Image

സ്രഷ്‌ടാവിന്റെ നിര്‍ദ്ദേശങ്ങള്‍ കാത്തുസൂക്ഷിക്കുക: കെ. എന്‍. സുലൈമാന്‍ മദനി

എം.കെ. ആരിഫ്‌ Published on 31 August, 2011
സ്രഷ്‌ടാവിന്റെ നിര്‍ദ്ദേശങ്ങള്‍ കാത്തുസൂക്ഷിക്കുക: കെ. എന്‍. സുലൈമാന്‍ മദനി
ദോഹ: സ്രഷ്‌ടാവായ ദൈവത്തിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ ജീവിതത്തിന്റെ നാനാമേഖലകളിലും കാത്തുസൂക്ഷിക്കാന്‍ വിശ്വാസി സമൂഹം തയ്യാറാവണമെന്ന്‌ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ പ്രസിഡണ്ട്‌ കെ. എന്‍. സുലൈമാന്‍ മദനി ആഹ്വാനം ചെയ്‌തു. ഖത്തര്‍ മതകാര്യമന്ത്രാലയം മുന്‍തസ അബൂബക്കര്‍ സിദ്ദീഖ്‌ ഇന്‍ഡിപെന്‍ഡന്റ്‌ സ്‌കൂളില്‍ സംഘടിപ്പിച്ച ഈദ്‌ഗാഹില്‍ ഖുതുബ പരിഭാഷ നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു മാസക്കാലമുള്ള വ്രതത്തിലൂടെ നേടിയെടുത്ത ആത്മചൈതന്യവും സൂക്ഷ്‌മതയും തുടര്‍ന്നുള്ള ജീവിതത്തില്‍ കാത്തുസൂക്ഷിക്കുമ്പോള്‍ മാത്രമാണ്‌ വ്രതത്തിലൂടെ ഇസ്‌ലാം വിഭാവനം ചെയ്‌ത ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ. പ്രകൃതി മതമായ ഇസ്‌ലാമില്‍ ആഘോഷവേളകള്‍ ദൈവപ്രകീര്‍ത്തനങ്ങളുടെയും ദൈവാനുഗ്രഹങ്ങള്‍ക്ക്‌ നന്ദി കാണിക്കുന്നതിന്റെയും അവസരങ്ങളാണ്‌. സമൂഹത്തിലെ അശരണരും അഗതികളുമായവര്‍ക്കുള്ള ഭക്ഷണം അവരുടെ വീടുകളില്‍ എത്തിച്ചുകൊടുത്തതിനു ശേഷമാണ്‌ വിശ്വാസികള്‍ ഈദുഗാഹുകളി ലേക്ക്‌ പുറപ്പെടുന്നത്‌. സഹജീവികളോട്‌ കരുണയും ആര്‍ദ്രതയുമില്ലാത്ത മനസ്സ്‌ വിശ്വാസിയുടേതല്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുയും രോഗികളുടെയും അശരണരുടെയും പ്രയാസങ്ങള്‍ അകറ്റുന്നതില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും വേണം. അസൂയയും പകയും വിദ്വേഷവും അഹങ്കാരവും പൊങ്ങച്ചവും പോലെയുള്ള എല്ലാവിധ ദുര്‍ഗുണങ്ങളില്‍ നിന്നും മനസ്സിനെ സംസ്‌കരിച്ചെടുക്കുകയും സ്‌നേഹവും കാരുണ്യവും ദയയും സഹിഷ്‌ണുതയും നമ്മുടെ വികാരങ്ങളായി മാറുകയും വേണം.

ആഘോഷങ്ങള്‍ ദൈവത്തോടുള്ള കടപ്പാടുകള്‍ നിര്‍വ്വഹിക്കുന്നതോടൊപ്പം മനുഷ്യബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ കൂടി ഉപയോഗപ്പെടുത്തേണ്ടതുണ്ട്‌. കുടുംബ സന്ദര്‍ശനങ്ങളിലുടെയും അയല്‍പക്കബന്ധ ങ്ങളിലൂടെയും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായുള്ള സമ്പര്‍ക്കങ്ങളിലൂടെയും മനഷ്യബന്ധങ്ങള്‍ ശക്തിപ്പെടുത്തുക. ഇസ്‌ലാമിന്റെ അതിര്‍വരമ്പുകള്‍ പാലിച്ചുകൊണ്ടുള്ള വിനോദങ്ങളില്‍ വിശ്വാസി കള്‍ക്ക്‌ പങ്കാളികളാകാം; നിഷിദ്ധമായ മാര്‍ഗത്തിലുള്ള ആഘോഷാഭാസങ്ങളില്‍ നിന്ന്‌ വിശ്വാസി സമൂഹം പൂര്‍ണമായും വിട്ടുനില്‍ക്കുകയും വേണം. ചെറുതും വലുതമായ വിഷയങ്ങളില്‍ ഇസ്‌ ലാമിന്റെ നിയമ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട്‌ അല്ലാഹുവിനെ സൂക്ഷിക്കുന്നവരായി ജീവിക്കുമ്പോള്‍ മാത്രമാണ്‌ വ്രതാനുഷ്‌ഠാനത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക്‌ നാം എത്തിച്ചേരുകയുള്ളൂ - അദ്ദേഹം വ്യക്തമാക്കി.
ഈദ്‌ നമസ്‌കാരത്തിന്‌ ശൈഖ്‌ അബ്ദുല്‍ ബാസിത്‌ ഉമരി നേതൃത്വം നല്‍കി. നമസ്‌കാരാനന്തരം ഈദ്‌ഗാഹില്‍ ഒരുമിച്ച്‌ കൂടിയ സ്‌ത്രീകളടക്കമുള്ള ആയിരക്കണക്കിന്‌ ആളുകള്‍ക്ക്‌ ഇസ്‌ലാഹീ സെന്റര്‍ പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്‌തു.

ഫോട്ടോ: സലീം മത്രംകോട്‌
സ്രഷ്‌ടാവിന്റെ നിര്‍ദ്ദേശങ്ങള്‍ കാത്തുസൂക്ഷിക്കുക: കെ. എന്‍. സുലൈമാന്‍ മദനി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക