Image

കാലം ചെയ്‌ത ബിഷപ്‌ കൊര്‍ണേലിയൂസ്‌ ഇലഞ്ഞിക്കലിന്റെ സംസ്‌കാരം ഇന്ന്‌

Published on 09 August, 2011
കാലം ചെയ്‌ത  ബിഷപ്‌ കൊര്‍ണേലിയൂസ്‌ ഇലഞ്ഞിക്കലിന്റെ സംസ്‌കാരം ഇന്ന്‌
കൊച്ചി: കാലം ചെയ്‌ത വരാപ്പുഴ അതിരൂപത ആര്‍ച്ച്‌ ബിഷപ്‌ ഡോ.കൊര്‍ണേലിയൂസ്‌ ഇലഞ്ഞിക്കലിന്റെ ഭൗതികദേഹം ഇന്നു പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കബറടക്കും. രാവിലെ എട്ടുമണിക്ക്‌ വിലാപയാത്രയായി ഭൗതികശരീരം സെന്റ്‌ ഫ്രാന്‍സീസ്‌ അസീസി കത്തീഡ്രലില്‍നിന്ന്‌ എറണാകുളം സെന്റ്‌ ആല്‍ബര്‍ട്ട്‌സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്‌ടിലേക്കു കൊണ്‌ടുപോകും. അവിടെ തയാറാക്കിയിരിക്കുന്ന പന്തലില്‍ ഉച്ചയ്‌ക്കു രണ്‌ടു വരെ പൊതുജനങ്ങള്‍ക്ക്‌ അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യമുണ്‌ടായിരിക്കും. വൈകുന്നേരം മൂന്ന്‌ മണിക്ക്‌ സംസ്‌കാരശുശ്രൂഷകള്‍ തുടങ്ങും.

ദിവ്യബലിയില്‍ അഖിലേന്ത്യ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റ്‌ കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ മുഖ്യകാര്‍മികത്വം വഹിക്കും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി അനുസ്‌മരണസന്ദേശം നല്‌കും. കേരളത്തിലെ ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര സഭകളിലെ മെത്രാന്മാര്‍ ദിവ്യബലിയില്‍ സഹകാര്‍മികരായിരിക്കും. ദിവ്യബലിയെത്തുടര്‍ന്നു സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്ക ബാവ, കെസിബിസി പ്രസിഡന്റ്‌ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ എന്നിവര്‍ അനുസ്‌മരണപ്രഭാഷണങ്ങള്‍ നടത്തും. വത്തിക്കാനില്‍നിന്നുള്ള അനുശോചന സന്ദേശം അതിരൂപതാ ചാന്‍സലര്‍ റവ.ഡോ. വര്‍ഗീസ്‌ വലിയപറമ്പില്‍ വായിക്കും. ആര്‍ച്ച്‌ബിഷപ്പിന്റെ ഭൗതികശരീരം വിലാപയാത്രയായി ബാനര്‍ജിറോഡ്‌, ഷണ്‍മുഖം റോഡ്‌ വഴി ബ്രോഡ്‌വേയിലെത്തി സെന്റ്‌ ഫ്രാന്‍സീസ്‌ അസീസി കത്തീഡ്രലിലെ ക്രിപ്‌റ്റിലേക്കു സംവഹിച്ചു കബറടക്കം നടത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക