Image

വമ്പിച്ച സമ്മാനങ്ങളുമായി അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഫാമിലി ക്രിസ്‌ത്യന്‍ ക്വിസ്‌

ജോസ്‌ കണിയാലി Published on 11 August, 2011
വമ്പിച്ച സമ്മാനങ്ങളുമായി അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഫാമിലി ക്രിസ്‌ത്യന്‍ ക്വിസ്‌
ന്യൂയോര്‍ക്ക്‌ : ക്രിസ്‌തുമസിനോടനുബന്ധിച്ച്‌ സംപ്രേക്ഷണം ആരംഭിക്കുന്ന വേള്‍ഡ്‌ ടു വേള്‍ഡ്‌ ടെലിവിന്റെ ആഭിമുഖ്യത്തില്‍ അമേരിക്കയിലെ പ്രവാസി മലയാളികളുടെ ചരിത്രത്തില്‍ ഇദംപ്രഥമമായി ക്വിസ്‌ മത്സരം നടത്തപ്പെടുന്നു. കുടുംബങ്ങള്‍ക്ക്‌ അതിമഹത്തായ പ്രാധാന്യം നല്‍കുന്ന നമ്മുടെ സംസ്‌ക്കാരത്തെ ഉയര്‍ത്തിപ്പിടിക്കുവാനായി 20 വയസ്സിനുമേലുള്ള ദമ്പതികള്‍ക്കാണ്‌ ഈ പ്രശ്‌നോത്തരിയില്‍ പങ്കെടുക്കുവാന്‍ കഴിയുന്നത്‌. പ്രത്യേക സാഹചര്യങ്ങളില്‍ 20 വയസ്സിനുമേലുള്ള സഹോദരീസഹോദരന്മാര്‍ക്കും (Brothers & Sisters) മത്സരിക്കാവുന്നതാണ്‌.

വേള്‍ഡ്‌ ടു വേള്‍ഡ്‌ ടെലിവിഷന്‍ തങ്ങളുടെ സംപ്രേക്ഷണ സമാരംഭത്തോടനുബന്ധിച്ച്‌ പ്രക്ഷേപണമാരംഭിക്കുന്ന ഫാമിലി ക്രിസ്‌ത്യന്‍ ക്വിസ്‌ വിജയികള്‍ക്ക്‌ വമ്പിച്ച സമ്മാനങ്ങളാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഒന്നാം സമ്മാനം നേടുന്ന ടീമിന്‌ പത്ത്‌ പവന്‍ സമ്മാനം ലഭിക്കുമ്പോള്‍ രണ്ടാം സ്ഥാന ടീമിന്‌ 5 പവനും, മൂന്നാം സമ്മാനമായി 2 പവനും ലഭിക്കുന്നു. ഇവയെക്കൂടാതെ പത്ത്‌ പ്രോത്സാഹന സമ്മാനങ്ങളും നല്‍കപ്പെടുന്നു. ഇതോടൊപ്പം `മറന്നിട്ടില്ല- മറക്കുകില്ലൊരിക്കലും' എന്ന പരിപാടിയിലൂടെ ഫാമിലി ക്രിസ്‌ത്യന്‍ ക്വിസിലെ മത്സരാര്‍ത്ഥികളെ വേള്‍ഡ്‌ ടു വേള്‍ഡ്‌ ടെലിവിഷന്‍ 56 രാജ്യങ്ങളിലുള്ള തങ്ങളുടെ പ്രേക്ഷകരെ പരിചയപ്പെടുത്തുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്‌. ഓരോ റൗണ്ടിലും മത്സരാര്‍ത്ഥികളുടെ ബൈബിള്‍ ജ്ഞാനത്തിന്റെയും, പൊതുവിജ്ഞാനത്തിന്റെയും അനുഭവസമ്പത്തിന്റെയും ആഴങ്ങള്‍ പരതുന്ന ഫാമിലി ക്രിസ്‌ത്യന്‍ ക്വിസ്‌ പ്രേക്ഷകരെ വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും പുത്തന്‍ മേച്ചില്‍പുറങ്ങളിലേക്ക്‌ നയിക്കുമെന്ന്‌ ഫാമിലി ക്രിസ്‌ത്യന്‍ ക്വിസ്‌ ഓര്‍ഗനൈസര്‍ ആയ ശ്രീ. ജസ്റ്റിന്‍ ചാമലക്കാലയും ശ്രീ. ജോര്‍ജ്‌ മാത്യുവും പ്രസ്‌താവിച്ചു.

ന്യൂയോര്‍ക്കില്‍വച്ച്‌ നടത്തപ്പെടുന്ന ഫാമിലി ക്രിസ്‌ത്യന്‍ ക്വിസില്‍ അപേക്ഷകരില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 99 ടീമുകള്‍ മാത്രമായിരിക്കും മത്സരിക്കുന്നത്‌. ഗാന്ധിജയന്തി ദിനമായ ഒക്‌ടോബര്‍ 2-ാം തീയതി ഞായറാഴ്‌ച ഉദ്‌ഘാടനം ചെയ്യപ്പെടുന്ന ഫാമിലി ക്രിസ്‌ത്യന്‍ ക്വിസ്‌ നടത്തപ്പെടുന്നത്‌ ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും. മറ്റ്‌ സംസ്ഥാനങ്ങളില്‍നിന്നും എത്തുന്ന മത്സരാര്‍ത്ഥികളെ എയര്‍പോര്‍ട്ടില്‍നിന്നും മത്സരവേദിയിലെത്തിക്കുവാനും മത്സരത്തിനുശേഷം എയര്‍പോര്‍ട്ടിലെത്തിക്കുവാനും പ്രത്യേക സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന്‌ സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ worldtoworld.tv യില്‍ ലഭ്യമാണ്‌.
വമ്പിച്ച സമ്മാനങ്ങളുമായി അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഫാമിലി ക്രിസ്‌ത്യന്‍ ക്വിസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക