Image

ബസ് ചാര്‍ജ് വര്‍ധന: അന്തിമ തീരുമാനം ഓഗസ്റ്റ് അഞ്ചിനകം

Published on 27 July, 2011
ബസ് ചാര്‍ജ് വര്‍ധന: അന്തിമ തീരുമാനം ഓഗസ്റ്റ് അഞ്ചിനകം
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് അടുത്ത മാസം അഞ്ചിന് അന്തിമതീരുമാനമെടുക്കുമെന്ന് ഗതാഗതമന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ബസുടമാ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

ബസുടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അടുത്ത മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. ഇതിനുശേഷമാകും തീരുമാനമെടുക്കുക. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് വെള്ളിയാഴ്ച വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. കുറഞ്ഞ യാത്രാനിരക്ക് അഞ്ചു രൂപയാക്കണമെന്നാണ് വിദഗ്ധ സമിതിയുടെ
ശുപാര്‍ശയെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ഈ നിരക്ക് ആറ് രൂപയാക്കി ഉയര്‍ത്തണമെന്നാണ് ബസുടമകളുടെ ആവശ്യം.

കിലോമീറ്റര്‍ ചാര്‍ജ് 55 പൈസയില്‍ നിന്ന് 65 പൈസയാക്കി ഉയര്‍ത്തണമെന്നും സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കിലോമീറ്റര്‍ ചാര്‍ജ് വര്‍ധിപ്പിക്കേണ്‌ടെന്നാണ് വിദഗ്ധ സമിതിയുടെ
ശുപാര്‍ശയെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ ആനുകൂല്യം 23 വയസുവരെയാക്കി നിജപ്പെടുത്തണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടിട്ടുണ്‌ടെന്ന് മന്ത്രി പറഞ്ഞു.

അതേസമയം അഞ്ചിന് യാത്രാനിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ആറ് മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബസുടമാ സംഘടനാപ്രതിനിധികള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക