Image

ഗുലാംനബി ഫായിക്കൊപ്പം വേദി പങ്കിട്ടവരില്‍ ഒട്ടേറെ ഇന്ത്യന്‍ പ്രമുഖര്‍

Published on 22 July, 2011
ഗുലാംനബി ഫായിക്കൊപ്പം വേദി പങ്കിട്ടവരില്‍ ഒട്ടേറെ ഇന്ത്യന്‍ പ്രമുഖര്‍

പാക് ചാരസംഘടനയായ ഐ.എസ്.ഐ.ക്കുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമേരിക്കയില്‍ പിടിയിലായ കശ്മീര്‍ വിഘടനവാദി ഗുലാംനബി ഫായിക്കൊപ്പം വേദി പങ്കിട്ടവരില്‍ ഒട്ടേറെ ഇന്ത്യന്‍ പ്രമുഖര്‍.

ജമ്മുകശ്മീര്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗസംഘത്തിലെ ഒരാളായ ദിലീപ് പട്‌ഗോങ്കറും ഇവരിലുള്‍പ്പെടുന്നു. അമേരിക്കയുടെ കശ്മീര്‍ നയത്തെ സ്വാധീനിക്കാന്‍വേണ്ടി ഐ.എസ്.ഐ.യുടെ ഏജന്റായി പ്രവര്‍ത്തിച്ചതിനാണ് ഫായിയെ എഫ്.ബി.ഐ. അറസ്റ്റ് ചെയ്തത്. വാഷിങ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന കശ്മീരി അമേരിക്കന്‍ കൗണ്‍സില്‍ എന്ന സന്നദ്ധസംഘടനയുടെ പേരില്‍ സംഘടിപ്പിച്ച സെമിനാറുകളിലും ചര്‍ച്ചകളിലുമാണ് ഇന്ത്യയില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തതെന്ന് ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍, മാധ്യമപ്രവര്‍ത്തകരായ കുല്‍ദീപ് നയ്യാര്‍, ഹരീന്ദര്‍ ബവേജ, സാമൂഹിക പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലഖ, ജെ.എന്‍.യു. അധ്യാപകന്‍ പ്രൊഫ. കമല്‍മിത്ര ഷിനോയ്, രാഷ്ട്രീയനിരീക്ഷകനും എഴുത്തുകാരനുമായ പ്രഫുല്‍ ബിദ്വായ് തുടങ്ങിയവരാണ് ഫായിക്കൊപ്പം വേദി പങ്കിട്ട പ്രമുഖര്‍. 2005-ലാണ് ദിലീപ് പട്‌ഗോങ്കര്‍ ഫായ് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തത്. എന്നാല്‍ ഫായിയുടെ പശ്ചാത്തലമൊന്നും തനിക്കറിയാമായിരുന്നില്ലെന്നും പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ ചടങ്ങിനെത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയശേഷം മാത്രമാണ് താന്‍ പങ്കെടുത്തതെന്നും പട്‌ഗോങ്കര്‍ പ്രതികരിച്ചു.

കുറെ വര്‍ഷങ്ങളായി തനിക്ക് ഫായിയെ അറിയാമായിരുന്നെന്ന് കുല്‍ദീപ് നയ്യാര്‍ പറഞ്ഞു. കശ്മീര്‍പ്രശ്‌നവും ഇന്ത്യ-പാക് ബന്ധവും ചര്‍ച്ച ചെയ്യാനായി സംഘടിപ്പിച്ച പരിപാടികളില്‍ ഫായി പ്രമുഖരെ പങ്കെടുപ്പിക്കുമായിരുന്നു. ഫായിയുടെ അറസ്റ്റ് തന്നെ അത്ഭുതപ്പെടുത്തിയെന്നും നയ്യാര്‍ പറഞ്ഞു.

മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ ഹരീന്ദര്‍ ബവേജയും സെമിനാറില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ആദ്യകാലത്ത് ഫായിക്കെതിരെ അന്വേഷണം നടന്നിരുന്നില്ലെന്നും ഉണ്ടെങ്കില്‍ അദ്ദേഹത്തിന് സെമിനാര്‍ സംഘടിപ്പിക്കാന്‍ അമേരിക്ക അനുമതി നല്കുമായിരുന്നില്ലെന്നും ബവേജ പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമാണ് സെമിനാറില്‍ പങ്കെടുത്തതെന്നും അതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും ബവേജ പറഞ്ഞു. താനൊരിക്കലും ഫായി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തിട്ടില്ലെന്നും എന്നാല്‍ പാക്അധീന കശ്മീരിലെ ചടങ്ങില്‍ കണ്ടുമുട്ടിയിട്ടുണ്ടെന്നും പ്രൊഫ. കമല്‍മിത്ര ഷിനോയ് പ്രതികരിച്ചു. ഫായിക്കൊപ്പം വേദി പങ്കിട്ട മറ്റ് പ്രമുഖരുടെയൊന്നും പ്രതികരണം അറിവായിട്ടില്ല.

ഐ.എസ്.ഐ.യുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നയാളാണ് കശ്മീര്‍ വംശജനും അമേരിക്കന്‍ പൗരനുമായ ഗുലാംനബി ഫായിയെന്നാണ് എഫ്.ബി. ഐ.യുടെ കണ്ടെത്തല്‍. ഐ.എസ്.ഐ. ബ്രിഗേഡിയര്‍ ജാവേദ് അസീസ് ഖാന്‍, ലഫ്. കേണല്‍ തഖീര്‍ മെഹമ്മൂദ് ഭട്ട്, സുരക്ഷാ ഡയറക്ടറേറ്റിന്റെ ചുമതലയുള്ള മേജര്‍ ജനറല്‍ മുംതാസ് അഹമ്മദ് ബാജ്‌വ എന്നിവര്‍ 2009 ജൂലായ് 25-ന് വാഷിങ്ടണിലെ വസതിയില്‍ ഫായിയുമായി ചര്‍ച്ച നടത്തിയതായി വ്യക്തമായിട്ടുണ്ട്. ബ്രിഗേഡിയര്‍ ഖാനുമായി 2006 മുതല്‍ ഫോണ്‍ വഴിയും ഇ-മെയില്‍ വഴിയും ചുരുങ്ങിയത് 2,000 തവണയെങ്കിലും ഫായി ആശയവിനിമയം നടത്തി. ഇതിനായി മൂന്ന് ഇ-മെയില്‍ മേല്‍വിലാസവും അഞ്ച് ഫോണുകളും ഉപയോഗിച്ചെന്ന് എഫ്.ബി.ഐ. പറയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക