Image

കോഴിക്കോട്ട് ഇറങ്ങേണ്ട എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ഇറങ്ങി

Published on 15 August, 2011
കോഴിക്കോട്ട് ഇറങ്ങേണ്ട എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ഇറങ്ങി
തിരുവനന്തപുരം: കോഴിക്കോട്ട് ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ വിമാനം യാതൊരു മുന്നറിയിപ്പുമില്ലാതെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങി. ഞായറാഴ്ച രാത്രി അബുദാബിയില്‍ നിന്ന് യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചര മണിക്കാണ് കോഴിക്കോട്ട് ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍, ആറര മണിയോടെ വിമാനം ഇറങ്ങിയത് തിരുവനന്തപുരം വിമാനത്താവളത്തില്‍.

പ്രതികൂല കാലാവസ്ഥമൂലമാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയത് എന്നായിരുന്നു എയര്‍ ഇന്ത്യ അധികൃതര്‍ ആദ്യം പറഞ്ഞത്. എന്നാല്‍, ഉച്ചവരെ യാത്രക്കാരെ കോഴിക്കോട്ട് എത്തിക്കാന്‍ എയര്‍ ഇന്ത്യ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പൈലറ്റ് ഡ്യൂട്ടി കഴിഞ്ഞു പോയെന്നും അടുത്ത പൈലറ്റ് എത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം കൈക്കൊള്ളാനാവുകയുള്ളൂവെന്നുമാണ് എയര്‍പോര്‍ട്ട് മാനേജര്‍ പറഞ്ഞതെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.

വിമാനം തിരുവനന്തപുരത്ത് ഇറങ്ങുന്ന കാര്യം തനിക്ക് അറിയില്ലെന്നും യാത്രക്കാര്‍ പൈലറ്റിനെ കൊണ്ടുവന്നാല്‍ കോഴിക്കോട്ടെത്തിക്കാമെന്നും എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജര്‍ പറഞ്ഞതായി ചില യാത്രക്കാര്‍ പരാതിപ്പെട്ടു.വിമാനം ഇറങ്ങിയിട്ട് അഞ്ചു മണിക്കൂര്‍ കഴിഞ്ഞെങ്കിലും സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാര്‍ക്ക് ഭക്ഷണമോ വെള്ളമോ നല്‍കാനും എയര്‍ ഇന്ത്യ അധികൃതര്‍ തയ്യാറായിട്ടില്ലെന്നും പരാതിയുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക