Image

കിരണ്‍ബേദിക്കും ഓംപുരിക്കുമെതിരേ അവകാശലംഘന നോട്ടീസ്

Published on 29 August, 2011
കിരണ്‍ബേദിക്കും ഓംപുരിക്കുമെതിരേ അവകാശലംഘന നോട്ടീസ്

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചതിന് അണ്ണാ ഹസാരെ സംഘത്തിലെ കിരണ്‍ബേദിക്കും നടന്‍ ഓംപുരിക്കുമെതിരേ എം.പിമാര്‍ നല്‍കിയ അവകാശലംഘന നോട്ടീസ് ലോക്‌സഭാ സ്‌പീക്കര്‍ സ്വീകരിച്ചു. ഇത് പ്രിവിലേജ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. വിഷയം പരിഗണനയിലാണെന്ന് സ്‌പീക്കര്‍ മീരാ കുമാര്‍ അറിയിച്ചു. രാജ്യസഭയിലും ഇരുവര്‍ക്കുമെതിരേ നോട്ടീസ് നല്‍കിയിട്ടുണ്ട്.

 പി എല്‍ പുനിയ, ജഗദാംബിക പാല്‍, രാമശങ്കര്‍ രാജ്ഭാര്‍, ലാല്‍ചന്ദ് കതാരിയ, മിര്‍സ അസ്‌ലം ബേഗ് പ്രവീണ്‍ ആരോണ്‍, ശൈലേന്ദ്ര കുമാര്‍ എന്നിവര്‍ ലോക്‌സഭയിലും രാം ഗോപാല്‍ യാദവും മുഹമ്മദ് അദീബും രാജ്യസഭയിലും നോട്ടീസ് നല്‍കി. അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങള്‍ പതിവ് കാര്യങ്ങള്‍ മാറ്റിവച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് അവകാശ ലംഘന നോട്ടീസ് നല്‍കുന്നത്.

ഹസാരെയുടെ സമരത്തിനിടെ രാംലീലാ മൈതാനിയില്‍ വച്ചാണ് ബേദിയും പുരിയും എം.പിമാര്‍ക്കും മറ്റു രാഷ്ട്രീയക്കാര്‍ക്കുമെതിരെ രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയത്. രാഷ്ട്രീയക്കാര്‍ക്ക് പലവിധത്തിലുള്ള മുഖംമൂടികളുണ്ടെന്നും അവരെ വിശ്വസിക്കാനാവില്ലെന്നുമായിരുന്നു ബേദിയുടെ വിമര്‍ശനം. എം.പിമാരെപ്പറ്റി ഓംപുരി പറഞ്ഞതിങ്ങനെ: 'പാര്‍ലമെന്റംഗങ്ങളില്‍ ഭൂരിഭാഗവും അക്ഷരാഭ്യാസമില്ലാത്തവരാണ്. അപരിഷ്‌കൃതരും ഉപയോഗമില്ലാത്തവരുമാണവര്‍. അവര്‍ പരസ്‌പരം പോരടിക്കുന്നത് നോക്കൂ. ഒരാള്‍ മറ്റൊരാള്‍ക്ക് നേരെ കസേരകളും മൈക്കുകളും എറിയുന്നു.'

എന്നാല്‍ കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെ ഓംപുരി തന്റെ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തിയിരുന്നു. അല്‍പ്പം കൂടി മാന്യമായ ഭാഷ ഉപയോഗിക്കണമെന്നായിരുന്നു എന്ന് പിന്നീട് തോന്നിയെന്ന് അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക