Image

കാര്‍പൂള്‍ സുഹൃത്തുക്കള്‍ക്ക്‌ അമ്പത്‌ പവന്‍ സ്വര്‍ണ്ണസമ്മാനം

ജോയിച്ചന്‍ പുതുക്കുളം Published on 05 August, 2011
കാര്‍പൂള്‍ സുഹൃത്തുക്കള്‍ക്ക്‌ അമ്പത്‌ പവന്‍ സ്വര്‍ണ്ണസമ്മാനം
ന്യൂയോര്‍ക്ക്‌: കാര്‍പൂള്‍ സുഹൃത്തുക്കള്‍ക്ക്‌ അമ്പത്‌ പവന്‍ സ്വര്‍ണ്ണം സമ്മാനം ലഭിച്ചു. ഓറഞ്ച്‌ബര്‍ഗിലെ നൈസ്‌പാക്ക്‌ കമ്പനിയിലെ ജീവനക്കാരായ തോമസ്‌ വര്‍ഗീസ്‌, ജേക്കബ്‌ ചാക്കോ, മാത്യു സി. ഏബ്രഹാം, സാജു ജേക്കബ്‌ എന്നിവര്‍ക്കാണ്‌ റോക്ക്‌ലാന്റ്‌ സെന്റ്‌ ജോണ്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ ധനശേഖരണാര്‍ത്ഥം നടത്തിയ റാഫിള്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ അമ്പത്‌ പവന്‍ സര്‍ണ്ണം ലഭിച്ചത്‌.

നാലു സുഹൃത്തുക്കളും ഒരുമിച്ചാണ്‌ സ്ഥിരമായി ജോലിക്കുപോകുന്നത്‌. ഒന്നിച്ചുള്ള ഈ സഞ്ചാരവേളയിലാണ്‌ റാഫിള്‍ ടിക്കറ്റ്‌ എടുക്കുന്നതിനേപ്പറ്റി ചിന്തിക്കുന്നതും ഒടുവില്‍ ഒന്നാം സമ്മാനം നേടുന്നതും.

ജൂലൈ 17-ന്‌ ഞായറാഴ്‌ച ആരാധനയ്‌ക്കുശേഷം നടന്ന സമ്മേളനത്തില്‍ വെച്ച്‌ ഇവര്‍ നാലുപേരും ചേര്‍ന്ന്‌ വികാരി റവ.ഡോ. വര്‍ഗീസ്‌ എം. ദാനിയേലില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങി.

കഴിഞ്ഞവര്‍ഷം ജൂലൈയിലാണ്‌ റാഫിള്‍ നടത്തുന്നതിനായി ഇടവക തിരുമാനിച്ചത്‌. സമ്മാനമായ അമ്പത്‌ പവന്‍ സ്വര്‍ണ്ണവും വാങ്ങിച്ചുവെച്ചതിനുശേഷമാണ്‌ ടിക്കറ്റ്‌ വില്‍പ്പന തുടങ്ങിയതെന്ന അപൂര്‍വ്വതയും ഈ റാഫിളിനുണ്ട്‌. മാത്രവുമല്ല ടിക്കറ്റുകള്‍ ഇന്ത്യയിലുള്ളവര്‍ക്കുപോലും വിറ്റിരുന്നു. 2011 ജൂലൈ നാലിന്‌ നറുക്കെടുപ്പ്‌ നടത്തണമെന്ന മുന്‍ തീരുമാനം അനുസരിച്ച്‌ പാരീഷ്‌ഡേ കൂടിയായ ജൂലൈ നാലിനു തന്നെ നറുക്കെടുപ്പ്‌ നടത്തി.

നറുക്കെടുപ്പ്‌ ദിനത്തിന്‌ വിപുലമായ ക്രമീകരണങ്ങളാണ്‌ ഇടവക ഏര്‍പ്പെടുത്തിയത്‌. നാട്ടിന്‍പുറങ്ങളിലെ പള്ളി പെരുനാളില്‍ സംബന്ധിക്കുന്ന ഒരു പ്രതീതി ഉണ്ടാക്കിയെടുക്കുന്നതില്‍ സംഘാടകര്‍ വിജയിച്ചു. പള്ളിക്കുപുറത്ത്‌ രണ്ട്‌ പാര്‍ക്കിംഗ്‌ ലോട്ടുകളിലായിരുന്നു ക്രമീകരണങ്ങള്‍. നാടന്‍ ഭക്ഷണം, തുണിത്തരങ്ങളുടെ സ്റ്റാളുകള്‍ തുടങ്ങി വിവിധ ആകര്‍ഷകങ്ങള്‍ തയാറാക്കിയിരുന്നു. ജോബി കിടാരത്തിന്റെ നേതൃത്വത്തില്‍ ഗാനമേളയും ഉണ്ടായിരുന്നു.

വികാരി റവ.ഡോ. വര്‍ഗീസ്‌ എം. ദാനിയേലാണ്‌ എല്ലാ ക്രമീകരണങ്ങള്‍ക്കും നേതൃത്വം നല്‍കിയത്‌. അജിത്ത്‌ വട്ടശ്ശേരില്‍, ജോര്‍ജ്‌ വര്‍ഗീസ്‌, തോമസ്‌ വര്‍ഗീസ്‌, കെ.ജി ഉമ്മന്‍, എബി കെ. വര്‍ഗീസ്‌, ഷാജി വര്‍ഗീസ്‌, ജോജി കിടാരത്തില്‍, ബിജോ കെ. തോമസ്‌ എന്നിവരുടെ കഠിനാധ്വാനം മേള വന്‍ വിജയമാക്കുവാന്‍ സഹായിച്ചു. പബ്ലിസിറ്റി കമ്മിറ്റിക്കുവേണ്ടി അജിത്ത്‌ വട്ടശ്ശേരില്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌. (845 821 0627).
കാര്‍പൂള്‍ സുഹൃത്തുക്കള്‍ക്ക്‌ അമ്പത്‌ പവന്‍ സ്വര്‍ണ്ണസമ്മാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക