Image

റൈറ്റേഴ്‌സ്‌ ഫോറം സെമിനാര്‍ സമാപിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 22 July, 2011
റൈറ്റേഴ്‌സ്‌ ഫോറം സെമിനാര്‍ സമാപിച്ചു
ഡാളസ്‌: കേരള പെന്തക്കോസ്‌ത്‌ റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ ഡാളസ്‌ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ വിജയകരമായി സമാപിച്ചു. ജൂലൈ 17-ന്‌ മെസ്‌ക്വീറ്റിലുള്ള ശാരോണ്‍ ഫെലോഷിപ്പ്‌ ഹാളില്‍ വെച്ച്‌ നടന്ന സമ്മേളനം ഗുഡ്‌ന്യൂസ്‌ ചീഫ്‌ എഡിറ്റര്‍ സി.വി. മാത്യു ഉദ്‌ഘാടനം ചെയ്‌തു. പെന്തക്കോസ്‌ത്‌ വിശ്വാസത്തിന്റെ ആദ്യകാലത്തുണ്ടായിരുന്ന നൈര്‍മല്യതയിലേക്ക്‌ സഭ വീണ്ടും മടങ്ങിവരണമെന്ന്‌ അദ്ദേഹം സദസ്സിനെ ഉത്‌ബോധിപ്പിച്ചു.

തുടര്‍ന്ന്‌ സാംകുട്ടി ചാക്കോ നിലമ്പൂര്‍ (ചീഫ്‌ എഡിറ്റര്‍, ഹല്ലേലുയ്യ) പ്രബന്ധം അവതരിപ്പിച്ചു. `ഭാരത പെന്തക്കോസ്‌തിന്റെ ചരിത്രവും, വര്‍ത്തമാനവും' എന്ന വിഷയത്തെ ആസ്‌പദമാക്കി കഴിഞ്ഞ ഇരുപത്‌ നൂറ്റാണ്ടുകളിലൂടെയുള്ള പെന്തക്കോസ്‌ത്‌ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയേയും വിശ്വാസത്തേപ്പറ്റിയും അദ്ദേഹം സവിസ്‌തരം വിവരിച്ചു. തുടര്‍ന്ന്‌ നടന്ന ചര്‍ച്ചയ്‌ക്ക്‌ ക്രൈസ്‌തവ ചിന്ത പത്രത്തിന്റെ എഡിറ്റര്‍ കെ.എന്‍. റസ്സല്‍ നേതൃത്വം നല്‍കി. പാസ്റ്റര്‍ പി.പി. യൂരിയന്‍, പാസ്റ്റര്‍ ഷിബു തോമസ്‌, വെസ്ലി മാത്യു, ബെഞ്ചമിന്‍ ഇടക്കര, എസ്‌.പി. ജയിംസ്‌, രാജന്‍ പരുത്തിമൂട്ടില്‍, ജോണ്‍ ഏബ്രഹാം, റോയി, ജോര്‍ജ്‌ കുട്ടി, ബോബി തോമസ്‌, സജി ചെല്ലേത്ത്‌ തുടങ്ങി വിവിധ നിലകളില്‍ സഭാ-സാഹിത്യ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ സജീവമായി ചര്‍ച്ചയില്‍ പങ്കെടുത്തു.

പാസ്റ്റര്‍ വീയപുരം ജോര്‍ജുകുട്ടി അധ്യക്ഷതവഹിച്ച യോഗത്തില്‍ രാജു തരകന്‍ (പ്രസിഡന്റ്‌) സ്വാഗതവും , തോമസ്‌ മുല്ലയ്‌ക്കല്‍ (സെക്രട്ടറി) നന്ദിയും പറഞ്ഞു. സോളമന്‍ വര്‍ഗീസ്‌ ആന്‍ഡ്‌ ടീമിന്റെ ശ്രുതിമധുരമായ ഗാനങ്ങള്‍ സെമിനാറിന്‌ ആത്മീയ ചൈതന്യം പകര്‍ന്നു.
റൈറ്റേഴ്‌സ്‌ ഫോറം സെമിനാര്‍ സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക