Image

വീണ്ടും പ്രതീക്ഷിക്കാവുന്ന ജനകീയ സമരങ്ങള്‍...

Published on 30 August, 2011
വീണ്ടും പ്രതീക്ഷിക്കാവുന്ന ജനകീയ സമരങ്ങള്‍...
ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ സമരങ്ങളിലൊന്ന്‌ താത്‌കാലികമായിട്ടെങ്കിലും അവസാനിച്ചിരിക്കുന്നു. അണ്ണാഹസാരെയുടെ ഗാന്ധിയന്‍ സമരം ചരിത്രത്തില്‍ ഇടം നേടിയിരിക്കുമ്പോള്‍ ഒരു ചോദ്യം മാത്രമാണ്‌ അവശേഷിക്കുന്നത്‌. എന്തിനാണ്‌ കേന്ദ്രസര്‍ക്കാര്‍ ഈ സമരത്തിനു മുമ്പില്‍ ഒരു വലിയ നാടകം കളിച്ചത്‌. കേന്ദ്രസര്‍ക്കാര്‍ നടത്തിയത്‌ തികഞ്ഞ നാടകം കളിയാണെന്ന്‌ പറയുവാന്‍ തെളിവുകളൊന്നും വേണ്ട. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്‌ത്‌ പ്രണബ്‌ മുഖര്‍ജി നടത്തിയ പ്രസംഗത്തിലെ വരികളൊന്ന്‌ വായിച്ചാല്‍ മതി.

അണ്ണാഹസാരെ ലോക്‌പാല്‍ ബില്ലിനു വേണ്ടി നടത്തിയ സമരം രാജ്യത്തെ പുതിയ വഴിത്തിരിവിലെത്തിച്ചുവെന്നും, ഹസാരെ മുന്നോട്ടു വെച്ച ആശയങ്ങള്‍ അതീവ ഗൗരവമുള്ളതും ന്യായവുമാണെന്നും പ്രണബ്‌ മുഖര്‍ജി പറയുന്നു. ഇതൊക്കെയാണ്‌ കേന്ദ്രസര്‍ക്കാരിന്റെ നയമെങ്കില്‍ പിന്നെ എന്തിനാണ്‌ ആ വൃദ്ധനെ ഇത്രയും ദിവസം നിരാഹാരം കിടത്തിയത്‌. കേന്ദ്രസര്‍ക്കാരിലെ പ്രഭുക്കന്‍മാര്‍ ഇത്രക്ക്‌ വിശാലഹൃദയരായിരുന്നുവെങ്കില്‍ ഹസാരെയുടെ ആവശ്യങ്ങള്‍ തുടക്കത്തില്‍ തന്നെ അംഗീകരിക്കാമായിരുന്നല്ലോ.

ഒരു തരത്തിലും ഹസാരെയുടെ ആവശ്യങ്ങള്‍ അഥവാ ജനലോക്‌പാല്‍ ബില്ലിലെ വസ്‌തുതകള്‍ അംഗീകരിക്കാതെ രാജ്യത്തെ ഒരു സമരത്തിന്റെ പാതയിലേക്ക്‌ എത്തിച്ചിട്ട്‌ അവസാനം ഭരണകൂടം പരാജയപ്പെടുമെന്ന്‌ ഉറപ്പായപ്പോള്‍ ഞങ്ങളും ഹസാരെയും ഒന്നാണ്‌ എന്ന്‌ പറയുന്നത്‌ തരം താണ രാഷ്‌ട്രീയ നാടകം തന്നെ. ഇത്തരം നാടകങ്ങളിലേക്കാണ്‌ സര്‍ക്കാര്‍ ഇനിയും പോകുന്നതെങ്കില്‍ ഒരു ജനകീയ സംഘടനരൂപം കൈവന്ന ഹസാരെയുടെ അഴിമതി വിരുദ്ധ സമരസംഘത്തില്‍ നിന്നും ഇനിയും കടുത്ത സമരങ്ങള്‍ തന്നെയാണ്‌ പ്രതീക്ഷിക്കാനുള്ളത്‌.

ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം ഹസാരെയുടെ സമരം ഇപ്പോള്‍ തത്വത്തില്‍ അംഗീകരിച്ച സര്‍ക്കാര്‍ ഹസാരെയെ ചെറുത്തുകൊണ്ടിരുന്ന അവസരത്തില്‍ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണങ്ങള്‍ വരെ ഉന്നയിച്ചിരുന്നു എന്നതാണ്‌. ഏത്‌ വിധേനയും ഹസാരെയെ ഒതുക്കുവാനുള്ള ഒരു ശ്രമം നടന്നിരുന്നു എന്നും ഓര്‍ക്കേണ്ടതുണ്ട്‌. ഹസാരെ കോര്‍പ്പറേറ്റുകളുടെ ആളാണെന്നും അമേരിക്കയുടെ ഏജന്റാണെന്നും വരെ ബാലിശമായ പ്രചരണങ്ങള്‍ നടത്തപ്പെട്ടു. എന്നാല്‍ ഇതൊന്നും തെളിയിക്കാന്‍ രാഷ്‌ട്രീയ നേതൃത്വത്തിന്‌ കഴിഞ്ഞതുമില്ല. തീര്‍ത്തും പരാജയപ്പെട്ടപ്പോഴുള്ള ഒരു വഴങ്ങിക്കൊടുക്കല്‍ മാത്രമാണ്‌ സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നതെന്ന്‌ ഈ കാര്യങ്ങള്‍ കൊണ്ടു തന്നെ വ്യക്തം. ഇവിടെ ഹസാരെ സംഘത്തിനെതിരെ സര്‍ക്കാര്‍ പ്രതിഷേധവുമായി നിന്നപ്പോള്‍ ഹാസരെ സംഘം വലിയൊരു ജനപിന്തുണയോടെ ഒരു സംഘടനാ സംവിധാനത്തിന്റെ രൂപത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെട്ടു. ഇനി ഒരു സമരമുണ്ടായാല്‍ സുശക്തമായ ഒരു സമര്‍ദ്ദഗ്രൂപ്പിനോടാവും സര്‍ക്കാരിന്‌ എതിരിടേണ്ടി വരുക.

എന്നിരുന്നാലും അവസാനമെങ്കിലും ഭരണകൂടത്തിന്‌ ഹസാരെക്ക്‌ മുമ്പില്‍ മുട്ടു മടക്കേണ്ടി വന്നത്‌ ജനാധിപത്യ ഇന്ത്യയിലെ വലിയൊരു ഏടാണ്‌. ലോക്‌പാല്‍ സംവിധാനം പ്രാവര്‍ത്തികമായാല്‍ അത്‌ അഴിമതിയുടെ നിര്‍മ്മാര്‍ജ്ജനമാകുമോ ഇല്ലിയോ എന്നതല്ല പ്രധാനം. ഇത്തരമൊരു നീക്കത്തിന്‌ അഴുകിയ ഭരണസംവിധാനം നിലനില്‍ക്കുന്ന ഇന്ത്യയില്‍ സാഹചര്യമൊരുങ്ങി എന്നതാണ്‌ തന്ത്രപധാനമര്‍ഹിക്കുന്ന കാര്യം. ഇവിടെയാണ്‌ ജനാധിപത്യത്തിന്‌ അല്ലെങ്കില്‍ ജനങ്ങള്‍ക്ക്‌ അര്‍ഹിക്കുന്ന പരിഗണന ലഭിച്ചിരിക്കുന്നു എന്ന തോന്നലുണ്ടായത്‌.

ഇവിടെ ഹസാരെയുടെ വിജയത്തിന്‌ വലിയൊരു ചരിത്ര പശ്ചാത്തലവുമുണ്ട്‌. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പല തവണ അവതരിപ്പിക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട ചരിത്രമാണ്‌ ലോക്‌പാല്‍ ബില്ലിനുള്ളത്‌. 1963ലാണ്‌ ലോക്‌പാല്‍ എന്ന ആശയം മുന്നോട്ടു വരുന്നത്‌. എല്‍.എം സിങ്‌വിയാണ്‌ അന്ന്‌ ലോക്‌പാല്‍ ആശയം മുന്നോട്ടു വെച്ചത്‌. 69ല്‍ ഈ ബില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ പാര്‍ലമെന്റിലെ ഇരുസഭകളിലും പരാജയപ്പെടുകയായിരുന്നു. പിന്നീട്‌ ഈ ലോക്‌പാല്‍ ബില്ലില്‍ പല ഭേദഗതികളിലും വരുത്തി ഒമ്പത്‌ തവണ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ എല്ലാ തവണകളിലും ലോക്‌പാല്‍ ബില്ല്‌ വേണമെന്നത്‌ ഒരു ന്യൂനപക്ഷത്തിന്റെ മാത്രം ആവശ്യമായി മാറുകയായിരുന്നു. ഇങ്ങനെ നാല്‌പത്‌ വര്‍ഷങ്ങള്‍ക്ക്‌ മുകളില്‍പഴക്കമുള്ള ഒരു നിയമനിര്‍മ്മാണ ആവശ്യത്തിന്‌ ആദ്യമായി തത്വത്തില്‍ അംഗീകാരം ലഭിച്ചിരിക്കുന്നു എന്നതാണ്‌ ഹസാരെയുടെ ഗാന്ധിയന്‍ സമരത്തിന്റെ വിജയം.

ഭാരത്തിലെമ്പാടും ഭൂരിപക്ഷ സമൂഹം ഇതുകൊണ്ടു തന്നെ ഇന്ന്‌ ഹസാരെയെ അനുകൂലിക്കുകയാണ്‌ എന്നത്‌ വ്യക്തം. പൊതുസമൂഹത്തില്‍ നിന്നും മാറിനില്‍ക്കാറുള്ള ചലച്ചിത്രലോകം പോലും ഹസാരെയുടെ സമരത്തിന്‌ പിന്തുണ പ്രഖ്യാപിക്കുന്ന കാഴ്‌ചകള്‍ നാം കണ്ടു. ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെടുന്ന വാക്കുകളിലൊന്ന്‌ ഹസാരെയെന്നാണ്‌ എന്ന്‌ റിപ്പോട്ടുകള്‍ വന്നിരിക്കുന്നു.

ഇവിടെ ഹസാരെയുടെ ആവശ്യങ്ങള്‍ പാര്‍ലമെന്റ്‌ ചര്‍ച്ച ചെയ്‌തതും മുഖ്യമായി ഹസാരെ സംഘം അവതരപ്പിച്ച ജനലോക്‌പാല്‍ ബില്ല്‌ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റിക്ക്‌ കൈമാറിയിരിക്കുമ്പോള്‍ ഹസാരെ സംഘം ഉന്നയിച്ച പ്രധാനമായ മൂന്ന്‌ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന്‌ സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്‌. എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും പൗരാവകാശ പത്രിക പ്രദര്‍ശിപ്പിക്കുക, സംസ്ഥാനങ്ങളിലും ലോകായുക്ത രൂപികരിക്കുക, താഴേത്തട്ടിലുളള ഉദ്യാഗസ്ഥരെയും ലോക്‌പാലിന്റെ പരിധിയില്‍ കൊണ്ടു വരുക എന്നീ കാര്യങ്ങളിലാണ്‌ അവസാന നിമിഷം വരെയും സര്‍ക്കാരുമായി തര്‍ക്കം നിലനിന്നിരുന്നത്‌. എന്നാല്‍ അവസാനം ഹസാരെ വഴങ്ങുന്നില്ല എന്ന്‌ കണ്ടപ്പോള്‍ ഈ മൂന്ന്‌ അവശ്യങ്ങളും പരിഗണിക്കുമെന്ന ഉറപ്പ്‌ പ്രണബ്‌ മുഖര്‍ജിയില്‍ നിന്നും ലഭിക്കുകയായിരുന്നു.

ഇവിടെ ഒരു കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്‌. ഹസാരെയുടെ സമരം രാജ്യാന്തര ശ്രദ്ധവരെ നേടുന്ന ഒരുഘട്ടം സംജാതമായിരുന്നു. രാജ്യത്തിനുള്ളിലും പുറത്തും യു.പി.എ സര്‍ക്കാരിന്‌ തങ്ങളുടെ പ്രതിഛായ നിലനിര്‍ത്താന്‍ ഹസാരെയുടെ സമരം എത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ടായിരുന്നു. വിദേശത്തായിരുന്ന സോണിയഗാന്ധി പ്രധാനമന്ത്രിക്ക്‌ നല്‍കിയ നിര്‍ദ്ദേശവും ഇത്‌ തന്നെയായിരുന്നു. ഹസാരെയുടെ സമരം കൈവിട്ടു പോകുമെന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ തന്ത്രപരമായി സ്വീകരിച്ച നിലപാടാണ്‌ ഹസാരെയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക എന്നത്‌ വ്യക്തം.

അപ്പോള്‍ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റിയുടെ പഠനങ്ങള്‍ക്ക്‌ ശേഷം പാര്‍ലമെന്റിലേക്ക്‌ ബില്ല്‌ സമര്‍പ്പിക്കപ്പെടുമ്പോള്‍ നിലവില്‍ അംഗീകരിച്ച വ്യവസ്ഥകള്‍ക്ക്‌ ഇതേ രൂപത്തില്‍ നിലനില്‍ക്കാന്‍ എത്രത്തോളം സാധ്യതകള്‍ ഉണ്ടെന്ന്‌ പറയാന്‍ കഴിയില്ല. മാത്രമല്ല പ്രധാനമന്ത്രിയെ ലോക്‌പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ഹസാരെയുടെ പ്രധാന ആവശ്യം പരിഗണിക്കാമെന്ന്‌ വാക്കാല്‍ ഒരു ഉറപ്പു മാത്രമേ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളു. യു.പി.എ സര്‍ക്കാര്‍ തുടക്കം മുതല്‍ എതിര്‍ത്ത വ്യവസ്ഥയാണ്‌ പ്രധാനമന്ത്രിയെ ലോക്‌പാല്‍ പരിധിയില്‍ കൊണ്ടുവരുക എന്നത്‌. പ്രതിപക്ഷത്തിലെ ഒരു വിഭാഗത്തിനും ഇതിനോട്‌ കടുത്ത എതിര്‍പ്പുണ്ട്‌. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ഈ വിഷയത്തില്‍ എന്ത്‌ നിരീക്ഷണമാവും നടത്തുക എന്നതിനെ ആശ്രയിച്ചിരിക്കും ബില്ലില്‍ ഈ വ്യവസ്ഥ ഉള്‍പ്പെടാനുള്ള സാധ്യത.

ഇതുകൂടാതെ ഹസാരെ സംഘം മുന്നോട്ടുവെച്ച ജനലോക്‌പാല്‍ ബില്ലിലെ മിക്ക നിര്‍ദ്ദേശങ്ങളും സര്‍ക്കാരിന്റെ ലോക്‌പാലില്‍ ഇല്ലാത്തവയാണ്‌. ലോക്‌പാലിലെ അന്വേഷണ വിഭാഗത്തിന്‌ സ്വതന്ത്രചുമതലകള്‍ വേണമെന്നത്‌ ഹസാരെ സംഘത്തിന്റെ ജനലോക്‌പാല്‍ ബില്ലില്‍ നിര്‍ദ്ദേശിക്കുന്നതാണ്‌. സര്‍ക്കാര്‍ ലോക്‌പാലില്‍ ഒരു തരത്തിലും ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുന്നില്ല.

ഇതുകൊണ്ടൊക്കെ തന്നെ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റിയുടെ പഠനത്തിനു ശേഷം ബില്ല്‌ പാര്‍ലമെന്റിലെ ഇരുസഭകളിലേക്കും വരുമ്പോള്‍ ഹസാരെയും സര്‍ക്കാരുമായി വീണ്ടുമൊരു തുറന്ന ഏറ്റുമുട്ടലിനുള്ള സാഹചര്യങ്ങള്‍ ഒരിക്കലും തള്ളിക്കളയാനാവില്ല. മാത്രമല്ല സ്റ്റാന്‍ഡിംഗ്‌ കമ്മറ്റിയുടെ പഠനത്തിനായി എടുക്കുന്ന കാലതാമസം എത്രത്തോളമാവുമെന്ന്‌ ഇപ്പോള്‍ പറയാനുമാവില്ല. ഇത്തരം വിഷയങ്ങളൊക്കെ വീണ്ടുമൊരു സമരമുഖം തുറക്കാനുള്ള സാഹചര്യമൊരുക്കുന്നവയാണ്‌.

ഇനി ഹസാരെ മുന്നോട്ടുവെക്കുന്ന മറ്റു ആശയങ്ങള്‍ ഇതിലും ഗൗരവമര്‍ഹിക്കുന്നതാണ്‌. തിരഞ്ഞെടുപ്പ്‌ പരിഷ്‌കരണങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ അടുത്തസമരമെന്ന്‌ ഹസാരെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. ഒരു സംഘടിത സമരസംഘമായി ഹസാരെ ഗ്രൂപ്പ്‌ വളര്‍ന്നു കഴിഞ്ഞു. ഹസാരെയുടെ സമരസംഘം ആയിരക്കണക്കിന്‌ വാളണ്ടിയര്‍മാരുള്ള ഒരു വലിയ ഗ്രൂപ്പായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇത്തരം ഒരു സമരസംഘത്തെ വളര്‍ത്തിയെടുത്തത്‌ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്‌ നയമാണെന്നുള്ളത്‌ മറ്റൊരു കാര്യം. അഭ്യസ്‌തവിദ്യരായ ഒരു വലിയ സംഘം ചെറുപ്പക്കാരുടെ കൂട്ടത്തെ നയിക്കുന്നത്‌ കിരണ്‍ബേദി, അരവിന്ദ്‌ കേജരിവാള്‍, പ്രശാന്ത്‌ ഭൂഷണ്‍ തുടങ്ങി കഴിവുതെളിയിച്ച പ്രഗത്ഭരും. രാജ്യം മുഴുവന്‍ ഒരു സമരത്തിന്റെ അലയൊലികളെത്തിക്കുവാന്‍ ഇവര്‍ക്ക്‌ കഴിഞ്ഞു. സര്‍ക്കാരിന്റെ പരിഗണ കിട്ടാതെ തകര്‍ന്നു പോയ നിരവധി സമരങ്ങളുടെ ചരിത്രമുള്ള ഇന്ത്യയില്‍ ഹസാരെയുടെ സമരം വിജയിച്ചത്‌ വ്യക്തമായ സംഘടനാപാടവം കൊണ്ടു കൂടിയാണ്‌.

വോട്ട്‌ നിരസിക്കാനുള്ള സംവിധാനം അഥവാ നിഷേധ വോട്ട്‌, അഴിമതിക്കാരായ ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള സംവിധാനം തുടങ്ങിയവ തിരഞ്ഞെടുപ്പ്‌ പ്രക്രീയയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യങ്ങളുമായി വീണ്ടും സമരത്തിനു തന്നെ തയാറാകുമെന്നാണ്‌ ഹസാരെ നല്‍കുന്ന സന്ദേശം. ലോക്‌പാല്‍ ബില്ലിനേക്കാള്‍ പതിന്‍മടങ്ങ്‌ സങ്കീര്‍ണ്ണമായ വിഷയങ്ങളാണ്‌ ഇതൊക്കെ. ഒരു ഭരണകൂടവും ഒരു രാഷ്‌ട്രീയപാര്‍ട്ടിയും അംഗീകരിക്കാന്‍ സാധ്യതയില്ലാത്ത ഈ ആവശ്യങ്ങളുമായി ഹസാരെ സമരത്തിനിറങ്ങിയാല്‍ ഇപ്പോള്‍ സംഭവിച്ചത്‌ പോലെ വലിയൊരു ജനപിന്തുണ ഈ ആവശ്യങ്ങള്‍ക്കും, ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരത്തിനും ലഭിച്ചാല്‍ പിന്നെ ഇന്ത്യന്‍ രാഷ്‌ട്രീയം പ്രവചിക്കാനാവാത്ത അവസ്ഥകളിലൂടെയാവും കടന്നു പോകുക.

അതുകൊണ്ടു തന്നെ ലോക്‌പാല്‍ ബില്ല്‌ എങ്ങനെ സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുന്ന എന്ന കാര്യത്തിന്‌ വലിയൊരു പ്രധാന്യമുണ്ട്‌. അതു കൂടി കണക്കിലെടുത്താവും ഹസാരെയുടെ തുടര്‍ സമരങ്ങള്‍. ഇനിയും സര്‍ക്കാരിന്‌ തലവേദനയാകാന്‍ പോകുന്നതും ഈ സമരങ്ങള്‍ക്കുള്ള തയാറെടുപ്പുകളാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക