Image

മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്ക: `ഇന്‍ഡ്യയും സമാധാനത്തിന്റെ സാംസ്‌ക്കാരിക രൂപീകരണവും'

മണ്ണിക്കരോട്ട്‌ Published on 05 August, 2011
മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്ക: `ഇന്‍ഡ്യയും സമാധാനത്തിന്റെ സാംസ്‌ക്കാരിക രൂപീകരണവും'
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്കയുടെ ജൂലൈ (2011) സമ്മേളനം 31-ന്‌ വൈകീട്ട്‌ 4 മണിയ്‌ക്ക്‌ സ്റ്റാഫൊര്‍ഡ്‌ സിറ്റിയിലുള്ള ഹെരിറ്റേജ്‌ ഇന്‍ഡ്യ റെസ്റ്റൊറന്റില്‍ സമ്മേളിച്ചു. ഗാന്ധിയന്‍ സ്റ്റഡീസ്‌ പ്രോഗ്രാമിന്റെ ഡയറ്‌ക്ടറായ പ്രൊഫ. എം.പി. മത്തായി ആയിരുന്നു മുഖ്യാതിഥി.

ജോര്‍ജ്‌ മണ്ണിക്കരോട്ടിന്റെ അദ്ധ്യക്ഷതിയില്‍ നടന്ന സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. അദ്ധ്യക്ഷന്റെ സ്വാഗതപ്രസംഗത്തിനുശേഷം സെക്രട്ടറി ജി. പുത്തന്‍കുരിശ്‌ മലയാളം സൊസൈറ്റിയെക്കുറിച്ച്‌ ചുരുക്കമായി വിവരിച്ചു. തുടര്‍ന്ന്‌ പ്രൊഫ. എം. പി. മത്തായി മുഖ്യപ്രഭാഷണം ആരംഭിച്ചു. ഭാഷയുടെ ഇന്നത്തെ അപചയസ്ഥിതിയെക്കുറിച്ചുള്ള തുടക്കത്തോടുകൂടിയായിരുന്നു പ്രഭാഷണം ആരംഭിച്ചത്‌. `ഭാഷയ്‌ക്ക്‌ അപചയം സംഭവിച്ചുകൊണ്ടിരിക്കുന്നു. ശൂദ്ധമലയാളം കുറയുകയും ഇംഗ്ലീഷിന്റെ കലര്‍പ്പ്‌ ഏറിവരികയുമാണ്‌. വായിക്കാന്‍ വേണ്ട പരിശീലനമില്ലാതെ കുട്ടികള്‍ വളരുന്നു. അത്‌ സംസ്‌ക്കാരത്തേയും ബാധിക്കുന്നു. സംസ്‌ക്കാരത്തിന്റെ അസ്‌തിത്വം ഭാഷയാണ്‌.' അദ്ദേഹം അറിയിച്ചു.

തുടര്‍ന്ന്‌ കള്‍ച്ചര്‍ ഓഫ്‌ പീസ്‌ & ഇന്‍ഡ്യ എന്ന വിഷയത്തെ ആസ്‌പദമാക്കി പ്രഭാഷണം തുടര്‍ന്നു. `സമാധാനത്തിന്റെ സാംസ്‌ക്കാരിക രൂപീകരണം മനുഷ്യമനസ്സില്‍ ആരംഭിച്ച്‌ മനുഷ്യ ബന്ധങ്ങളില്‍ ദൃഡമാകുകുന്നു. ക്രമേണ അത്‌ മനുഷ്യന്റെ പ്രവര്‍ത്തന മേഖലകളില്‍ വ്യാപിക്കുകയും പ്രകടമാകുകയും ചെയ്യുന്നു. നിഷേധാത്മകമായത്‌ ഉപേക്ഷിയ്‌ക്കുകയും ഭാവനാത്മകമായതിനെ വളര്‍ത്തുകയും പ്രചരിപ്പിക്കുകയുമാണ്‌ സമാധാന സംസ്‌ക്കാരം. ഇതിന്‌ ദൃഷ്ടാന്തമായിരുന്നു മഹാത്മഗാന്ധി.' അദ്ദേഹം വ്യക്തമാക്കി. `3-ാം സഹസ്രാബ്‌ദത്തിന്റെ ആദ്യ ദശാബ്‌ദം കുട്ടികളെ സമാധാനത്തിന്റെ മൂല്യങ്ങള്‍ പഠിപ്പിക്കാനും വളര്‍ത്താനുമുള്ള ദശാബ്‌ദമായി യു.എന്‍. പ്രഖ്യാപിച്ചിരുന്നു. അതുപോലെ എല്ലാ വര്‍ഷത്തെയും ഒക്ടോബര്‍ രണ്ട്‌ അതായത്‌ ഗാന്ധിജിയുടെ ജന്മദിനം അഹിംസാദിനമായി ആചരിക്കാന്‍ യു.എന്‍. പ്രഖ്യാപിച്ചിട്ടുമുണ്ട്‌. ഇതൊക്കെയും ആഗോളതലത്തില്‍ ഇന്‍ഡ്യയ്‌ക്ക്‌ ഗാന്ധിജിയില്‍നിന്ന്‌ ലഭിച്ചിട്ടുള്ള വന്‍ നേട്ടങ്ങളാണ്‌. മാത്രമല്ല ഇതെല്ലാം സമാധാനത്തിന്‌ കൂടുതല്‍ അര്‍ത്ഥം പകരുന്നതുമാണ്‌.' പ്രൊഫ. മത്തായി വിവരിച്ചു.

മുഖ്യപ്രഭാഷണത്തിനു ശേഷം നടന്ന ചര്‍ച്ച വളരെ സജീവമായിരുന്നു. ജി. പുത്തന്‍കുരിശ്‌, എ.സി. ജോര്‍ജ്‌, ജോളി വില്ലി, സക്കറിയ വില്ലി, ടി.എന്‍. സാമുവല്‍, ഡോ. മോളി മാത്യു, ജോണ്‍ മാത്യു, വി.ഒ. വര്‍ഗീസ്‌, ജോണ്‍ കുന്നത്ത്‌. തോമസ്‌ വര്‍ഗ്ഗീസ്‌, മാത്യു വര്‍ക്കി, നൈനാന്‍ മാത്തുള്ള, നൈനാന്‍ വീട്ടിനാല്‍, ഡോ. സാലസ്‌ ഏബ്രഹാം, എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

മലയാളം സൊസൈറ്റിയുടെ വൈസ്‌ പ്രസിഡന്റ്‌ ജോളി വില്ലിയുടെ നന്ദി പ്രസംഗത്തോടെ സമ്മേളനം സമാപിച്ചു,

മലയാളം സൊസൈറ്റിയെക്കുറിച്ച്‌ വിവരങ്ങള്‍ക്ക്‌: മണ്ണിക്കരോട്ട്‌ (പ്രസിഡന്റ്‌) 281 857 9221, ജോളി വില്ലി (വൈസ്‌ പ്രസിഡന്റ്‌) 281 998 4917, ജി. പുത്തന്‍കുരിശ്‌ (സെക്രട്ടറി) 281 773 1217
മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്ക: `ഇന്‍ഡ്യയും സമാധാനത്തിന്റെ സാംസ്‌ക്കാരിക രൂപീകരണവും'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക