Image

യോങ്കേഴ്‌സില്‍ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ്‌ 13-ന്‌ ; സിറ്റി മേയര്‍ മുഖ്യാതിഥി

ജോയിച്ചന്‍ പുതുക്കുളം Published on 08 August, 2011
യോങ്കേഴ്‌സില്‍ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ്‌ 13-ന്‌ ; സിറ്റി മേയര്‍ മുഖ്യാതിഥി
യോങ്കേഴ്‌സ്‌: യോങ്കേഴ്‌സിലും സമീപ പ്രദേശങ്ങളിലുമുള്ള ഇന്ത്യക്കാരെ ഏകോപിപ്പിച്ചുകൊണ്ടുള്ള സംഘടനയാണ്‌ `ഇന്ത്യന്‍ അമേരിക്കന്‍ കൗണ്‍സില്‍ ഓഫ്‌ യോങ്കേഴ്‌സ്‌' എന്ന സംഘടന. ഇന്ത്യയുടെ വിവിധ സ്റ്റേറ്റുകളില്‍ നിന്നുള്ള പല പ്രമുഖ വ്യക്തികളും ഈ സംഘടനയില്‍ അംഗങ്ങളാണ്‌. സംഘടന മുന്‍കൈയെടുത്ത്‌ സിറ്റി ഓഫ്‌ യോങ്കേഴ്‌സ്‌ മേയറുടേയും, സിറ്റി കൗണ്‍സില്‍ മെമ്പര്‍മാരുടേയും അംഗീകാരത്തോടുകൂടി ഇന്ത്യയുടെ 65-മത്‌ സ്വാതന്ത്ര്യദിനാഘോഷവും, പതാക ഉയര്‍ത്തല്‍ ചടങ്ങും ഓഗസ്റ്റ്‌ 13-ന്‌ രാവിലെ 10 മണിക്ക്‌ യോങ്കേഴ്‌സ്‌ സിറ്റി ഹാളില്‍ വെച്ച്‌ വിപുലമായി നടത്തുമെന്ന്‌ സംഘടനയുടെ പ്രസിഡന്റും സാമൂഹ്യപ്രവര്‍ത്തകനും റിയല്‍എസ്റ്റേറ്റ്‌ ബിസിനസുകാരനുമായ ഹരിസിംഗ്‌ ഒരു പ്രസ്‌താവനയിലൂടെ അറിയിച്ചു.

ജാതിമത രാഷ്‌ട്രീയ ഭേദമെന്യേ എല്ലാവര്‍ക്കും സിറ്റി ഹാളില്‍ ഒത്തുചേരുവാനുള്ള സുവര്‍ണ്ണാവസരമാണിത്‌. അടുത്തകാലം വരെ ഇന്ത്യക്കാര്‍ക്ക്‌, പ്രത്യേകിച്ച്‌ മലയാളികള്‍ക്ക്‌ കടന്നുചെല്ലാന്‍ പറ്റാത്ത ഒരിടമായിരുന്നു സിറ്റി ഹാള്‍. യോങ്കേഴ്‌സ്‌ അമേരിക്കയിലെ ഏറ്റവും കൂടുതല്‍ വര്‍ണ്ണവിവേചനം നിലനിന്നുരുന്ന ഒരു സിറ്റിയുമാണ്‌. പക്ഷെ, ഇന്ന്‌ യോങ്കേഴ്‌സ്‌ സിറ്റി ഹാളില്‍ ആഫ്രിക്കന്‍ അമേരിക്കക്കാരും, സ്‌പാനീഷുകാരും കയറിപ്പറ്റിക്കഴിഞ്ഞു. ധാരാളം മലയാളികള്‍ യോങ്കേഴ്‌സില്‍ താമസിക്കുന്നുണ്ടെങ്കിലും ആരുംതന്നെ സിറ്റി ഹാളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ്‌ ഇന്ത്യന്‍ അമേരിക്കന്‍ കൗണ്‍സില്‍ ഓഫ്‌ യോങ്കേഴ്‌സ്‌ എന്ന സംഘടന രൂപീകരിച്ച്‌ ഇന്ത്യക്കാരുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനും, ഇന്ത്യക്കാരും മറ്റ്‌ രാജ്യക്കാരെപ്പോലെ സംഘിതരാണെന്നും തെളിയിച്ചുകൊണ്ട്‌ സിറ്റിയിലെ ഏതാനും പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ ഇന്ത്യക്കാര്‍ക്ക്‌ നേടിയെടുക്കാനും കഴിഞ്ഞത്‌. അവയില്‍ പ്രധാനപ്പെട്ട ഒരു സ്ഥാനമാണ്‌ പബ്ലിക്‌ സ്‌കൂള്‍ ബോര്‍ഡ്‌ പ്രസിഡന്റ്‌ എന്ന സ്ഥാനം. ആ സ്ഥാനം ലഭിച്ചിരിക്കുന്നത്‌ പരേഷ്‌ പട്ടേല്‍ എന്ന ചെറുപ്പക്കാരനാണ്‌. മലയാളികളാണ്‌ ഇന്ത്യക്കാരില്‍ ഭൂരിപക്ഷമെങ്കിലും ഔദ്യോഗിക സ്ഥാനത്തുള്ളവരെല്ലാംതന്നെ അന്യ സ്റ്റേറ്റുകളില്‍ നിന്നുള്ളവരാണ്‌.

ഇന്ത്യക്കാര്‍ നിരവധി പേര്‍ അധിവസിക്കുന്ന യോങ്കേഴ്‌സില്‍ ഇന്ത്യക്കാര്‍ക്ക്‌ അര്‍ഹമായ വിധത്തിലുള്ള അംഗീകാരം ലഭിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതിന്‌ തെളിവാണ്‌ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കുവേണ്ടി അവധി ദിവസം ആയിരുന്നിട്ടുകൂടി സിറ്റി ഹാള്‍ തുറന്നുതരുവാനും പൊതുജനത്തിന്‌ സംഘടിക്കാനും പ്രവര്‍ത്തിക്കാനുമുള്ള എല്ലാ സൗകര്യങ്ങളും ചെയ്‌തുതരാന്‍ സിറ്റി അധികൃതരെ പ്രേരിപ്പിക്കുവാന്‍ കാരണം.

പ്രസ്‌തുത പരിപാടിയുടെ ഉദ്‌ഘാടനകര്‍മ്മം നിര്‍വ്വഹിക്കുന്നത്‌ യോങ്കേഴ്‌സ്‌ സിറ്റി മേയര്‍ ഫിലിപ്പ്‌ അമിക്കോണിയാണ്‌. തദവസരത്തില്‍ യു.എസ്‌. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച്‌ നീത ലോയിയും, ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ സെനറ്റര്‍മാര്‍, അസംബ്ലിമെന്‍ മാര്‍, ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ജനറല്‍ പ്രഭു ദയാല്‍, വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി എക്‌സിക്യൂട്ടീവ്‌ റോബര്‍ട്ട്‌ അസ്റ്റോറിനോ, യോങ്കേഴ്‌സ്‌ പബ്ലിക്‌ സ്‌കൂള്‍ സുപ്രണ്ട്‌ ബര്‍നാഡ്‌ പിയേറോറാസിയോ, പബ്ലിക്‌ സ്‌കൂള്‍ പ്രസിഡന്റ്‌ പരേഷ്‌ പട്ടേല്‍ തുടങ്ങി അമേരിക്കന്‍ മുഖ്യധാരയില്‍ അറിയപ്പെടുന്ന നിരവധി മഹദ്‌വ്യക്തികള്‍ പങ്കെടുക്കും.

ഈ അവസരത്തില്‍ യോങ്കേഴ്‌സിന്റെ പ്രധാന്യത്തെപ്പറ്റി അല്‍പ്പം അറിഞ്ഞിരിക്കുന്നത്‌ നല്ലതാണ്‌. ഇന്ന്‌ ന്യൂയോര്‍ക്ക്‌ സ്റ്റേറ്റിലെ നാലാമത്തെ വലിയ സിറ്റിയാണ്‌ യോങ്കേഴ്‌സ്‌ സിറ്റി. ചരിത്രപരമായി വളരെ പ്രാധാന്യം ഈ സിറ്റിക്കുണ്ട്‌. യോങ്കേഴ്‌സ്‌ റെയിസ്‌വേയും എമ്പയര്‍ സിറ്റി കാസിനോയും സ്ഥിതിചെയ്യുന്നത്‌ യോങ്കേഴ്‌സിലാണ്‌. ഇന്ന്‌ ഒരു ദിവസം ശരാശരി അമ്പതിനായിരത്തോളം ജനങ്ങള്‍ ചൂതുകളിയിലൂടെ ഭാഗ്യം പരീക്ഷിക്കാന്‍ തൊട്ടടുത്തുള്ള സ്റ്റേറ്റുകളില്‍നിന്നുപോലും ഇവിടെ എത്തുന്നുണ്ട്‌. ന്യൂയോര്‍ക്കിലെ ജോര്‍ജ്‌ വാഷിംഗ്‌ടണ്‍ ബ്രിഡ്‌ജില്‍ നിന്നും പത്തുമിനിറ്റ്‌ ഡ്രൈവ്‌ ചെയ്‌താല്‍ യോങ്കേഴ്‌സില്‍ എത്താം. ഇന്റര്‍‌സ്റ്റേറ്റ്‌ ഹൈവേ 87-ഉം യോങ്കേഴ്‌സിന്റെ ഹൃദയഭാഗത്തുകൂടിയാണ്‌ കടന്നുപോകുന്നത്‌. സ്‌പെയിന്‍ പാര്‍ക്ക്‌, സോമില്‍ പാര്‍ക്ക്‌ വെ എന്നിവയെല്ലാം യോങ്കേഴ്‌സിനെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളാണ്‌. പ്രസിദ്ധമായ ഹഡ്‌സണ്‍ റിവറും യോങ്കേഴ്‌സിലെ ഒരു കാഴ്‌ചയാണ്‌. തിരക്കുപിടിച്ച ന്യൂയോര്‍ക്ക്‌ സിറ്റിയോട്‌ ചേര്‍ന്നു കിടക്കുന്ന യോങ്കേഴ്‌സിലെ ഗ്രാമീണ ഭംഗി ആസ്വദിക്കാന്‍ ന്യൂയോര്‍ക്ക്‌ സിറ്റിയില്‍ നിന്നുവരെ ആളുകള്‍ യോങ്കേഴ്‌സില്‍ എത്താറുണ്ട്‌.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ അന്നേദിവസം സിറ്റി ഹാളില്‍ വരുന്നവര്‍ക്ക്‌ കാര്‍ പാര്‍ക്കിംഗ്‌ സൗജന്യമായിരിക്കും. സിറ്റി ഹാളിലെ വിശാലമായ പാര്‍ക്കിംഗ്‌ ലോട്ട്‌ പബ്ലിക്കിന്‌ തുറന്നുകൊടുക്കാനുള്ള പ്രത്യേക സംവിധാനം സിറ്റി ഹാളുമായി ബന്ധപ്പെട്ട്‌ സംഘാടകര്‍ ചെയ്‌തിട്ടുണ്ട്‌. പഞ്ചാബി ചെറുപ്പക്കാരുടെ `ബങ്കാറ' നൃത്തം പ്രധാനപ്പെട്ട പരിപാടിയായിരിക്കും. പരിപാടികള്‍ക്കുശേഷം സിറ്റി മേയറുടെ വി.ഐ.പികള്‍ക്കുവേണ്ടിയുള്ള ഹാളില്‍ വെച്ച്‌ സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. തദവസരത്തില്‍ മേയറുമായി അടുത്തിടപഴകാനുള്ള അവസരം ലഭിക്കുന്നതാണ്‌.

ന്യൂയോര്‍ക്ക്‌ സ്റ്റേറ്റിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരറിയിപ്പായി കണക്കാക്കി ജാതിയുടേയോ, മതത്തിന്റേയോ, വ്യക്തിവൈരാഗ്യങ്ങളുടേയോ, സംഘടനയുടേയോ പേരില്‍ മാറിനില്‍ക്കാതെ നമ്മുടെ രാജ്യമായ ഇന്ത്യയോടും, നമ്മുടെ ജനങ്ങളോടുമുള്ള കൂറ്‌ നിലനിര്‍ത്താന്‍ പരിപാടികളില്‍ പങ്കെടുക്കണമെന്നും അതുവഴി നമ്മുടെ കൂട്ടായ്‌മ തെളിയിക്കാന്‍ മുന്നോട്ടുവരണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക: ഹരി സിംഗ്‌ (പ്രസിഡന്റ്‌) 914 439 7422, റവ. വര്‍ഗീസ്‌ ഏബ്രഹാം (വൈസ്‌ പ്രസിഡന്റ്‌) 914 584 1188, തോമസ്‌ കൂവള്ളൂര്‍ (പബ്ലിക്‌ റിലേഷന്‍സ്‌) 914 409 5772, സാക്‌ തോമസ്‌ (ബോര്‍ഡ്‌ ചെയര്‍) 914 329 7542. പി.ആര്‍.ഒ തോമസ്‌ കൂവള്ളൂര്‍ അറിയിച്ചതാണിത്‌.

സിറ്റി ഹാളിന്റെ അഡ്രസ്‌: യോങ്കേഴ്‌സ്‌ സിറ്റി ഹാള്‍, 40 സൗത്ത്‌ ബ്രോഡ്‌വേ, യോങ്കേഴ്‌സ്‌, ന്യൂയോര്‍ക്ക്‌, എന്‍.വൈ 10701.
യോങ്കേഴ്‌സില്‍ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ്‌ 13-ന്‌ ; സിറ്റി മേയര്‍ മുഖ്യാതിഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക