Image

ആരോഗ്യസുരക്ഷാ പദ്ധതി ഭരണഘടനാ വിരുദ്ധമെന്ന്‌ കോടതി; ഒബാമയ്‌ക്ക്‌ തിരിച്ചടി

Published on 14 August, 2011
ആരോഗ്യസുരക്ഷാ പദ്ധതി ഭരണഘടനാ വിരുദ്ധമെന്ന്‌ കോടതി; ഒബാമയ്‌ക്ക്‌ തിരിച്ചടി
വാഷിംഗ്‌ണ്‍: അമേരിക്കയില്‍ ഈയിടെ നടപ്പാക്കിയ ആരോഗ്യസുരക്ഷാ പദ്ധതി ഭരണഘടനാ വിരുദ്ധമെന്ന്‌ അറ്റ്‌ലാന്റയിലെ അപ്പീല്‍ കോടതി വിധിച്ചു. ഇത്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ സ്വപ്‌നപദ്ധതിക്കേറ്റ കനത്ത തിരിച്ചടിയായി. ഈ വ്യവസ്‌ഥ കോണ്‍ഗ്രസിന്റെ അധികാര പരിധിക്കപ്പുറത്താണെന്നു കോടതി വ്യക്‌തമാക്കി.

ആരോഗ്യസുരക്ഷാ പദ്ധതി (അഫോഡബിള്‍ കെയര്‍ ആക്‌ട്‌ 2010) പ്രകാരം എല്ലാ പൗരന്മാരും ഇന്‍ഷുര്‍ ചെയ്യണമെന്നും അല്ലാത്തവര്‍ പിഴയടയ്‌ക്കണമെന്നുമുള്ള വ്യവസ്‌ഥയാണ്‌ അപ്പീല്‍ കോടതി തള്ളിയത്‌. നേരത്തേ ഫ്‌ളോറിഡയിലെ കീഴ്‌ക്കോടതി നിയമം അപ്പാടേ ഭരണഘടനാവിരുദ്ധമാണെന്നു പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, 3.2 കോടി ജനങ്ങള്‍ക്കു കൂടി ഇന്‍ഷുറന്‍സ്‌ പരിരക്ഷ ലഭ്യമാക്കുന്ന നിയമത്തിന്റെ മറ്റു വ്യവസ്‌ഥകള്‍ നടപ്പാക്കാന്‍ കോടതി അനുമതി നല്‍കി.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിയമത്തെ ശക്‌തമായി എതിര്‍ക്കുമ്പോള്‍ സ്വപ്‌നപദ്ധതിയായി ഡമോക്രാറ്റുകള്‍ ഇതിനെ കാണുന്നു. തങ്ങള്‍ ഭരണത്തില്‍ വന്നാല്‍ വ്യക്‌തിസ്വാതന്ത്ര്യം ഹനിക്കുന്ന നിയമം പിന്‍വലിക്കുമെന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ജീവിതകാലം മുഴുവന്‍ മാസംതോറും വന്‍തുക മുടക്കി തങ്ങള്‍ക്ക്‌ ഇഷ്‌ടമില്ലാത്ത ഇന്‍ഷുറന്‍സ്‌ പോളിസി എടുക്കണമെന്നു നിര്‍ബന്ധിക്കാന്‍ കോണ്‍ഗ്രസിന്‌ അധികാരമില്ലെന്ന നിലപാടായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടേത്‌. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍പ്പെട്ട 26 സംസ്‌ഥാന ഗവര്‍ണര്‍മാര്‍ നല്‍കിയ അപ്പീലിലാണ്‌ അറ്റ്‌ലാന്റ കോടതിയുടെ വിധി. മൂന്നംഗ ബെഞ്ചില്‍ ഒരു ജഡ്‌ജി മാത്രം വിയോജിപ്പു രേഖപ്പെടുത്തി.

അപ്പീല്‍ കോടതിയുടെ വിധിക്കെതിരെ ഒബാമ ഭരണകൂടം സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുമെന്നാണ്‌ സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക