Image

സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ സ്‌കോട്ട്‌ലന്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു

Published on 23 July, 2011
സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ സ്‌കോട്ട്‌ലന്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു
ഗ്ലാസ്‌ഗോ: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ സ്‌കോട്ട്‌ലന്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ 21-07-2011 വ്യാഴാഴ്ച ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഗ്ലാസ്‌ഗോ അതിരൂപതയുടെ ചാപ്ലെയിന്‍സി സെന്ററായ ക്രൂക്ക്സ്റ്റണ്‍ സെന്റ് ജെയിംസ് ദൈവാലയത്തില്‍ സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ അഭിവന്ദ്യ മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട വി.കുര്‍ബാനയോടെ സ്‌കോട്ട്‌ലന്‍ഡ് അല്മായ സമ്മേളനത്തിന് തുടക്കം കുറിച്ചു.

സ്‌നേഹമാണ് സര്‍വ്വോല്‍കൃഷ്ടമായ ദൈവീകദാനമെന്നും വരും തലമുറയെ സ്‌നേഹചൈതന്യത്തില്‍ വാര്‍ത്തെടുക്കുവാനുള്ള പരിശ്രമങ്ങള്‍, മാതാപിതാക്കള്‍ കുടുംബങ്ങളില്‍ തന്നെ തുടങ്ങേണ്ടതാണെന്നും ദിവ്യബലി മദ്ധ്യേ നല്‍കിയ സന്ദേശത്തില്‍ പിതാവ് ഉദ്‌ബോധിപ്പിച്ചു. തുടര്‍ന്ന് പാരീഷ്ഹാളില്‍ കൂടിയ അല്മായ സമ്മേളനത്തില്‍ അഭിവന്ദ്യ പിതാവ് അല്മായ കമ്മീഷന്‍ സ്‌കോട്ട്‌ലന്‍ഡ് പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിശ്വാസപരിശീലനമടക്കമുള്ള സഭാപാരമ്പര്യ അനുഷ്ടാനങ്ങള്‍ അഭംഗുരം കാത്തുസൂക്ഷിക്കുവാന്‍ വരും തലമുറയെ പരിശീലിപ്പിക്കുവാനായി സഭാസമൂഹത്തിന് ശക്തിപകരുകയാണ് അല്മായ കമ്മീഷന്റെ ലക്ഷ്യമെന്ന് മാര്‍ അറയ്ക്കല്‍ സൂചിപ്പിച്ചു. ലക്ഷക്കണക്കിന് വരുന്ന സീറോ മലബാര്‍ സഭ അല്മായ സമൂഹത്തിന്റെ വിഭവശേഷി സൂഷ്മതയോടെ വിനിയോഗിച്ചാല്‍ സമൂഹത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ഉദ്‌ബോധിപ്പിച്ചു.

സീറോ മലബാര്‍ ഗ്ലാസ്‌ഗോ അതിരൂപതാ ചാപ്ലെയിന്‍ ഫാ.ജോയി ചേറാടിയില്‍ , മദര്‍വെല്‍ രൂപതാ ചാപ്ലെയിന്‍ ഫാ.സെബാസ്റ്റ്യന്‍ കല്ലത്ത് എന്നീ വൈദികശ്രേഷ്ഠരും സമ്മേളനത്തില്‍ ആശംസകളര്‍പ്പിച്ചു. ഗ്ലാസ്‌ഗോ, മദര്‍വെല്‍ രൂപതാ സീറോ മലബാര്‍ പാരീഷ് കൗണ്‍സില്‍ പ്രതിനിധികളും അല്മായ സമൂഹവും സമ്മേളനത്തില്‍ പങ്കെടുത്തു.

മാര്‍ മാത്യു അറയ്ക്കലും അഡ്വ.വി.സി.സെബാസ്റ്റ്യനും എഡിന്‍ബറോ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ശ്രീ അനില്‍ കുമാര്‍ ആനന്ദുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. മലയാളി സമൂഹത്തിന് ഇന്ത്യന്‍ കോണ്‍സുലേറ്റ് നല്‍കിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ക്ക് അഭിവന്ദ്യ പിതാവ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറലിനും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും നന്ദിയറിയിച്ചു.
സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ സ്‌കോട്ട്‌ലന്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക