Image

ശശികല ടീച്ചര്‍ക്ക്‌ അമേരിക്കയില്‍ വന്‍ സ്വീകരണം

ജോയിച്ചന്‍ പുതുക്കുളം Published on 26 July, 2011
ശശികല ടീച്ചര്‍ക്ക്‌ അമേരിക്കയില്‍ വന്‍ സ്വീകരണം
ന്യൂയോര്‍ക്ക്‌: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ക്ക്‌ അമേരിക്കയിലുടനീളം വന്‍ സ്വീകരണം. വാഷിംഗ്‌ടണില്‍ നടന്ന കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ്‌ ടീച്ചര്‍ അമേരിക്കയിലെത്തിയത്‌. കണ്‍വെന്‍ഷന്‍ വേദിയിലെ ടീച്ചറുടെ പ്രസംഗം ശ്രോതാക്കള്‍ക്കെല്ലാം പുതിയൊരു അനുഭവമായിരുന്നു. കേരളത്തിലെ ഹിന്ദു സമൂഹം നേരിടുന്ന ദുരിതങ്ങള്‍ അനുഭവത്തിന്റെ സാക്ഷ്യപത്രവുമായി മനസ്സില്‍ തറയ്‌ക്കുന്ന ഭാഷയില്‍ ടീച്ചര്‍ അവതരിപ്പിച്ചപ്പോള്‍ എല്ലാവര്‍ക്കും പുത്തന്‍ അനുഭവമായി മാറി. മതംമാറ്റത്തിന്റെ ഭീകരമുഖവും രാഷ്‌ട്രീയമായി ഒതുക്കപ്പെടുന്നതിന്റെ യഥാര്‍ത്ഥ ചിത്രവും ശശികല ടീച്ചര്‍ വരച്ചുകാട്ടി. സദസ്സിലുള്ളവര്‍ ഇരിപ്പിടങ്ങളില്‍ നിന്ന്‌ എഴുന്നേറ്റ്‌ നിന്ന്‌ കയ്യടിച്ചാണ്‌ പ്രസംഗത്തോട്‌ പ്രതികരിച്ചത്‌.

പ്രസംഗം കഴിഞ്ഞ ഉടന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുവന്ന പ്രതിനിധികള്‍ ടീച്ചറെ വളഞ്ഞു. എല്ലാവര്‍ക്കും സ്വന്തം സ്റ്റേറ്റില്‍ പ്രസംഗം വേണം. തുടര്‍ന്ന്‌ ആദ്യപരിപാടി ന്യൂയോര്‍ക്കിലായിരുന്നു. കെ.എച്ച്‌.എന്‍.എ, മഹിമ, എംബിഎ, എസ്‌എന്‍എ, അയ്യപ്പസേവാ സംഘം തുടങ്ങി എല്ലാ ഹിന്ദു സംഘടനകളുടേയും നേതൃത്വത്തില്‍ ക്യൂന്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രണ്ടു മണിക്കൂര്‍ ശശികല ടീച്ചര്‍ പ്രസംഗിച്ചു. കേരളത്തിലെ ഹൈന്ദവ സമൂഹം നേരിടുന്ന പ്രശ്‌നങ്ങളുടെ നേര്‍ചിത്രം ടീച്ചര്‍ വരച്ചുകാട്ടി. എന്‍ബിഎയുടെ പ്രത്യേക പരിപാടിയിലും വിവിധ ഭവനങ്ങളില്‍ നടന്ന സത്‌സംഗങ്ങളിലും ടീച്ചര്‍ പങ്കെടുത്തു.

ലോസ്‌ആഞ്ചലസില്‍ ഓര്‍ഗനൈസേഷന്‍ ഓഫ്‌ ഹിന്ദു മലയാളീസ്‌ (ഓം) ആണ്‌ ശശികല ടീച്ചറിന്‌ ആതിഥേയത്വം നല്‍കിയത്‌. പ്രസംഗം കേള്‍ക്കാന്‍ പ്രമുഖരായ നിരവധി പേര്‍ എത്തി. ഷിക്കാഗോയില്‍ ഗീതാമണ്‌ലവും ഹൂസ്റ്റണില്‍ ഹിന്ദു സൊസൈറ്റിയുടേയും നേതൃത്വത്തിലാണ്‌ ശശികല ടീച്ചറിന്റെ പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചത്‌. വാഷിംഗ്‌ടണില്‍ മറ്റൊരു പ്രഭാഷണം സംഘടിപ്പിച്ചിട്ടുണ്ട്‌.

അമേരിക്കയില്‍ താമസിക്കുന്ന മലയാളി ഹിന്ദുക്കളില്‍ കൂടുതല്‍ ഐക്യബോധം സൃഷ്‌ടിക്കാന്‍ ശശികല ടീച്ചറിന്റെ സാന്നിധ്യത്തിനും പ്രസംഗത്തിനും കഴിഞ്ഞു എന്ന അഭിപ്രായമാണ്‌ ഇവിടുത്തെ ഹിന്ദു സംഘടനകള്‍ക്കെല്ലാം.

വാഷിംഗ്‌ടണ്‍ കണ്‍വെന്‍ഷന്റെ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം ശശികല ടീച്ചറിന്റെ പ്രസംഗമായിരുന്നുവെന്ന്‌ കെ.എച്ച്‌.എന്‍.എ പ്രസിഡന്റ്‌ എം.ജി മേനോന്‍ അഭിപ്രായപ്പെട്ടു. കെഎച്ച്‌എന്‍എയുടെ പ്രമുഖ നേതാക്കളായ അനില്‍കുമാര്‍ പിള്ള, ശശിധരന്‍ നായര്‍, ഗണേശ്‌ നായര്‍, രാജു നാണു, പാര്‍ത്ഥസാരഥി പിള്ള, വിനോദ്‌ ബാഹുലേയന്‍, സോമരാജന്‍ നായര്‍, അരവിന്ദ്‌ പിള്ള തുടങ്ങിയവരൊക്കെ അടുത്ത കണ്‍വെന്‍ഷനിലും ശശികല ടീച്ചറിന്റെ പ്രസംഗം ഉണ്ടായിരിക്കണം എന്ന നിലപാടിലാണ്‌. ഫ്‌ളോറിഡയില്‍ നടക്കുന്ന കണ്‍വെന്‍ഷനിലും ടീച്ചര്‍ മുഖ്യാതിഥികളില്‍ ഒരാളായിരിക്കുമെന്ന്‌ പുതിയ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍ സൂചിപ്പിച്ചു. ശ്രീകുമാര്‍ കോട്ടയം അറിയിച്ചതാണിത്‌.
ശശികല ടീച്ചര്‍ക്ക്‌ അമേരിക്കയില്‍ വന്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക