Image

കലാപം: ബ്രിട്ടീഷ് പ്രധാനമന്ത്രി ലണ്ടനിലേക്ക് മടങ്ങി

Published on 09 August, 2011
കലാപം: ബ്രിട്ടീഷ് പ്രധാനമന്ത്രി ലണ്ടനിലേക്ക് മടങ്ങി
ലണ്ടന്‍: ഉത്തര ലണ്ടനിലെ ടോട്ടന്‍ഹാമില്‍ പൊട്ടിപ്പുറപ്പെട്ട കലാപം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അവധിക്കാലം ആഘോഷിക്കുന്നത് വെട്ടിച്ചുരുക്കി ലണ്ടനിലേക്ക് മടങ്ങി. കലാപം നിയന്ത്രിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് കാമറൂണ്‍ അടിയന്തരമായി ലണ്ടനിലെത്തുന്നത്. കുടുംബത്തോടൊപ്പം ഇറ്റലിയില്‍ ആയിരുന്നു അദ്ദേഹം. ലണ്ടനില്‍ എത്തിയശേഷം അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടക്കും. കലാപത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര സെക്രട്ടറി തെരേസ മേയും ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണും വിദേശത്തുനിന്ന് അടിയന്തരമായി ലണ്ടനില്‍ എത്തിയിരുന്നു.

അതിനിടെ ഇവിടത്തെ പിന്നാക്കമേഖലകളില്‍ ഏറ്റുമുട്ടലും കൊള്ളയും തീവെപ്പും വ്യാപകമായി. എന്‍ഫീല്‍ഡ്, ബ്രിക്‌സ്ടണ്‍, ഡാല്‍സ്ടണ്‍, ഇസിങ്ടണ്‍ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ അനിഷ്ടസംഭവങ്ങളില്‍ പോലീസ് 170 പേരെ അറസ്റ്റുചെയ്തു. പോലീസിനെതിരെ ആക്രമണം രൂക്ഷമായതോടെ ഇതുവരെ 35 പോലീസ് ഓഫീസര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊതുമുതല്‍ കൊള്ളയടിക്കാനും നശിപ്പിക്കാനും തുടങ്ങിയതോടെ പോലീസ് കൂടുതല്‍ സേനയെ രംഗത്തിറക്കി.

മധ്യലണ്ടനിലെ പ്രശസ്ത വ്യാപാരകേന്ദ്രമായ ഓക്‌സ്ഫഡ് തെരുവില്‍ അമ്പതോളം വരുന്ന അക്രമിസംഘമാണ് കൊള്ള നടത്തിയത്. ബ്രിക്‌സ്ടണില്‍ ഞായറാഴ്ച രാത്രി ഇരുനൂറോളം വരുന്ന അക്രമികള്‍ വ്യാപകമായ കൊള്ള നടത്തിയെങ്കിലും രാവിലെയോടെ പോലീസ് നിയന്ത്രണമേറ്റെടുത്തു. സംഘം ചേര്‍ന്ന് സ്ഥാപനങ്ങളുടെ ചില്ലുകള്‍ തകര്‍ത്ത് കൊള്ളയടിക്കുന്ന സംഭവങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. പലയിടത്തും ആവശ്യത്തിന് പോലീസ് ഇല്ലാതിരുന്നതിനാല്‍ കൊള്ള തടയാനായില്ല.

ബ്രിട്ടനിലെ ചെലവുചുരുക്കല്‍ നടപടികളില്‍ പ്രതിഷേധിച്ചു നടന്ന അക്രമമെന്ന നിലയിലാണ് ടോട്ടന്‍ഹാമില്‍ തുടങ്ങിയ കലാപത്തെ ആദ്യം നേരിട്ടത്. തൊഴിലില്ലായ്മയും വംശീയപ്രശ്‌നവും നിലനില്‍ക്കുന്ന ഇവിടെ പോലീസ് അറസ്റ്റുചെയ്യാനുള്ള ശ്രമത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 29 കാരന്‍ കൊല്ലപ്പെട്ടതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക