Image

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ ഫാമിലി&യൂത്ത്‌ കോണ്‍ഫറന്‍സിനു ഡാളസ്സില്‍ തിരിതെളിഞ്ഞു

അനില്‍ മാത്യു ആശാരിയത്ത്‌ Published on 30 July, 2011
മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ ഫാമിലി&യൂത്ത്‌ കോണ്‍ഫറന്‍സിനു ഡാളസ്സില്‍ തിരിതെളിഞ്ഞു
ഡാളസ്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പ്രമുഖ ഭദ്രാസനങ്ങളിലൊന്നായ സൗത്ത്‌വെസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിലെ സതേണ്‍ റീജിയന്‍ ഫാമിലി & യൂത്ത്‌/സണ്‍ഡേ സ്‌കൂള്‍ കോണ്‍ഫറന്‍സിനു ഡാളസ്സില്‍ തിരിതെളിഞ്ഞു.

ഡെന്റണ്‍ നഗരത്തിലുള്ള പ്രകൃതിരമണീയമായ ക്യാമ്പ്‌ കോപ്പസ്സ്‌ സമുച്ചയത്തില്‍ ജനസാഗരമായെത്തിയ മലങ്കരസഭയുടെ മക്കള്‍ കോറിയിട്ട വര്‍ണ്ണശബളമായ ഘോഷയാത്രയോടെയാണ്‌ ഫാമിലി & യൂത്ത്‌/സണ്‍ഡേ സ്‌കൂള്‍ കോണ്‍ഫറന്‍സ്‌്‌ ആരംഭിച്ചത്‌.

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കോണ്‍ഫറന്‍സ്‌ പ്രതിനിധികള്‍ ക്യാമ്പ്‌ ഫയര്‍സ്‌പോട്ടില്‍ നിന്നും ഉത്‌ഘാടനം നടക്കുന്ന ആഡിറ്റോറിയത്തിലേക്കുള്ള ഘോഷയാത്രയില്‍ അണിനിരന്നു. മെത്രാപ്പൊലീത്താമാരെയും വിശിഷ്‌ടാതിഥികളെയും സ്വീകരിച്ചുകൊണ്‌ടുള്ളഘോഷയാത്രയ്‌ക്ക്‌ ചെണ്‌ടമേളത്തിന്റെയും വിശ്വാസികളില്‍ നിന്നൊഴുകിയെത്തിയ ആത്‌മീയഗീതികളുടെയും സ്വരം ക്യാമ്പ്‌ കോപ്പസില്‍ ഉത്സവത്തിന്റെ പ്രതീതിയാണുയര്‍ത്തിയത്‌. കേരളത്തിന്റെ തനതു വേഷമായ സെറ്റു സാരിയണിഞ്ഞ സ്‌ത്രീകളും മുണ്‌ടും ജുബ്ബയും ധരിച്ച പുരുഷന്മാരും ഘോഷയാത്രയില്‍ നടന്നു നീങ്ങിയപ്പോള്‍ ഒരു നിമിഷം സൂര്യപ്രഭയാല്‍ പ്രകാശപൂരിതമായ ക്യാമ്പ്‌ കോപ്പസ്സ്‌ കേരളമായി മാറുകയായിരുന്നു.

ഘോഷയാത്രയ്‌ക്കു ശേഷം നടന്ന ഉത്‌ഘാടനസമ്മേളനത്തില്‍ കണ്‍വീനര്‍ റവ ഫാ. ജോണ്‍ കുന്നത്തുശ്ശേരില്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.കോണ്‍ഫറന്‍സ്‌ ക്വയര്‍ സംഗീതസാന്ദ്രമാക്കിയ അന്തരീക്ഷത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ ചെന്നൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്‌ മെത്രാപ്പൊലീത്താ ഭദ്രദീപം കൊളുത്തി കോണ്‍ഫറന്‍സിന്റെ ഉത്‌ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. സൗത്ത്‌വെസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലീത്താ അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പൊലീത്താ കോണ്‍ഫറന്‍സിന്റെ ചിന്താവിഷയമായ `ഞാന്‍ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു' (പുറപ്പാട്‌ 15:26) എന്നതിനെ ആസ്‌പദമാക്കി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ സൗത്ത്‌വെസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിലെ വിവിധ ഇടവകളില്‍ നിന്നായി നിരവധി വൈദീകര്‍ പങ്കെടുത്തു. തുടര്‍ന്ന്‌ നടന്ന കോണ്‍ഫറന്‍സ്‌ ഒരുക്കധ്യാനത്തിന്‌ റവ. ഫാ.ഗീവര്‍ഗീസ്‌ ജോണ്‍ വള്ളിക്കാട്ടില്‍ നേത്യത്വം നല്‍കി.

അമേരിക്കയിലെ സതേണ്‍ റീജിയനില്‍ താമസിക്കുന്ന ഓര്‍ത്തഡോക്‌സ്‌ വിശ്വാസികളുടെ കുടുംബസംഗമത്തില്‍ ഡാളസ്‌, ഹുസ്‌റ്റണ്‍, സാന്‍ അന്റോണിയോ, ഓസ്‌റ്റിന്‍, കോര്‍പ്പസ്‌ക്രിസ്‌റ്റി, ലബക്ക്‌, ലഫ്‌കിന്‍, ഓക്ക്‌ലഹോമ, ന}ഓര്‍ലിന്‍സ്‌ തുടങ്ങിയ നഗരങ്ങളില്‍ നിന്നും ആര്‍ക്കന്‍സാസ്‌, ലൂയിസിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിവിധ ഇടവകളില്‍ നിന്നായി അഞ്ഞൂറില്‍പ്പരം വിശ്വാസികള്‍ പങ്കെടുക്കുന്നു.

2011 ജൂലൈ 28 വ്യാഴാഴ്‌ച ആരംഭിച്ച കോണ്‍ഫറന്‍സില്‍ റവ. ഫാ.ഗീവര്‍ഗീസ്‌ ജോണ്‍ വള്ളിക്കാട്ടില്‍, റവ. ഫാ. ഡോ തോമസ്‌ കലാം, ടെന്നി തോമസ്‌, സീനാ വര്‍ക്ഷീസ്‌ എന്നിവര്‍ മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്ള നിരവധി ക്‌ളാസ്സുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കും.

യുവജനങ്ങള്‍ക്കും സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കും വേണ്‌ടിയുള്ള സഭാവിശ്വാസ പഠന സെഷന്‍, പുരുഷ വനിതാ സെമിനാര്‍, ആരാധനഗാന പരിശീലനം, കുട്ടികളൂടേയും മുതിര്‍ന്നവരുടേയും കലാകായിക പരിപാടികള്‍ തുടങ്ങിയ വിപുലമായ പരിപാടികളാണ്‌ കോണ്‍ഫറന്‍സിന്റെ വരും ദിവസങ്ങളില്‍ നടക്കുക. ജൂലൈ 31 ഞായറാഴ്‌ച ഞായറാഴ്‌ച രാവിലെ 8.30 ന്‌ ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയോടെ സതേണ്‍ റീജിയന്‍ ഫാമിലി & യൂത്ത്‌/സണ്‍ഡേ സ്‌കൂള്‍ കോണ്‍ഫറന്‍സ്‌ സമാപിക്കും.
മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ ഫാമിലി&യൂത്ത്‌ കോണ്‍ഫറന്‍സിനു ഡാളസ്സില്‍ തിരിതെളിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക