Image

നിത്യസനാതന സത്യത്തെ കണ്ടെത്തിയ ഇടയശ്രേഷ്‌ഠന്‍: കെ.സി.ബി.സി

ജോയിച്ചന്‍ പുതുക്കുളം Published on 08 August, 2011
നിത്യസനാതന സത്യത്തെ കണ്ടെത്തിയ ഇടയശ്രേഷ്‌ഠന്‍: കെ.സി.ബി.സി
കൊച്ചി: നിത്യസനാതന സത്യത്തെ അജഗണങ്ങള്‍ക്ക്‌ മുമ്പില്‍ നവമായ രീതിയില്‍ അവതരിപ്പിച്ച ഇടയശ്രേഷ്‌ഠനായിരുന്നു ആര്‍ച്ചുബിഷപ്‌ കൊര്‍ണേലിയൂസ്‌ ഇലഞ്ഞിക്കല്‍. ക്രൈസ്‌തവ ദൈവശാസ്‌ത്രത്തിലും ഹൈന്ദവ തത്ത്വശാസ്‌ത്രത്തിലും ദൈവത്തെ കണ്ടെത്താന്‍ പരിശ്രമിച്ച ആര്‍ച്ചുബിഷപ്‌ വേദാന്ത പഠനത്തിലൂടെ ഉപനിഷത്തുകളില്‍ പാണ്‌ഡിത്യം നേടിയ അപൂര്‍വ്വം ക്രൈസ്‌തവ വ്യക്തികളില്‍ ഒരാളാണ്‌. ഹൈന്ദവദര്‍ശനങ്ങളിലുള്ള അഗാധമായ പാണ്‌ഡിത്യം ഇതരമതങ്ങളെ സഹോദരതുല്യം സ്‌നേഹിക്കാനും ആദരിക്കാനും അദ്ദേഹത്തെ പ്രാപ്‌തനാക്കി. ആഴമുള്ള ദൈവാനുഭവത്തില്‍ നിന്ന്‌ ഉരുത്തിരിഞ്ഞ കാവ്യഭാവനയിലൂടെ ക്രൈസ്‌തവ ഭക്തിഗാന രചനാരംഗത്ത്‌ പുതിയ പാത വെട്ടിത്തുറക്കാന്‍ അഭിവന്ദ്യപിതാവിന്‌ സാധിച്ചു.

അനേകായിരങ്ങളെ ദൈവത്തിങ്കലേക്ക്‌ അടുപ്പിക്കാന്‍ സഹായമാകുന്ന ഹൃദയസ്‌പര്‍ശിയായ ഗാനങ്ങള്‍ പിതാവിനെ എന്നും അനശ്വരനാക്കും. വിജയപുരം രൂപതയുടെ ആധുനിക കാലഘട്ടത്തിലെ നവീകരണങ്ങള്‍ക്ക്‌ അടിത്തറ പാകിയ പിതാവ്‌ വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്ത എന്ന നിലയിലും 1987 മുതല്‍ 1996 വരെ കേരള ലത്തീന്‍ കത്തോലിക്കാസഭയുടെ പരമാധ്യക്ഷനെന്ന നിലയിലും സഭയ്‌ക്കും സമൂഹത്തിനും നല്‌കിയ സേവനങ്ങള്‍ ഒരിക്കലും വിസ്‌മരിക്കാനാവില്ല. 1989 മുതല്‍ 1992 വരെ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അധ്യക്ഷനെന്ന നിലയില്‍ കേരളത്തിലെ ക്രൈസ്‌തവസഭകളുടെ ഐക്യത്തിനുവേണ്ടി നടത്തിയ പരിശ്രമങ്ങള്‍ അക്കാലത്ത്‌ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ലാളിത്യം, ദൃഢമായ വിശ്വാസം, ആഴവും പരപ്പുമുള്ള വിജ്ഞാനം, സ്‌നേഹവും സാഹോദര്യവും അടിസ്ഥാനമാക്കിയുള്ള കാര്യക്ഷമത എന്നിവ അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു.

ദൈവസ്‌നേഹംകൊണ്ടും പരസ്‌നേഹ പ്രവൃത്തികള്‍കൊണ്ടും ധന്യമായ ആര്‍ച്ചുബിഷപ്‌ കൊര്‍ണേലിയൂസ്‌ ഇലഞ്ഞിക്കലിന്റെ ദേഹവിയോഗം കേരള കത്തോലിക്കാസഭയ്‌ക്കും കേരള സമൂഹത്തിനും നികത്താനാവാത്ത വിടവാണെന്ന്‌ കെ.സി.ബി.സി. പ്രസിഡന്റ്‌ ആര്‍ച്ചുബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, വൈസ്‌ പ്രസിഡന്റ്‌ ആര്‍ച്ചുബിഷപ്‌ ഡോ. ഫ്രാന്‍സീസ്‌ കല്ലറക്കല്‍, സെക്രട്ടറി ജനറല്‍ ആര്‍ച്ചു ബിഷപ്‌ തോമസ്‌ മാര്‍ കൂറിലോസ്‌ എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ അഭിപ്രായപ്പെട്ടു.

റവ. ഡോ. സ്റ്റീഫന്‍ ആലത്തറ
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഔദ്യോഗികവക്താവ്‌, കെ.സി.ബി.സി./
ഡയറക്ടര്‍, പി.ഒ.സി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക