Image

മുത്തോലത്തച്ചന്‍ സംഭാവന നല്‍കിയ സമിരിറ്റന്‍ സെന്റര്‍ ഉദ്‌ഘാടനം ഓഗസ്റ്റ്‌ 21 ന്‌

ജോര്‍ജ്‌ തോട്ടപ്പുറം Published on 16 August, 2011
മുത്തോലത്തച്ചന്‍ സംഭാവന നല്‍കിയ സമിരിറ്റന്‍ സെന്റര്‍ ഉദ്‌ഘാടനം ഓഗസ്റ്റ്‌ 21 ന്‌
ഷിക്കാഗോ: കോട്ടയം ജില്ലയില്‍ നിര്‍ദ്ധനരായ നിരവധി കുടുംബങ്ങള്‍ക്ക്‌ അനുഗ്രഹമായി മാറിയ ചേര്‍പ്പുങ്കല്‍ ആഗാപേ സെന്ററിന്റെ സ്ഥാപകനായ മോണ്‍. എബ്രഹാം മുത്തോലത്ത്‌ സംഭാവന ചെയ്‌ത്‌ പണിതീര്‍ന്ന ചേര്‍പ്പുങ്കല്‍ സമിരിറ്റന്‍ റിസോഴ്‌സ്‌ സെന്ററര്‍ ഓഗസ്റ്റ്‌ 21 ന്‌ ഉദ്‌ഘാടനം ചെയ്യുന്നു.

കോട്ടയം അതിരൂപതയുടെ സോഷ്യല്‍ സര്‍വ്വീസ്‌ വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിക്ക്‌ മോണ്‍. എബ്രഹാം മുത്തോലത്ത്‌ സൗജന്യമായി നല്‍കിയ എട്ടുകോടിയോളം രൂപ വിലമതിക്കുന്ന തന്റെ പിതൃസ്വത്താണ്‌ ഒന്നേമുക്കാല്‍ കോടി മുടക്കി മോണ്‍.മുത്തോലത്ത്‌ സമിരിറ്റന്‍ റിസോഴ്‌സ്‌ പണികഴിപ്പിച്ചത്‌.

വികലാംഗരും, മൂകരും, നിര്‍ദ്ധനരുമായ ആളുകള്‍ക്ക്‌ സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള സൗജന്യ പരിശീലനം, സ്വാശ്രയസംഘത്തിന്റെ ആനിമേറ്റേഴ്‌സ്‌, ഗ്രൂപ്പ്‌ ലീഡേഴ്‌സ്‌ എന്നിവര്‍ക്ക്‌ പരിശീലനം നല്‍കുക ഉള്‍പ്പെടെ സാമൂഹിക, സേവനരംഗത്ത്‌ സമൂലമായ ഒരു പുനരുദ്ധാരണമാണ്‌ ചേര്‍പ്പുങ്കലില്‍ സ്ഥാപിതമാകുന്ന സമിരിറ്റന്‍ റിസോഴ്‌സ്‌ സെന്റര്‍ ഉദ്ദേശിക്കുന്നതെന്ന്‌ കോട്ടയം സര്‍വ്വീസ്‌ സൊസൈറ്റിയുടെ മുന്‍ സെക്രട്ടറിയും കൂടിയായ മോണ്‍. എബ്രഹാം മുത്തോലത്ത്‌ പറഞ്ഞു.
കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ സമിരിറ്റന്‍ റിസോഴ്‌സ്‌ സെന്ററിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കും.
ഓഗസ്റ്റ്‌ 21-ാം തീയതി കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ സെന്റര്‍ ആശീര്‍വദിക്കും.

21-ാം തീയതി ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ മാത്യു മൂലക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ കേരള ധനകാര്യവകുപ്പ്‌ മന്ത്രി കെ.എം. മാണി സെന്റര്‍ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ ചിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ അഗാപേ മദ്യവിമുക്ത പദ്ധതിയുടെ ഉദ്‌ഘാടനവും, കേരള റവന്യൂ വകുപ്പ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ സമിരിറ്റന്‍ പദ്ധതികളുടെ ഉദ്‌ഘാടനവും നിര്‍വഹിക്കും. മിയാവ്‌ രൂപതാ അദ്ധ്യക്ഷന്‍ ജോര്‍ജ്‌ പള്ളിപ്പറമ്പില്‍, മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ അനുഗ്രഹപ്രഭാഷണവും, ജോസ്‌ കെ.മാണി എം.പി., മുന്‍ മന്ത്രി മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ., ഫാ. റൊമാന്‍സ്‌ ആന്റണി, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബോബി കീക്കോലി, ജില്ലാ പോലീസ്‌ മേധാവി സി. രാജഗോപാല്‍ ഐ.പി.എസ്‌. എന്നിവര്‍ ആശംസാപ്രസംഗവും നടത്തും. മോണ്‍. എബ്രഹാം മുത്തോലത്ത്‌ ആമുഖപ്രസംഗവും, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ സ്വാഗതവും, ഫാ. ജിനു കാവില്‍ നന്ദിയും പറയും.

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രധാന്യം നല്‍കുന്ന മോണ്‍. എബ്രഹാം മുത്തോലത്ത്‌ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍പ്രദേശത്ത്‌ ആദിവാസികേന്ദ്രമായ മയാവ്‌ രൂപതയില്‍ രണ്ട്‌ ദൈവാലയങ്ങള്‍ തന്റെ സ്വന്തം ചെലവില്‍ പണികഴിപ്പിച്ച്‌ നല്‍കിയിട്ടുണ്ട്‌. ആഗസ്റ്റ്‌ 21-ാം തീയതി ചേര്‍പ്പുങ്കലില്‍ നടക്കുന്ന സമിരിറ്റന്‍ റിസോഴ്‌സ്‌ സെന്ററിന്റെ ഉദ്‌ഘാടനത്തിനും വെഞ്ചരിപ്പിനും എല്ലാവരേയും പ്രത്യേകമായി ക്ഷണിക്കുന്നു.
മുത്തോലത്തച്ചന്‍ സംഭാവന നല്‍കിയ സമിരിറ്റന്‍ സെന്റര്‍ ഉദ്‌ഘാടനം ഓഗസ്റ്റ്‌ 21 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക