില്‍ വെച്ച്‌ സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പുമായ അഭിവന്ദ്യ മാര്‍ മാത്യു അറയ്‌ക്കല്‍ ഉദ്‌ഘാടനം ചെയ്‌ത്‌ തുടക്കംകുറിച്ചു. കേബ്രിഡ്‌ജില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ പിതാവിനേയും, അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യനേയും, സെന്റ്‌ ഫിലിപ്പ്‌സ്‌ ചര്‍ച്ച്‌ വികാരി മോണ്‍. യൂജിന്‍ ഹാര്‍ക്ക്‌നെസ്സും, സീറോ മലബാര്‍ സഭ ഈസ്റ്റ്‌ ആംഗ്ലിയ ചാപ്ലയിന്‍ ഫാ. മാത്യു വണ്ടാളക്കുന്നേലും, സീറോ മലബാര്‍ സഭാ വിശ്വാസികളും ചേര്‍ന്ന്‌ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉജ്വലവരവേല്‍പ്‌ നല്‍കി. തുടര്‍ന്ന്‌ നടന്ന ആഘോഷമായ ദിവ്യബലിയില്‍ മാര്‍ മാത്യു അറയ്‌ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. അല്‌മായ സമ്മേളനത്തില്‍ അല്‌മായ കമ്മീഷന്‍ ഈസ്റ്റ്‌ ആംഗ്ലിയ റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ അഭിവന്ദ്യ പിതാവ്‌ ഉദ്‌ഘാടനം ചെയ്‌തു.

ഉദ്‌ഘാടന പ്രസംഗത്തില്‍ വിദേശ രാജ്യങ്ങളില്‍ കഴിയുന്ന സീറോ മലബാര്‍ സഭാ വിശ്വാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും അവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്യുവാനും അല്‌മായ കമ്മീഷന്‍ പ്രതിജ്ഞാബദ്ധമാണെന്ന്‌ അഭിവന്ദ്യ പിതാവ്‌ പ്രഖ്യാപിക്കുകയുണ്ടായി. സീറോ മലബാര്‍ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ അല്‌മായ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ മുഖ്യ പ്രഭാഷണം നടത്തി. മോണ്‍സിഞ്ഞോര്‍ യൂജിന്‍ ഹാര്‍ക്കനെസ്‌, ഫാ. മാത്യു വണ്ടാളക്കുന്നേല്‍, അഡ്വ. ജോസഫ്‌ ചാക്കോ, ജോസഫ്‌ ചെറിയാന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഈസ്റ്റ്‌ ആംഗ്ലിയ റീജിയന്റെ വിവിധ ഭാഗങ്ങളായ പീറ്റര്‍ബറോ, ഇപ്‌സ്‌വിച്ച്‌, നോര്‍വിച്ച്‌, പാപ്‌വര്‍ത്ത്‌, ഗ്രേറ്റ്‌ യാര്‍മൊത്ത്‌, ബെഡ്‌ഫോര്‍ഡ്‌, സെന്റ്‌ബറി എഡ്‌മണ്ട്‌സ്‌ തുടങ്ങിയ സ്ഥലങ്ങളിലെ പ്രതിനിധികളും കേംബ്രഡ്‌ജിലെ സീറോ മലബാര്‍ സഭാ വിശ്വാസികളും സമ്മേളനത്തില്‍ പങ്കെടുത്തു. ബെഡ്‌ഫോര്‍ഡ്‌ റിഥത്തിന്റെ വാദ്യമേളം പരിപാടിക്ക്‌ കൊഴുപ്പേകി. പരിപാടികള്‍ക്ക്‌ ടോം ജോസഫ്‌ സാബു, റോബിന്‍ കുര്യാക്കോസ്‌, തോമസ്‌ ചെറിയാന്‍, റോയിമോന്‍, ലിനി ജോസഫ്‌, ഓമന ജോസ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ ഈസ്റ്റ്‌ ആംഗ്ലിയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കേംബ്രിഡ്‌ജില്‍ തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക