Image

ഇന്ത്യ ക്രെഡിറ്റ് റേറ്റിങ്ങും കുറച്ചേക്കുമെന്ന് എസ്. ആന്‍ഡ് പി.

Published on 09 August, 2011
ഇന്ത്യ ക്രെഡിറ്റ് റേറ്റിങ്ങും കുറച്ചേക്കുമെന്ന് എസ്. ആന്‍ഡ് പി.

from Mathrubhumi


അമേരിക്കയുടെ സാമ്പത്തിക രംഗത്തുണ്ടായ പുതിയ പ്രതിസന്ധി ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യ -പസഫിക് രാജ്യങ്ങളില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കാനിടയുണ്ടെന്ന് അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍സ് (എസ്.ആന്‍ഡ് പി.) മുന്നറിയിപ്പു നല്‍കി. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് കുറച്ചതിന് പിന്നാലെ ഇന്ത്യ, ജപ്പാന്‍, മലേഷ്യ, ന്യൂസീലന്‍ഡ്, തയ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളുടെയും റേറ്റിങ് കുറയേ്ക്കണ്ടിവരുമെന്നാണ് ഈ മേഖല സംബന്ധിച്ച റിപ്പോര്‍ട്ടില്‍ എസ്. ആന്‍ഡ് പി. പറയുന്നത്.

അമേരിക്കയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ചയും ലോക വ്യാപകമായി ഓഹരി വിപണികളില്‍ ഇടിവുണ്ടായി. അസംസ്‌കൃത എണ്ണവില കുറയുകയും സ്വര്‍ണവില കൂടുകയും ചെയ്തു. ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യത്തില്‍ 23 പൈസയുടെ കുറവുണ്ടായി.

ഏഷ്യന്‍ രാജ്യങ്ങളില്‍ 2008ലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെക്കാളും കൂടുതല്‍ രൂക്ഷമായ പ്രതിസന്ധിയാണ് ഇത്തവണ ഉണ്ടാകാനിടയുള്ളതെന്നാണ് എസ്. ആന്‍ഡ് പി. മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്. മാന്ദ്യത്തിനു തൊട്ടു മുമ്പുള്ള അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ രാജ്യങ്ങളിലെ ഇപ്പോളത്തെ ധനശേഷി മെച്ചമല്ലെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്താനായി ഈ രാജ്യങ്ങള്‍ പ്രത്യേകമായി പണം നീക്കിവെക്കേണ്ടതുണ്ടെന്ന് എസ്. ആന്‍ഡ്.പി. നിര്‍ദേശിക്കുന്നു.

കടം തിരിച്ചടക്കാനുള്ള ശേഷിയെ വിലയിരുത്തുന്ന ക്രെഡിറ്റ് റേറ്റിങ്ങില്‍ അമേരിക്കയുടെ സ്ഥാനം 'എ.എ.എ' യില്‍ നിന്ന് 'എ.എ പ്ലസി' ലേക്ക് ഇടിഞ്ഞതാണ് ലോകത്താകെ വീണ്ടുമൊരു സാമ്പത്തിക മാന്ദ്യമുണ്ടായേക്കുമെന്ന ആശങ്കയ്ക്ക് കാരണം. എന്നാല്‍ ഇന്ത്യയെ ഇത് കാര്യമായി ബാധിക്കില്ലെന്നാണ് രാജ്യത്തെ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

വന്‍കിട രാജ്യങ്ങളിലുണ്ടായ പ്രതിസന്ധി രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാന്‍ സഹായിക്കുമെന്നും ഉത്പന്നവില പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായ സി. രംഗരാജന്‍ പറഞ്ഞു. എന്നാല്‍ കയറ്റുമതിക്കും മറ്റുമായി അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയും ആശ്രയിക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ പ്രതിസന്ധി ബാധിക്കും. നികുതി വരുമാനം കുറയുന്നതോടെ ഏഷ്യന്‍ രാജ്യങ്ങളുടെ ധനക്കമ്മി വീണ്ടുമുയരും.

അമേരിക്കന്‍ പ്രതിസന്ധി ഓഹരിക്കമ്പോളങ്ങളെ ഉലച്ച സാഹചര്യത്തില്‍ രാജ്യത്തിന്റെ പൊതുമേഖലാ ഓഹരി വിറ്റഴിക്കല്‍ പരിമിതപ്പെടുത്തിയേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 40000 കോടി രൂപയുടെ ഓഹരി വിറ്റഴിക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.

അമേരിക്കയുടെ സമ്പദ് വ്യവസ്ഥ ഇനിയും താഴേക്കു പോകുമെന്നും അതു മാന്ദ്യത്തിലേക്കു കൂപ്പുകുത്തുമെന്നുമുള്ള ആശങ്ക കാരണമാണ് ലോകവ്യാപകമായി തിങ്കളാഴ്ച ഓഹരി വിലകള്‍ ഇടിഞ്ഞത്. ഡൗജോണ്‍സ്, നാസ്ഡാക്ക്, എഫ്.ടി.എസ്.ഇ., നിക്കി തുടങ്ങി പ്രമുഖ ഓഹരിവില സൂചികകളെല്ലാം തിങ്കളാഴ്ച ഇടപാടു തുടങ്ങിയപ്പോള്‍തന്നെ രണ്ടു ശതമാനം മുതല്‍ നാലു ശതമാനം വരെ ഇടിഞ്ഞു.

സര്‍ക്കാറുകളുടെ കടബാധ്യത ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പറഞ്ഞതിനെത്തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളിലെ ഓഹരി വിപണിയില്‍ തിങ്കളാഴ്ച രാവിലെ നേരിയ ഉണര്‍വുണ്ടായിരുന്നു. എന്നാല്‍ പിന്നീടവയും താഴേക്കു പോയി. വെള്ളിയാഴ്ച ഓഹരി വിപണി കൂപ്പുകുത്തിയ സാഹചര്യത്തിലാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഇടപെട്ടത്.

അസംസ്‌കൃത എണ്ണവിലയില്‍ തിങ്കളാഴ്ച ലോക വിപണിയില്‍ വീപ്പയ്ക്ക് ശരാശരി മൂന്നു ഡോളറിന്റെ ഇടിവുണ്ടായി. ഏഷ്യന്‍ വിപണിയില്‍ രണ്ടു ശതമാനം ഇടിവു വന്നു. ആഗോള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച കുറയുന്നതോടെ എണ്ണയുടെ ഉപഭോഗം കുറയുമെന്ന കണക്കുകൂട്ടലിലാണ് എണ്ണവില കുറയുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നതുകൊണ്ട് ലോകമെങ്ങും സ്വര്‍ണവില ഉയരുകയാണ്.

ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം തിങ്കളാഴ്ച 44.97 രൂപയായി. രൂപയ്ക്ക് ആറാഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ മൂല്യമാണിത്. പ്രശ്‌നം പടരുന്ന സാഹചര്യത്തില്‍ പരിഹാരത്തിന് സത്വര നടപടിയെടുക്കുമെന്ന് ജി-7 രാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സമ്പദ് മേഖലയെ രക്ഷിക്കുന്നതിന് ധീരമായ രാഷ്ട്രീയ തീരുമാനമെടുക്കാന്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും തയ്യാറാകണമെന്ന് ചൈന ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക