Image

ഗെയിംസ്‌ അഴിമതി: ഷീലാ ദീക്ഷിത്‌ രാജി വെയ്‌ക്കേണ്ട ആവശ്യമില്ലെന്ന്‌ കോണ്‍ഗ്രസ്‌

Published on 07 August, 2011
ഗെയിംസ്‌ അഴിമതി: ഷീലാ ദീക്ഷിത്‌ രാജി വെയ്‌ക്കേണ്ട ആവശ്യമില്ലെന്ന്‌ കോണ്‍ഗ്രസ്‌
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതിക്കേസിലുണ്ടായ സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്‌ രാജിവെയ്‌ക്കേണ്ട ആവശ്യമില്ലെന്ന്‌ കോണ്‍ഗ്രസ്‌. ഇതുസംബന്ധിച്ച്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ വസതിയില്‍ സമ്മേളിച്ച നേതൃയോഗത്തില്‍ ധനമന്ത്രി പ്രണബ്‌ മുഖര്‍ജി, പാര്‍ട്ടി മേല്‍നോട്ട ചുമതലയുള്ള നാലംഗ സമിതിയിലെ എ.കെ.ആന്റണി, അഹമ്മദ്‌ പട്ടേല്‍, ജനാര്‍ദന്‍ ദ്വിവേദി എന്നിവര്‍ പങ്കെടുത്തു.

മുഖ്യമന്ത്രിയെ സി.എ.ജി റിപ്പോര്‍ട്ട്‌ നിശിതമായി വിമര്‍ശിക്കുന്നുണ്ട്‌. എന്നാല്‍, കുറ്റക്കാരിയെന്ന്‌ വിധിയെഴുതാവുന്ന തെളിവായി സി.എ.ജി റിപ്പോര്‍ട്ടിനെ കാണാന്‍ കഴിയില്ലെന്ന്‌ യോഗം വിലയിരുത്തി.

2ജി ഇടപാടില്‍ എ. രാജ രാജിവെച്ചത്‌ സി.എ.ജി റിപ്പോര്‍ട്ട്‌ ആധാരമാക്കിയല്ല. സി.ബി.ഐ സമ്പാദിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌. കര്‍ണാടകത്തില്‍ ബി.ജെ.പി മുഖ്യമന്ത്രി യെദിയൂരപ്പ രാജിവെച്ചത്‌ ലോകായുക്ത അന്വേഷണ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ്‌. അന്വേഷണ റിപ്പോര്‍ട്ടും കണക്കുകളുടെ പരിശോധനാ റിപ്പോര്‍ട്ടും രണ്ടാണെന്നും നേതാക്കളുടെ യോഗം വിലയിരുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക