Image

വെല്ലുവിളിച്ച്‌ വി.എസ്‌; പിടി വിടാതെ പിണറായി

ജി.കെ. Published on 05 August, 2011
വെല്ലുവിളിച്ച്‌ വി.എസ്‌; പിടി വിടാതെ പിണറായി
പാര്‍ട്ടി സമ്മേളനങ്ങള്‍ പടിവാതില്‍ക്കെലെത്തി നില്‍ക്കേ സിപിഎമ്മില്‍ വിഭാഗീയതയുടെ കാര്‍മേഘങ്ങള്‍ വീണ്‌ടും ഉരുണ്‌ടു കൂടുകയാണ്‌. പാര്‍ട്ടി സമ്മേളനങ്ങളുടെ അജന്‍ഡ നിര്‍ണയിക്കുന്ന ഘടകം എന്നതിനു പകരം പാര്‍ട്ടിയുടെ മുന്നിലുള്ള അടിയന്തര അജന്‍ഡയായി വി.എസ്‌.അച്യുതാനന്ദനും ഔദ്യോഗിക പക്ഷവും തമ്മിലുള്ള പോര്‌ മാറിയിരിക്കുന്നു. സദാചാര വിരുദ്ധ പ്രവര്‍ത്തികളുടെ പേരില്‍ തുടര്‍ച്ചയായി രണ്‌ടു ജില്ലാസെക്രട്ടറിമാരെ നഷ്‌ടമായതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഔദ്യോഗികപക്ഷം വി.എസ്‌ വിഭാഗത്തിനെതിരെ കച്ചമുറുക്കിയതോടെയാണ്‌ സമ്മേളനങ്ങള്‍ക്കുമുമ്പേ പാര്‍ട്ടിയിലെ കോഴിപ്പോര്‌ അതിന്റെ മൂര്‍ധന്യത്തിലെത്തിയത്‌.

കൂടെ നില്‍ക്കുന്നവരെയും കൂടെ നിന്നവരെയും അപത്‌ ഘട്ടങ്ങളില്‍ സംരക്ഷിക്കില്ലെന്ന ആരോപണം സഖാവ്‌ വി.എസിനെതിരേ പണ്‌ടേ ഉള്ളതാണ്‌. അതിന്‌ സുരേഷ്‌കുമാര്‍ ഐഎഎസ്‌ മുതല്‍ അവസാനമായി ഗോപി കോട്ടമുറിക്കല്‍ വരെ ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും ചൂണ്‌ടികാട്ടാനുമാവും. ഈ പശ്ചാത്തലത്തിലാണ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്ക്‌ സീറ്റ്‌ നിഷേധിച്ചപ്പോള്‍ അതിനെതിരെ കാസര്‍ഗോഡ്‌ പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്കെതിരെ ഔദ്യോഗികപക്ഷത്തിന്റെ ആശിര്‍വാദത്തോടെ അച്ചടക്ക നടപടിയെടുത്തതിനെതിരെ വി.എസ്‌. പരസ്യമായി പ്രതികരിച്ചത്‌. പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ തന്റെ പക്ഷത്തിന്‌ മേല്‍ക്കൈയുള്ള കാസര്‍ഗോഡ്‌ ജില്ലയില്‍ സ്വീകരിച്ച നടപടികളിലെങ്കിലും പ്രതികരിച്ചില്ലെങ്കില്‍ കാലിനടിയിലെ മണ്ണ്‌ ഒലിച്ചുപോകുമെന്ന തിരിച്ചറിവാണ്‌ രണ്‌ടും കല്‍പ്പിച്ചുള്ള ചില പ്രസ്‌താവനകള്‍ക്ക്‌ വി.എസിനെ പ്രേരിപ്പിച്ചത്‌.

പാര്‍ട്ടി സമ്മേളന തീയതികള്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സഖാക്കള്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി നിലനില്‍ക്കില്ലെന്നും ഇക്കാര്യത്തില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്നുമുള്ള വി.എസിന്റെ പ്രസ്‌താവനകള്‍ ഔദ്യോഗികപക്ഷത്തെ ശരിക്കും ഞെട്ടിക്കുക തന്നെ ചെയ്‌തു. സംസ്ഥാന സെക്രട്ടറിയേറ്റ്‌ വി.എസിന്റെ പേരെടുത്ത്‌ പറഞ്ഞ്‌ പുറത്തിറക്കിയ പത്രക്കുറിപ്പിനെതിരെയാണ്‌ വി.എസ്‌ പരസ്യമായി രംഗത്തുവന്നത്‌. വി.എസിന്റെ നടപടിക്കെതിരെ ഔദ്യോഗിക നേതൃത്വം കേന്ദ്രനേതൃത്വത്തിന്‌ പരാതി നല്‍കുകയും ചെയ്‌തു. ഇതോടെ കേന്ദ്രനേതൃത്വം പണ്‌ട്‌ ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌തുവെന്ന്‌ അവകാശപ്പെട്ട വിഭാഗീയതയെന്ന ക്യാന്‍സര്‍ മാരകമായ രീതിയില്‍ തന്നെ പാര്‍ട്ടിയില്‍ അവശേഷിക്കുന്നുവെന്ന്‌ വ്യക്തമാവുകയും ചെയ്‌തു.

ഇതിന്റെ വ്യക്തമായ തെളിവാണ്‌ പാര്‍ട്ടി നല്‍കിയ അന്ത്യ ശാസനങ്ങളെല്ലാം അവഗണിച്ചുകൊണ്‌ടുള്ള വി.എസിന്റെ മുന്നോട്ടുള്ള പോക്ക്‌. പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കിയ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ കാണാന്‍ പോകരുതെന്ന പാര്‍ട്ടി സെക്രട്ടറിയുടെ വിലക്ക്‌ ലംഘിച്ച്‌ അവിടെ പോകുകയും അതിനുശേഷം മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ ഭക്ഷണം കഴിക്കാന്‍ വിലക്കുണ്‌ടെന്ന്‌ തുറന്നു പറയുകയും ചെയ്‌താണ്‌ വി.എസ്‌ കണ്ണൂരിലെ സഖാക്കള്‍ക്കെതിരെയുള്ള കണക്ക്‌ തീര്‍ത്തത്‌. ഇതിനു പിന്നാലെ കാസര്‍ഗോട്ടെ സഖാള്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടിക്കെതിരെ വി.എസ്‌ പരസ്യമായി പ്രതികരിക്കുകകൂടി ചെയ്‌തതോടെ സദാചാര വിരുദ്ധ നടപടികളുടെ പേരില്‍ തുടര്‍ച്ചയായി രണ്‌ടു ജില്ലാ സെക്രട്ടറിമാരെ നഷ്‌ടമായതിന്റെ ക്ഷീണത്തിലിരുന്ന ഔദ്യോഗിക പക്ഷത്തിന്‌ വി.എസിനെ അടിക്കാന്‍ കിട്ടിയ നല്ലൊരു വടി ലഭിക്കുകയും ചെയ്‌തു.

ഔദ്യോഗിക നേതൃത്വം പരാതിയുമായി കേന്ദ്രനേതൃത്വത്തെ സമീപിക്കുമ്പോഴും വി.എസിന്റെ ഇപ്പോഴത്തെ കൂസലില്ലായ്‌മയാണ്‌ ഔദ്യോഗികപക്ഷത്തെപ്പോലും അമ്പരിപ്പിക്കുന്നത്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയും മുന്നണിയും മികച്ച പ്രകടനം പുറത്തെടുത്തതിന്‌ കാരണം തന്റെ വിലപ്പെട്ട പ്രതിച്ഛായയാണെന്ന്‌ കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും ഒരുപോലെ അംഗീകരിച്ച സ്ഥിതിക്ക്‌ പോളിറ്റ്‌ ബ്യൂറോയില്‍ നിന്ന്‌ പുറത്താക്കിയതുപോലെ തനിക്കെതിരെ ഇനിയൊരു അച്ചടക്ക നടപടിക്ക്‌ പാര്‍ട്ടി രണ്‌ടുവട്ടം ആലോചിക്കേണ്‌ടി വരുമെന്ന വി.എസിന്റെ കണക്കുക്കൂട്ടലാണ്‌ ഇത്തരം നീക്കങ്ങള്‍ക്ക്‌ പിന്നിലെന്ന്‌ ഔദ്യോഗിക നേതൃത്വം കരുതുന്നു. അതുകൊണ്‌ടു തന്നെ പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെ പിണറായി പക്ഷത്തെ ദുര്‍ബലമാക്കാനും കൂടെയുള്ളവരുടെ കൊഴിഞ്ഞുപോക്ക്‌ തടയാനും കടുത്ത നടപടികളും പ്രഖ്യാപനങ്ങളുമായി വി.എസ്‌ ഇനിയും രംഗത്തുവരുമെന്നും അവര്‍ കണക്കുക്കൂട്ടുന്നു.

ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന സദാചാര വിരുദ്ധ ആരോപണങ്ങളിലും സാമ്പത്തിക ക്രമക്കേടുകളിലും പ്രതിസ്ഥാനത്തു നില്‍ക്കുന്നത്‌ ഔദ്യോഗിക പക്ഷക്കാരാണെന്നത്‌ വി.എസിന്‌ കൂടുതല്‍ ഊര്‍ജം പകരുന്ന ഘടകമാണ്‌. ശശിക്കും ഗോപിക്കും പുറമെ പറവൂര്‍ പീഡനക്കേസില്‍ അറസ്റ്റിലായ മഴുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പിണറായി പക്ഷക്കാരനുമായ തോമസ്‌ വര്‍ഗീസിനെ ഉപയോഗിച്ച്‌ വി.എസ്‌.പക്ഷത്തെ ഒരു മുന്‍ മന്ത്രിയെ കുടുക്കാന്‍ പിണറായി പക്ഷം ഒരുക്കിയ കെണിയായിരുന്നു സത്യത്തില്‍ ഗോപി കോട്ടമുറിക്കലിന്റെ പതനത്തില്‍ കലാശിച്ചത്‌. മുന്‍മന്ത്രിയെ കാണാനാണ്‌ തിരുവനന്തപുരത്ത്‌ പെണ്‍കുട്ടിയുമായി പോയതെന്ന്‌ തോമസ്‌ വര്‍ഗീസ്‌ െ്രെകംബ്രാഞ്ചിനു നല്‍കിയ മൊഴി വിഭാഗീയ നീക്കമാണെന്നറിഞ്ഞ വി.എസ്‌. പക്ഷം മാസങ്ങള്‍ക്കു മുമ്പേ ജില്ലാ സെക്രട്ടറിക്കെതിരെ തെളിവുസഹിതം തങ്ങള്‍ക്കു കിട്ടിയിരുന്ന പരാതി പൊടിതട്ടിയെടുത്ത്‌ ഉന്നയിക്കുകയായിരുന്നു.

സഖാക്കള്‍ പരസ്‌പരം ഒളി ക്യാമറ ഉപയോഗിച്ച്‌ വാരിക്കുഴികള്‍ ഒരുക്കുകയും അവസരം വരുമ്പോള്‍ വെട്ടി വീഴ്‌ത്തുകയും ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ എന്തായാലും സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അത്രനല്ല സൂചനയല്ല തരുന്നത്‌. ഒളി ക്യാമറകള്‍ പാര്‍ട്ടിയില്‍ ഇനിയും ആവര്‍ത്തിക്കപ്പെട്ടേക്കാം. അങ്ങനെയെങ്കില്‍ അഴിഞ്ഞുവീഴുന്നത്‌ ആരുടെയൊക്കെ മുഖംമൂടിയായിരിക്കുമെന്നേ ഇനി നമുക്ക്‌ കണ്‌ടറിയാനുള്ളു.

വെട്ടാനും വെട്ടിനിരത്താനുമുള്ള ആവേശവുമായി ഔദ്യോഗിക പക്ഷവും വി.എസ്‌ പക്ഷവും നടത്തുന്ന നീക്കങ്ങള്‍ ആത്യന്തികമായി അനേകായിരം സഖാക്കളുടെ ചോരയും വിയര്‍പ്പുംകൊണ്‌ട്‌ കെട്ടിപ്പടുത്ത ഒരു പ്രസ്ഥാനത്തെയും അതില്‍ വിശ്വസിക്കുന്ന ലക്ഷക്കണക്കിന്‌ ജനങ്ങളെയുമാണ്‌ ബാധിക്കുക. ഈ തിരിച്ചറിവ്‌ സഖാക്കള്‍ക്കുണ്‌ടാകാത്തിടത്തോളംകാലം സ്റ്റിംഗ്‌ ഓപ്പറേഷനുകളും വെട്ടിനിരത്തലുകളും പാര്‍ട്ടിയില്‍ തുടര്‍ന്നുകൊണ്‌ടേയിരിക്കുമെന്നാണ്‌ ഗോപി കോട്ടമുറിക്കല്‍ അധ്യായവും കേരളത്തിലെ ജനങ്ങളോട്‌ വിളിച്ചു പറയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക