Image

അംബാസിഡര്‍ മീരാ ശങ്കറിന്‌ രാജകീയ യാത്രയയപ്പ്‌

ജോയിച്ചന്‍ പുതുക്കുളം Published on 05 August, 2011
അംബാസിഡര്‍ മീരാ ശങ്കറിന്‌ രാജകീയ യാത്രയയപ്പ്‌
വാഷിംഗ്‌ടണ്‍ ഡി.സി: ഇന്ത്യന്‍- അമേരിക്കന്‍ സഹകരണത്തില്‍ സുവര്‍ണ്ണ അധ്യായമെഴുതി, സേവന കാലാവധി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വിദേശകാര്യ വകുപ്പില്‍ നിന്നും വിരമിക്കുന്ന അംബാസിഡര്‍ മീരാ ശങ്കറിന്‌ ഇന്ത്യന്‍ - അമേരിക്കന്‍ സമൂഹം പ്രൗഢഗംഭീരമായ യാത്രയയപ്പ്‌ നല്‍കി. ജൂലൈ 24-ന്‌ വിഷിംഗ്‌ടണിനടുത്തുള്ള വിയന്ന സിറ്റിയില്‍ സ്ഥിതിചെയ്യുന്ന ബോംബെ തണ്ടൂര്‍ റസ്റ്റോറന്റ്‌ ഹാളിലാണ്‌ യാത്രയയപ്പ്‌ സമ്മേളനം നടന്നത്‌.

ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിലെ പ്രമുഖരുടെ കൂടിച്ചേരലിന്‌ `ഏഷ്യന്‍ ഫോര്‍ച്യൂണ്‍' എന്ന്‌ വിശേഷിപ്പിച്ച ഈ ചടങ്ങില്‍ 160-ലേറെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. ഒബാമ ഭരണകൂടത്തെ പ്രതിനിധീകരിച്ച്‌ അസിസ്റ്റന്റ്‌ സെക്രട്ടറി റോബര്‍ട്ട്‌ ബ്‌ളേക്ക്‌ അടക്കം നിരവധി പേര്‍ മീരാ ശങ്കറിന്‌ ആശംസകള്‍ നേരാന്‍ എത്തിയിരുന്നു.

ഹിലാരി ക്ലിന്റണോടൊപ്പം മൂന്നുദിവസം നീണ്ടുനിന്ന ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞ്‌ മടങ്ങിയെത്തിയ റോബര്‍ട്ട്‌ ബ്‌ളേക്കായിരുന്നു ചടങ്ങിലെ മുഖ്യ പ്രഭാഷകനും. ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ നടന്ന സന്ദര്‍ശനവും, ചര്‍ച്ചകളും വന്‍ വിജയമായിരുന്നുവെന്നും, സുരക്ഷ, സാമ്പത്തികം, സിവില്‍, ന്യൂക്ലിയര്‍ സഹകരണം എന്നീ മേഖലകളില്‍ സഹകരിക്കാനുള്ള ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്നും അസിസ്റ്റന്റ്‌ സെക്രട്ടറി റോബര്‍ട്ട്‌ ബ്‌ളേക്ക്‌ അറിയിച്ചു. ഒക്‌ടോബര്‍ 13-ന്‌ വാഷിംഗ്‌ടണില്‍ വെച്ച്‌ ഇരു രാജ്യങ്ങളും തമ്മില്‍ വിദ്യാഭ്യാസ ഉച്ചകോടി സമ്മേളനം നടത്തുവാനും തീരുമാനമായിട്ടുണ്ടെന്ന്‌ സെക്രട്ടറി ബ്‌ളേക്ക്‌ അറിയിച്ചു.

അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ മൂന്നുമാസം മുതല്‍ ആറുമാസം വരെ ഇന്ത്യയില്‍ പഠിക്കുവാനും, ഇന്റേണ്‍ഷിപ്പ്‌ ചെയ്യുവാനുമുള്ള `പാസ്‌പോര്‍ട്ട്‌ ടു ഇന്ത്യ' എന്ന പദ്ധതിയും ഈ ഉച്ചകോടിയോടനുബന്ധിച്ച്‌ നിലവില്‍ വരുമെന്ന്‌ സെക്രട്ടറി ബ്‌ളേക്ക്‌ അറിയിച്ചു.

മീരാ ശങ്കറിന്റെ കാലയളവില്‍ അമേരിക്ക - ഇന്ത്യ ബന്ധം പുതിയ മാനങ്ങള്‍ കൈവരിച്ചുവെന്നും ഈ കാലയളവില്‍ നടന്ന പ്രസിഡന്റ്‌ ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അമേരിക്കന്‍ സന്ദര്‍ശനം ഇവയെല്ലാം വന്‍ വിജയമായിരുന്നുവെന്ന്‌ സെക്രട്ടറി ബ്‌ളേക്ക്‌ അറിയിച്ചു.

ഏതൊരു സ്ഥാനപതിയെ പോലെ തനിക്കും ഒട്ടനവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഇന്ത്യന്‍ സമൂഹം തനിക്ക്‌ നല്‍കിയ പിന്തുണയും സഹകരണവും അതിന്റെ ഭാരം ലഘൂകരിക്കാന്‍ സാധിച്ചുവെന്ന്‌ മീരാ ശങ്കര്‍ തന്റെ മറുപടി പ്രസംഗത്തില്‍ അനുസ്‌മരിച്ചു. 90-കളില്‍ താന്‍ ഇന്ത്യന്‍ എംബസിയില്‍ കൊമേഴ്‌സ്‌ വിഭാഗത്തില്‍ മിനിസ്റ്ററായി ജോലി നോക്കിയിരുന്ന സമയത്തുണ്ടായിരുന്ന ഇന്ത്യന്‍ സമൂഹം അല്ല ഇന്നുള്ളത്‌. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം വളരെ വളര്‍ന്നിരിക്കുന്നു. 90-കളില്‍ ഇന്ത്യയെ കുറിച്ച്‌ പല മിഥ്യാധാരണകളും നിലവിലുണ്ടായിരുന്നു. കഴിഞ്ഞ 20 വര്‍ഷക്കാലം ഇന്ത്യയ്‌ക്കും, അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കും വന്‍ വളര്‍ച്ചയുടെ കാലഘട്ടമായിരുന്നുവെന്ന്‌ മീരാ ശങ്കര്‍ വിലയിരുത്തി. പീപ്പിള്‍ ടു പീപ്പിള്‍ ഡിപ്ലോമസിയും ഈ മാറ്റങ്ങള്‍ക്ക്‌ സഹായകരമായിരുന്നുവെന്നും അംബാസിഡര്‍ പ്രതിപാദിച്ചു.

മലയാളിയായ ബിനോയി തോമസ്‌ പ്രസിഡന്റായുള്ള നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ ഏഷ്യന്‍ ഇന്ത്യന്‍ അസോസിയേഷനാണ്‌ മീരാ ശങ്കറിനുള്ള യാത്രയയപ്പ്‌ ഒരുക്കിയത്‌. അസിസ്റ്റന്റ്‌ സെക്രട്ടറി ഓഫ്‌ സ്റ്റേറ്റ്‌ റോബര്‍ട്ട്‌ ബ്‌ളേക്കിനു പുറമെ മീരാ ശങ്കറിന്റെ ഭര്‍ത്താവ്‌ അജയ്‌ ശങ്കര്‍, ഡപ്യൂട്ടി അംബാസിഡര്‍ അരുണ്‍കുമാര്‍ സിംഗ്‌, മേരിലാന്റ്‌ ഡപ്യൂട്ടി സെക്രട്ടറി ഓഫ്‌ സ്റ്റേറ്റ്‌ ഡോ. രാജന്‍ നടരാജന്‍, കോര്‍ഡിനേറ്റര്‍ ഡോ. സുരേഷ്‌ ഗുപ്‌ത എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രമുഖ ഇന്ത്യന്‍- അമേരിക്കന്‍ നേതാക്കളായ ഡോ. രേണുകാ മിശ്ര, ഡോ. ശംഭു ബാനിക്‌, ഡോ. പാര്‍ത്ഥ പിള്ള, വാള്‍ട്ടണ്‍ ഡോസണ്‍, സണ്ണി വൈക്ലിഫ്‌, ഡോ. ഹര്‍സ്വരൂപ്‌ സിംഗ്‌, സുനില്‍ സിംഗ്‌, ഡോ. യോഗേന്ദ്ര ഗുപ്‌ത തുടങ്ങിയവര്‍ യാത്രയയപ്പ്‌ സമ്മേളനത്തിന്‌ നേതൃത്വം നല്‍കി.
അംബാസിഡര്‍ മീരാ ശങ്കറിന്‌ രാജകീയ യാത്രയയപ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക