Image

താരാധിപത്യത്തിനേറ്റ തിരിച്ചടി

Published on 23 July, 2011
താരാധിപത്യത്തിനേറ്റ തിരിച്ചടി
താരാധിപത്യത്തിനേറ്റ തിരിച്ചടിയെന്നു തന്നെ പറയേണ്ടി വരും മലയാളത്തിലെ സൂപ്പര്‍താരങ്ങളെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന മമ്മൂട്ടിയും, മോഹന്‍ലാലും നേരിടുന്ന ആദായ വകുപ്പ്‌ റെയ്‌ഡ്‌. റെയ്‌ഡ്‌ ഒരു ദിവസം പിന്നിടുമ്പോള്‍ സാമ്പത്തിക ക്രമക്കേടുകള്‍ ഇരുവരും ചെയ്‌തിട്ടുണ്ടോ എന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ആദായ നികുതി വകുപ്പ്‌ പുറത്തു വിട്ടിട്ടില്ല. പക്ഷെ ഇതുവരെ ലഭിച്ചിരിക്കുന്ന റിപ്പോട്ടുകള്‍ വെച്ചു നോക്കുമ്പോള്‍ അത്‌ മലയാള സിനിമയുടെ അണിയറ കഥകളെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ വീണ്ടും ശക്തമാക്കുകയാണ്‌.

ഇരുവരും ആദായ നികുതി വകുപ്പിന്‌ മുമ്പില്‍ സമര്‍പ്പിച്ച രേഖകളില്‍ തങ്ങള്‍ അഭിനയച്ച സിനിമകളിലെ നിര്‍മ്മാതാക്കളില്‍ നിന്നും ലഭിച്ച പ്രതിഫലത്തിന്റെയും ഒപ്പം പരസ്യങ്ങളില്‍ നിന്നും ലഭിച്ച പ്രതിഫലത്തുകകളുടെയും കാര്യത്തില്‍ പൂര്‍ണ്ണമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ്‌ ആദായ നികുതി വകുപ്പ്‌ ഉദ്യോഗസ്ഥര്‍ പറയുന്നത്‌. ഇതിന്‍ പ്രകാരം ഇരുവരും ഒരുമാസത്തിലേറെയായി നിരീക്ഷത്തിലായിരുന്നുവെന്നും ആദായനികുതി വകുപ്പ്‌ പറയുന്നു. ഇതിന്‌ പിന്നില്‍ മറ്റു ചിലരുടെ പരാതികളുണ്ടെന്നത്‌ ഇപ്പോള്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്‌.

എന്നാല്‍ ഇതിന്റെ വിശദാംശയങ്ങളിലേക്കല്ല മലയാള സിനിമയിലെ ചില പ്രവണതകളിലേക്കാണ്‌ ഈ ലേഖനം കടന്നു പോകുന്നത്‌. ഇപ്പോള്‍ ആദായ നികുതി വകുപ്പ്‌ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വിടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും കണ്ടെടുത്ത രേഖകള്‍ പ്രകാരം ഒരു കോടി അമ്പത്‌ ലക്ഷത്തിന്‌ മുകളിലാണ്‌ ഇരുവരും വാങ്ങുന്ന പ്രതിഫലമെന്ന്‌ സൂചിപ്പിക്കുന്നു. ഇത്‌ ആദായ നികുതി വകുപ്പില്‍ നിന്നു തന്നെ ഇതിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചു കഴിഞ്ഞു.

ഇവിടെ ഏറ്റവും പ്രസക്തമായിരിക്കുന്നത്‌ ഏതാണ്ട്‌ ഒരു വര്‍ഷത്തിനു മുമ്പ്‌ മലയാളത്തിലെ സിനിമ സംഘടനകള്‍ അംഗീകരിച്ച (താരസംഘടനയായ അമ്മ ഉള്‍പ്പെടെ) പ്രതിഫലം കുറക്കലിനോട്‌ താരങ്ങള്‍ ഇതുവരെ അനുഭാവ പൂര്‍വ്വമായ നിലപാട്‌ സ്വീകരിച്ചിട്ടില്ല എന്നതാണ്‌.

ഇരുപത്‌ ശതമാനത്തോളം പ്രതിഫലം കുറക്കാന്‍ താരങ്ങള്‍ തയാറാകണമെന്നായിരുന്നു സിനിമാ സംഘടനകള്‍ ഒരുമിച്ച്‌ എടുത്ത തീരുമാനം. മലയാള സിനിമയുടെ നിലവിലുള്ള സാമ്പത്തിക പരാജയങ്ങളില്‍ താരങ്ങള്‍ ഇങ്ങനെയൊരു തീരുമാനം കര്‍ശനമായും സ്വീകരിക്കണമെന്ന നിര്‍ദ്ദേശം പ്രൊഡ്യൂസര്‍ അസോസിയേഷന്‍ കൗണിസിലില്‍ ആദ്യമായി മുമ്പോട്ട്‌ വെച്ചത്‌ പ്ലേഹൗസ്‌ എന്ന നിര്‍മ്മാണ കമ്പിനിയുടെ ഉടമ കൂടിയായ മമ്മൂട്ടിയാണ്‌ എന്നതാണ്‌ ഏറ്റവും കൗതുകമുള്ള കാര്യം. താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന നിര്‍ദ്ദേശം വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം മലയാള ചലച്ചിത്ര ലോകം നേരിട്ട കനത്ത സാമ്പത്തിക പരാജയങ്ങളെ തുടര്‍ന്ന്‌ ഈ തീരുമാനം പ്രാവര്‍ത്തികമാക്കുകയായിരുന്നു.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പ്രതിഫലം ഒന്നേകാല്‍ കോടി രൂപയാണെന്നും ഇതിന്റെ ഇരുപത്‌ ശതമാനം ഇനി മേല്‍ ഇവര്‍ കുറക്കുകയാണെന്നും സൂപ്പര്‍താരങ്ങളോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന ഉപഗ്രഹങ്ങള്‍ അന്ന്‌ മുതല്‍ തന്നെ പ്രചരിപ്പിക്കുന്നുമുണ്ടായിരുന്നു. ദിലീപ്‌, സുരേഷ്‌ ഗോപി, ജയറാം, പൃഥ്വിരാജ്‌ തുടങ്ങിയ താരങ്ങളാണ്‌ ഇവര്‍ക്ക്‌ പിന്നിട്‌ വന്‍ പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളായിട്ടുള്ളത്‌. ഇവരും പ്രതിഫം കുറച്ചുവെന്നും പറഞ്ഞിരുന്നു. കാവ്യമാധവന്‍, ഭാവന തുടങ്ങിയ നായികമാരും യുവതാരങ്ങളടക്കമുള്ള മറ്റു നടന്‍മാരും തങ്ങളുടെ പ്രതിഫലത്തിന്റെ ഇരുപതു ശതമാനം കുറക്കാന്‍ തയാറാണെന്ന്‌ സംഘടനകളെ അറിയിച്ചിരുന്നു. അന്യഭാഷകളില്‍ ഉയര്‍ന്ന പ്രതിഫലം മേടിക്കുന്നവരും മലയാളത്തിലേക്ക്‌ എത്തുമ്പോള്‍ പ്രതിഫലം കുറക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു.

എന്നാല്‍ ഈ പ്രതിഫലം കുറക്കല്‍ തീരുമാനം സൂപ്പര്‍താരങ്ങളുടെ കാര്യത്തില്‍ പ്രാവര്‍ത്തികമായിട്ടേയില്ല എന്നാണ്‌ ഇപ്പോഴത്തെ റെയ്‌ഡിനുശേഷമുള്ള വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്‌. ഇത്‌ സൂപ്പര്‍താരങ്ങളുടെ കാര്യത്തില്‍ മാത്രമാണോ അതോ മറ്റു താരങ്ങളുടെയും കാര്യത്തില്‍ ഇങ്ങനെ തന്നെയാണോ സംഭവിക്കുന്നത്‌ എന്നതിനെക്കുറിച്ച്‌ ഇനിയും അറിവായിട്ടില്ല.

താരങ്ങള്‍ എന്തിന്‌ പ്രതിഫലം കുറക്കണം എന്ന ചോദ്യത്തിന്‌ ഉത്തരം ലഭിക്കാന്‍ പ്രൊഡ്യൂസര്‍ അസോസിയേഷന്റെ കഴിഞ്ഞ നാല്‌ വര്‍ഷത്തെ വിജയ സിനിമകളുടെ കണക്ക്‌ പരിശോധിച്ചാല്‍ മതിയാവും. 2008 എട്ട്‌ മലയാള സിനിമകളും, 2009ല്‍ നാല്‌ മലയാള സിനിമകളുമാണ്‌ വിജയത്തിലെത്തിയത്‌. 2010ല്‍ ആവട്ടെ ആറു മലയാള സിനിമകള്‍ മാത്രമേ വിജയത്തിലെത്തിയിട്ടുള്ളു. ശരാശരി അമ്പത്‌ മുതല്‍ എഴുപത്‌ വരെ സിനിമകളിറങ്ങുന്ന ഒരു ഇന്‍ഡസ്‌ട്രിയിലാണ്‌ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രം വിജയിക്കുന്നത്‌.

വളരെ ചെറിയ മാര്‍ക്കറ്റുള്ള മലയാള സിനിമക്ക്‌ താങ്ങാനാവാത്ത ബജറ്റും താരങ്ങളുടെ വന്‍ പ്രതിഫലവുമാണ്‌ നിര്‍മ്മാതാക്കളുടെ പോക്കറ്റ്‌ കാലിയാക്കുന്ന ഈ പരാജയങ്ങള്‍ക്ക്‌ പിന്നിലെന്നത്‌ പകല്‍ പോലെ സത്യവും.

ഈ പ്രതിസന്ധി രൂക്ഷമായതാണ്‌ പ്രതിഫലം കുറക്കാന്‍ സിനിമ സംഘടനകളെ പ്രേരിപ്പിച്ചത്‌. എന്നാല്‍ മമ്മൂട്ടിയും , മോഹന്‍ലാലും ഈ തീരുമാനത്തിന്‌ യാതൊരു വിലയും നല്‍കിയിട്ടില്ല എന്നതാണ്‌ ഇപ്പോഴത്തെ തെളിവുകള്‍ നല്‍കുന്ന സൂചന.

ഇക്കാര്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി മലയാള സിനിമയിലെ ഒരു പ്രമുഖ നിര്‍മ്മാതാവുമായി ബന്ധപ്പെട്ടപ്പോള്‍ നിലവില്‍ ഒരു താരം വാങ്ങുന്ന പ്രതിഫലം ഒരു സിനിമക്ക്‌ ഒരു കോടി എഴുപത്‌ ലക്ഷമാണെന്നായിരുന്നു പറഞ്ഞത്‌.

എന്തായാലും താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലം മലയാള സിനിമയുടെ അധിക ബാധ്യത തന്നെയാണെന്ന്‌ പറയാതെ വയ്യ.

തൊണ്ണുറുകളുടെ തുടക്കത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍താരങ്ങളായി വിളിക്കപ്പെട്ടിരുന്നപ്പോള്‍ പോലും വളരെ ചെറിയ പ്രതിഫലമാണ്‌ കൈപ്പറ്റിയിരുന്നത്‌. എഴുപത്‌ ലക്ഷമുണ്ടെങ്കില്‍ ഒരു മലയാള സിനിമ പൂര്‍ത്തിയാകുമെന്ന അവസ്ഥയായിരുന്നു അന്ന്‌. പിന്നിട്‌ തൊണ്ണുറുകളുടെ അവസാനമായപ്പോഴും മമ്മൂട്ടിയും ലാലും അമ്പത്‌ ലക്ഷം മാത്രമായിരുന്നു പ്രതിഫലമായി വാങ്ങിയിരുന്നത്‌. മറ്റുതാരങ്ങള്‍ ഇതിന്റെ അടുത്തെങ്ങും എത്തിയിരുന്നുമില്ല.

എന്നാല്‍ രണ്ടായിരത്തിന്റെ തുടക്കത്തോടെ മലയാളത്തില്‍ സ്വകാര്യ ചാനലുകള്‍ കൂടുതല്‍ സജീവമാകുകയും അവരുടെ എന്റര്‍ടെയിന്റ്‌മെന്റ്‌ മത്സരത്തിന്റെ ഭാഗമായി സിനിമകള്‍ സാറ്റ്‌ലൈറ്റ്‌ റൈറ്റ്‌ ലേലം വിളികളോടെ വാങ്ങാന്‍ തുടങ്ങുകയും ചെയ്‌തതോടെ ജനപ്രീയ താരങ്ങളുടെ ഡിമാന്റ്‌ കുതിച്ചുയര്‍ന്നു. മമ്മൂട്ടിയും മോഹന്‍ലാലും തങ്ങളുടെ ജനപ്രീതി കൊണ്ടു തന്നെ ഏറ്റവും വിലപിടിച്ച താരങ്ങളുമായി. അതോടെ ഇവരുടെ പ്രതിഫലം ഒരു കോടിക്കും അതിനു മുകളിലേക്കും കടന്നു. രണ്ടു വര്‍ഷം മുമ്പുവരെ ഒന്നേകാല്‍ കോടി രൂപയോളമാണ്‌ ഇരുവരും പ്രതിഫലമായി ഈടാക്കിയിരുന്നത്‌ എന്ന്‌ പറയപ്പെടുന്നു.

സൂപ്പര്‍താരങ്ങളുണ്ടെങ്കില്‍ ഒരു കോടിക്ക്‌ മുകളില്‍ ചാനലുകള്‍ സാറ്റ്‌ ലൈറ്റ്‌ റൈറ്റ്‌ നല്‍കും. സൂപ്പര്‍താരത്തിന്റെ കാരക്‌ടറും സംവിധായകന്റെ മേല്‍വിലാസവുമൊക്കെ നോക്കി സാറ്റ്‌ലൈറ്റ്‌ റൈറ്റ്‌ ഒരു കോടി മുതല്‍ ഒരു കോടി അമ്പത്‌ ലക്ഷം വരെ പോകും.

ഇത്‌ സൂപ്പര്‍താരങ്ങള്‍ തങ്ങളുടെ ശബളമായി ഇങ്ങു മേടിച്ചു കഴിഞ്ഞാല്‍ സാറ്റ്‌ ലൈറ്റ്‌ റൈറ്റില്‍ നിന്നും നിര്‍മ്മാതാവിന്‌ കാര്യമായി ഒന്നും ലഭിക്കാനില്ല എന്നത്‌ മറ്റൊരു വശം.

എന്നാല്‍ പ്രതിഫലം കുറക്കാനുള്ള തീരുമാനമെടുത്തപ്പോള്‍ പോലും ഇരുവരും തങ്ങളുടെ പ്രതിഫലത്തിന്‌ യാതൊരു കുറവും വരുത്തിയിരുന്നില്ല എന്നാണ്‌ ഇപ്പോള്‍ വെളിപ്പെടുന്ന സത്യം. താരങ്ങളുടെ പ്രതിഫലവും സിനിമയുടെ ബജറ്റും ഉയര്‍ന്നപ്പോഴും മലയാള സിനിമ പരാജയങ്ങളില്‍ നിന്നും പരാജയങ്ങളിലേക്ക്‌ പോകുകയായിരുന്നു എന്നത്‌ മറുവശം. ഇത്‌ മലയാള സിനിമയിലെ നിലവിലുള്ള നിര്‍മ്മാതാക്കളെയും സിനിമ സ്വപ്‌നങ്ങളുമായി എത്തിയ എന്‍.ആര്‍.ഐ നിര്‍മ്മാതാക്കളെയും പാപ്പരാക്കി എന്നതാണ്‌ സത്യം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ള മലയാള സിനിമയില്‍ മുമ്പ്‌ തുടര്‍ച്ചയായി സിനിമയെടുത്തിരുന്ന വലിയൊരു ശതമാനം നിര്‍മ്മാതാക്കള്‍ സാമ്പത്തിക ബാധ്യതകളെത്തുടര്‍ന്ന്‌ മലയാള സിനിമയില്‍ നിന്ന്‌ പിന്മാറി. പഴയ നിര്‍മ്മാണ കമ്പിനികളും ബാനറുകളും സിനിമയില്‍ നിന്നും പൂര്‍ണ്ണമായും മാറുകയോ, സീരിയലുകളിലേക്ക്‌ തങ്ങളുടെ മേഖല മാറ്റുകയോ ചെയ്‌തു. സമീപകാലത്ത്‌ ഒരു സൂപ്പര്‍താരം അതിഥി താരമായി അഭിനയിച്ച ഒരു സിനിമക്ക്‌ അമ്പത്‌ ലക്ഷം രൂപയാണ്‌ ഈടാക്കിയതെന്നത്‌ മറ്റൊരു സത്യം. വെറും മൂന്ന്‌ ദിവസത്തെ ഷൂട്ടിംഗിനും നാല്‌ സീനുകള്‍ക്കും വേണ്ടിയാണ്‌ ഈ അമ്പത്‌ ലക്ഷം രൂപയെന്ന്‌ അറിയുമ്പോഴാണ്‌ നിര്‍മ്മാതാക്കളുടെ യഥാര്‍ഥ ദൈന്യത മനസിലാവുക.

ഇനി മറ്റൊരു വസ്‌തുത ശ്രദ്ധിച്ചാല്‍ താരങ്ങള്‍ വമ്പന്‍ പ്രതിഫലം വാങ്ങുമ്പോഴും ഇവരുടെ ചിത്രങ്ങളൊന്നും തീയേറ്ററില്‍ കാര്യമായ പ്രതികരണങ്ങളുണ്ടാക്കുന്നില്ല എന്നതാണ്‌ മനസിലാവുക. ചാനല്‍ അഭിമുഖങ്ങള്‍ വഴിയും വല്ലപ്പോഴും വീണു കിട്ടുന്ന വിജയങ്ങളുടെ പേരിലുമാണ്‌ ഇപ്പോള്‍ സൂപ്പര്‍താരങ്ങളടക്കം പിടിച്ചു നില്‍ക്കുന്നത്‌.

നിലവില്‍ നാല്‌ ചിത്രങ്ങളുടെ പരാജയത്തിന്‌ നടുവിലാണ്‌ മമ്മൂട്ടിയെന്ന സൂപ്പര്‍താരം നില്‍ക്കുന്നത്‌. ആഗസ്റ്റ്‌ 15, ഡബിള്‍സ്‌, ദിട്രെയിന്‍, ബോംബെ മാര്‍ച്ച്‌ 12 എന്നി നാല്‌ മമ്മൂട്ടി ചിത്രങ്ങളാണ്‌ തുടര്‍ച്ചയായി തീയേറ്ററില്‍ പരാജയപ്പെട്ടത്‌. 2011 ല്‍ മമ്മൂട്ടിക്ക്‌ അവകാശപ്പെടാന്‍ ഒറ്റ വിജയ ചിത്രം പോലുമില്ല.

2010- ല്‍ ആറ്‌ ചിത്രങ്ങളാണ്‌ മമ്മൂട്ടിയുടേതായി തീയേറ്ററിലെത്തിയത്‌. ഇതില്‍ ബെസ്റ്റ്‌ ആക്‌ടര്‍, പ്രാഞ്ചിയേട്ടന്‍, പോക്കിരിരാജ എന്നീ ചിത്രങ്ങള്‍ വിജയങ്ങളായപ്പോള്‍, പ്രമാണി, യുഗപുരുഷന്‍, ദ്രോണ എന്നീ ചിത്രങ്ങള്‍ വമ്പന്‍ പരാജയങ്ങളാണ്‌ ഏറ്റുവാങ്ങിയത്‌. ദ്രോണ, പ്രമാണി, ഡബിള്‍സ്‌, ആഗസ്റ്റ്‌ 15 തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മാണ ചിലവിന്റെ പകുതി പോലും തിരിച്ചു പിടിച്ചില്ല. അപ്പോള്‍ ഈ സിനിമകള്‍ നിര്‍മ്മിച്ച പ്രൊഡ്യൂസറുടെ അവസ്ഥ ഊഹിക്കാവുന്നത്‌ മാത്രമേയുള്ളു.

മോഹന്‍ലാലിന്റെ ഈ വര്‍ഷം റിലീസ്‌ ചെയ്‌ത ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്‌, ചൈനാ ടൗണ്‍ എന്നീ ചിത്രങ്ങള്‍ വിജയമായത്‌ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളെന്ന ലേബലില്‍ മാത്രമായിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം റിലീസ്‌ ചെയ്‌ത ജനകന്‍, അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്‌, കാണ്‌ഡഹാര്‍ എന്നീ ചിത്രങ്ങള്‍ വമ്പന്‍ പരാജയങ്ങളായി. ഒരു നാള്‍ വരും, ശിക്കാര്‍ എന്നീ ചിത്രങ്ങളാണ്‌ അല്‌പമെങ്കിലും സാമ്പത്തിക വിജയം നേടിയത്‌. അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്‌ എന്ന ചിത്രം 2000നു ശേഷം മലയാളത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായിരുന്നു.

ഇങ്ങനെ നോക്കിയാല്‍ പല പരാജയ ചിത്രങ്ങളിലും സൂപ്പര്‍താരത്തിന്‌ കൊടുത്ത പ്രതിഫലം പോലും നിര്‍മ്മാതാവിന്‌ തിരിച്ചു കിട്ടിയിട്ടില്ല എന്ന്‌ വേണം മനസിലാക്കാന്‍. പരാജയങ്ങള്‍ എത്ര സംഭവിച്ചാലും ഇടക്ക്‌ വീണു കിട്ടുന്ന ഒരു വിജയത്തില്‍ സൂപ്പര്‍താര പദവി കാത്തുസൂക്ഷിക്കുന്ന താരാധിപത്യത്തിന്‌ കിട്ടിയിരിക്കുന്ന തിരിച്ചടിയാണ്‌ ഇപ്പോള്‍ കാണുന്നത്‌.

ആദായ വകുപ്പ്‌ ഉദ്യോഗസ്ഥരുടെ റെയ്‌ഡില്‍ ലഭിച്ചിരിക്കുന്ന തെളിവുകള്‍ എന്തൊക്കെയെന്നത്‌ ഇനിയും പുറത്തു വരേണ്ടിയിരിക്കുന്നു. ഈ അന്വേഷണം മറ്റു താരങ്ങളിലേക്കും കടക്കുമോ എന്നതും വരുന്ന ദിവസങ്ങളില്‍ അറിയാന്‍ കഴിയും.


പിന്‍കുറിപ്പ്‌ - എന്തായാലും സൂപ്പര്‍താരങ്ങളെ അടിക്കാന്‍ പുതിയ വടികളൊന്നുമില്ലാതിരുന്ന സുകുമാര്‍ അഴിക്കോടിന്‌ ഒരു അവസരം വീണുകിട്ടിയിരിക്കുന്നു. റെയ്‌ഡ്‌ വിവരം അറിഞ്ഞ സമയം തൊട്ടു തന്നെ സുകുമാര്‍ അഴിക്കോട്‌ വടിയെടുത്ത്‌ കഴിഞ്ഞു. ഇവരാണോ നമ്മുടെ സൂപ്പര്‍താരങ്ങളെന്ന്‌ ചോദിച്ച്‌ തല്ലും തുടങ്ങിയിരിക്കുന്നു.
താരാധിപത്യത്തിനേറ്റ തിരിച്ചടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക