Image

ദിയസ്‌കോറസ്‌ മെത്രാപ്പോലീത്തയ്‌ക്ക്‌ ഹൂസ്റ്റണില്‍ ഉജ്വല സ്വീകരണം

Published on 02 August, 2011
ദിയസ്‌കോറസ്‌ മെത്രാപ്പോലീത്തയ്‌ക്ക്‌ ഹൂസ്റ്റണില്‍ ഉജ്വല സ്വീകരണം
ഹൂസ്റ്റണ്‍: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ മെത്രാപ്പോലീത്തയും, മലേക്കുരിശ്‌ ദയറാധിപനുമായ അഭിവന്ദ്യ കുര്യാക്കോസ്‌ മോര്‍ ദിയസ്‌കോറസ്‌ തിരുമേനിക്ക്‌ ഹൂസ്റ്റണില്‍ ഉജ്വല സ്വീകരണം നല്‍കി. ജൂലൈ 28-ന്‌ വ്യാഴാഴ്‌ച ഹൂസ്റ്റണിലെ ബുഷ്‌ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ പിതാവിനെ സ്വീകരിക്കാന്‍ വൈദീക ശ്രേഷ്‌ഠര്‍, ഭദ്രാസന ഭാരവാഹികള്‍, ഭക്തസംഘടനാ നേതാക്കള്‍, അത്മായ പ്രമുഖര്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.

ഹൂസ്റ്റണ്‍ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളി വികാരി റവ.ഫാ. വര്‍ഗീസ്‌ പോള്‍, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ കൗണ്‍സില്‍ അംഗം ബാബു വടക്കേടത്ത്‌, ഭദ്രാസന സണ്‍ഡേ സ്‌കൂള്‍ റീജിയണല്‍ ഇന്‍സ്‌പെക്‌ടര്‍ ജോര്‍ജ്‌ പൈലി, സെന്റ്‌ പോള്‍സ്‌ ഫെല്ലോഷിപ്പ്‌ ജോയിന്റ്‌ സെക്രട്ടറി ജോണ്‍ ചാണ്ടപിള്ള തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജൂലൈ 31-ന്‌ ഞായറാഴ്‌ച സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. ഹൃദയവിശുദ്ധിയോടെ ദൈവാലയത്തിലേക്ക്‌ കടന്നുവന്ന്‌ പ്രാര്‍ത്ഥിക്കണമെന്നും, താഴ്‌മയും വിനയവും, സേവന സന്നദ്ധതയും സ്വര്‍ഗ്ഗീയ സന്നിധിയില്‍ നമ്മെ പ്രതിഫലത്തിനര്‍ഹരാക്കുമെന്ന്‌ മെത്രാപ്പോലീത്ത ഉത്‌ബോധിപ്പിച്ചു. ഭവനമോ, നഗരമോ സ്വയം ഛിദ്രിച്ചാല്‍ നാശകരമായ പതനമായിരിക്കും ഫലം. ലൗകിക ചിന്തകളും, പൈശാചികതയുടെ പ്രതിഫലങ്ങളായ വഴക്കുകളും, വാഗ്വാദങ്ങളും നമ്മെ ഭരിക്കുവാന്‍ ഇടവരുത്താതെ ദൈവാശ്രയത്തില്‍ ജീവിക്കുവാനുള്ള ആത്മീയ ശക്തി പ്രാപിക്കുവാന്‍ കഴിയട്ടെ എന്ന്‌ അദ്ദേഹം ആശംസിച്ചു. വിശുദ്ധ കുര്‍ബാന മധ്യേ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു മോര്‍ ദിയസ്‌കോറസ്‌.

ഹൂസ്റ്റണ്‍ സെന്റ്‌ പീറ്റേഴ്‌സ്‌ ദേവാലയത്തില്‍ സന്ദര്‍ശനത്തിനെത്തിയ മെത്രാപ്പോലീത്തയെ വികാരി റവ.ഫാ. വര്‍ഗീസ്‌ പോള്‍ കത്തിച്ച മെഴുകുതിരി നല്‍കി സ്വീകരിച്ചാനയിച്ചു. ലുത്തിനിയയ്‌ക്കുശേഷം നടത്തിയ ലഘു പ്രസംഗത്തില്‍ ഇടവകയുടെ വളര്‍ച്ചയ്‌ക്ക്‌ നേതൃത്വം നല്‍കുന്ന വൈദീക ശ്രേഷ്‌ഠരേയും കമ്മിറ്റിയംഗങ്ങളേയും ഇടവകാംഗങ്ങളേയും അനുമോദിക്കുകയും പരിശുദ്ധ പത്രോസ്‌ ശ്ശീഹായുടെ നാമത്തില്‍ ദേശത്ത്‌ മനോഹരമായ ദേവാലയം ഉയര്‍ന്നുവന്നതില്‍ ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്‌തു. ശനിയാഴ്‌ച ആരംഭിച്ച വി.ബി.എസ്‌ മോര്‍ ദിയസ്‌കോറസ്‌ തിരുമനസ്സുകൊണ്ട്‌ ഉദ്‌ഘാടനം ചെയ്യുകയുണ്ടായി. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേകം പ്രഭാഷണവും തദവസരത്തില്‍ നടത്തി.

മലങ്കര ആര്‍ച്ച്‌ ഡയോസിസിന്റെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ 21 മുതല്‍ 24 വരെ ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍വാലിയില്‍ വെച്ച്‌ നടത്തപ്പെട്ട ഇരുപത്തിയാറാമത്‌ ഫാമിലി കോണ്‍ഫറന്‍സിന്റെ മുഖ്യാതിഥിയായി എത്തിച്ചേര്‍ന്ന മെത്രാപ്പോലീത്ത ഓഗസ്റ്റ്‌ പകുതിയോടെ നാട്ടിലേക്ക്‌ മടങ്ങുമെന്ന്‌ ഭദ്രാസന കേന്ദ്രത്തില്‍നിന്നും അറിയിച്ചു. ശ്രേഷ്‌ഠ ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കബറിടം സ്ഥിതിചെയ്യുന്ന മലേക്കുരിശ്‌ ദയറായുടെ പുതിയ പള്ളിയുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലെത്തിയിരിക്കുന്നുവെന്നും കേരളത്തിലെ ഏറ്റവും വലിയ ക്രൈസ്‌തവ ദേവാലയമായിരിക്കും ദയാറാപള്ളിയെന്നും മെത്രാപ്പോലീത്ത പറഞ്ഞു. അഭിവന്ദ്യ പിതാവുമായി ബന്ധപ്പെടുവാന്‍ മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌ ഓഫീസില്‍ നിന്നും വിവരങ്ങള്‍ ലഭ്യമാണ്‌.

മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ ഓഫീസ്‌: (845 364 6003). വെബ്‌സൈറ്റ്‌: www.malankara.com

ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌.
ദിയസ്‌കോറസ്‌ മെത്രാപ്പോലീത്തയ്‌ക്ക്‌ ഹൂസ്റ്റണില്‍ ഉജ്വല സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക