Image

അമേരിക്കയ്ക്ക് കടം കൊടുത്തിട്ടുള്ള രാജ്യങ്ങളില്‍ ഇന്ത്യ

Published on 07 August, 2011
അമേരിക്കയ്ക്ക് കടം കൊടുത്തിട്ടുള്ള രാജ്യങ്ങളില്‍ ഇന്ത്യ

'ക്രെഡിറ്റ് റേറ്റിങ്ങി' ല്‍ അമേരിക്ക പിന്നാക്കം പോയത് ഇന്ത്യയെയും അങ്കലാപ്പിലാക്കുന്നു. അമേരിക്കയ്ക്ക് ഏറ്റവുമധികം പണം കടം കൊടുത്തിട്ടുള്ള രാജ്യങ്ങളില്‍ പതിനാലാം സ്ഥാനത്താണ് ഇന്ത്യ. സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്കാണ് യു.എസ്. കടപ്പത്രങ്ങളില്‍ ഇന്ത്യ വന്‍തോതില്‍ പണമിറക്കിയത്.

4100 കോടി ഡോളറാണു യു.എസ്. കടപ്പത്രങ്ങളില്‍ ഇന്ത്യയ്ക്ക് ഇപ്പോഴുള്ള നിക്ഷേപം. ഏതാണ്ട് 1.83 ലക്ഷം കോടി രൂപ. ഇതിന്റെ സിംഹഭാഗവും റിസര്‍വ് ബാങ്കിന്റെതന്നെ നിക്ഷേപങ്ങളാണ്. ചിലതു മറ്റ് ഇന്ത്യന്‍ ബാങ്കുകളുടെയും.

യു.എസ്. കടപ്പത്രങ്ങളില്‍ നിക്ഷേപിച്ച തുക തിരക്കിട്ടു പിന്‍വലിക്കാനുള്ള തീരുമാനം റിസര്‍വ് ബാങ്ക് കൈക്കൊള്ളാനിടയില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. 

അമേരിക്കയുടെ മൊത്തം കടത്തിന്റെ 0.3 ശതമാനമേ വരൂ അത്. അമേരിക്കയുടെ കടത്തിന്റെ ആകെ തോത് 15 ലക്ഷം കോടി ഡോളറിനടുത്താണ്. നാലര ലക്ഷം കോടി ഡോളറാണു വിദേശ കടം.

അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ 'സ്റ്റാന്‍ഡേഡ് ആന്‍ഡ് പുവര്‍സ്' ഏറ്റവുമുയര്‍ന്ന 'എ.എ.എ.' യില്‍നിന്നു തൊട്ടടുത്ത 'എ.എ.' എന്ന റേറ്റിങ് നിലയിലേക്കാണ് അമേരിക്കയെ തരംതാഴ്ത്തിയത്. അമേരിക്ക പോയതോടെ ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, ഓസ്‌ട്രേലിയ, ജര്‍മനി എന്നീ രാജ്യങ്ങള്‍ക്കു മാത്രമാണിപ്പോള്‍ 'എഎഎ' റേറ്റിങ്ങുള്ളത്. അമേരിക്കയ്ക്കു പുറമെ, ബെല്‍ജിയം, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്കാണ് ' എഎ + ' റേറ്റിങ്ങുള്ളത്. ചൈനയ്ക്ക് 'എഎ-' റേറ്റിങ്ങാണുള്ളത്. ഇന്ത്യയ്ക്ക് 'ബിബിബി' റേറ്റിങ്ങും.

വാറന്‍ ബഫറ്റിന്റെ 'ബെര്ക്ക‍ക്ഷയര്‍ ഹാത്തവേ' യു.എസ്. കടപ്പത്രങ്ങളിലിറക്കിയിട്ടുള്ള പണം ഏതാണ്ട് ഇന്ത്യയുടെ നിക്ഷേപത്തിന്റെ അത്രതന്നെ വരും - 4000 കോടി ഡോളര്‍. യു.എസ്. കടപ്പത്രങ്ങളില്‍ ഏറ്റവുമധികം നിക്ഷേപിച്ചിട്ടുള്ള വിദേശരാജ്യം ചൈനയാണ്. ജപ്പാന്‍ രണ്ടാം സ്ഥാനത്തും ബ്രിട്ടന്‍ മൂന്നാമതുമാണ്.

ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ വികസിതരാജ്യങ്ങള്‍ ഈ പട്ടികയില്‍ ഇന്ത്യയുടെ പിറകിലാണുതാനും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക