Image

കൈരളിയും ബ്രിട്ടാസും ഇപ്പോള്‍ ഏഷ്യാനെറ്റും...

Published on 25 May, 2011
കൈരളിയും ബ്രിട്ടാസും ഇപ്പോള്‍ ഏഷ്യാനെറ്റും...

ജോസ്‌ കാടാപ്പുറം
ഒരു ജനതയുടെ ആത്മാവിഷ്‌കാരമായ കൈരളി ടിവിയുടെ മാനേജിംഗ്‌ ഡയറക്‌ടറായി സേവനം പൂര്‍ത്തിയാക്കിയ ജോണ്‍ ബ്രിട്ടാസ്‌ എന്ന പ്രശസ്‌ത മാധ്യമപ്രവര്‍ത്തകന്‍ കേരളത്തിലെ സമസ്‌ത മേഖലകളിലും ചര്‍ച്ചയായിരിക്കുകയാണ്‌. ഏതാണ്ട്‌ ഒന്നരലക്ഷത്തോളം ഓഹരി ഉടമകളുടെ സംരംഭമായ കൈരളി ചാനല്‍ വെറും ഒരു ചാനലല്ല. വേറിട്ടൊരു ചാനലാണ്‌. ഒരുപക്ഷെ മലയാളത്തിലെ ഒരു ജനകീയ കൂട്ടായ്‌മയുടെ സംരംഭമാണ്‌ കൈരളി. ഈ കൂട്ടായ്‌മയില്‍ കേരളത്തിലെ ചുമട്ടുതൊഴിലാളികള്‍ മുതല്‍ സകല മേഖലകളിലും ജോലിചെയ്യുന്ന കേരളത്തിലുള്ളതും പ്രവാസികളുമായ മലയാളികളുടെയൊക്കെ സഹകരണത്തോടെ കേരളീയ സംസ്‌കാരത്തേയും തനതുകലകളേയും പ്രോത്സാഹിപ്പിക്കാനുള്ള ഉദ്യമത്തില്‍ ഇതുവരെ വിജയിച്ചുനില്‍ക്കുന്ന ഒരു ചാനലാണ്‌ കൈരളി. ഈ ചാനലിന്റെ ഉത്ഭവത്തിലും വളര്‍ച്ചയിലും പങ്കാളികളായ മലയാളികള്‍ക്ക്‌ ഒരുപക്ഷെ ആത്മാഭിമാനം തോന്നുന്ന ദൃശ്യാനുഭവം കൈരളിക്ക്‌ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്‌.

ഈ ചാനല്‍ പ്രതിസന്ധിയിലായി അടച്ചുപൂട്ടാന്‍ തുടങ്ങിയ ഘട്ടത്തിലാണ്‌ ജോണ്‍ ബ്രിട്ടാസ്‌ എന്ന ജവഹര്‍ലാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ മീഡിയയില്‍ ഡോക്‌ടറേറ്റ്‌ നേടിയ ഡല്‍ഹി ബെയ്‌സ്‌ഡ്‌ മാധ്യമ പ്രവര്‍ത്തകന്‍ കൈരളിയുടെ എം.ഡിയായി ചാര്‍ജ്‌ എടുക്കുന്നത്‌. തികച്ചും ഒരു മാധ്യമ പ്രൊഫഷണലായ ബ്രിട്ടാസിന്‌ യാതൊരു മാനേജ്‌മെന്റ്‌ വൈദഗ്‌ധ്യവും അവകാശപ്പെടാനില്ലായിരുന്നു.

പിന്നീട്‌ മലയാളം കമ്യൂണിക്കേഷന്‍സ്‌ ഉടമകള്‍ കണ്ടത്‌ അല്ലെങ്കില്‍ അനുഭവിച്ചറിഞ്ഞത്‌ മറ്റൊരത്ഭുതമായിരുന്നു. കൈരളി മാധ്യമ രംഗത്ത്‌ മുന്നേറി എന്നുമാത്രമല്ല, ലാഭത്തിലും മുന്നിലായി. കഴിഞ്ഞവര്‍ഷങ്ങളില്‍ വര്‍ഷംതോറും 20 കോടി ലാഭം ഉണ്ടാക്കിയെന്നുമാത്രമല്ല ഉഹരി ഉടമകള്‍ക്ക്‌ (5 ലക്ഷത്തിനു മുകളില്‍ ഷെയര്‍ ഉള്ളവര്‍ക്ക്‌) 5 ശതമാനം ലാഭവിഹിതം നല്‌കി തുടങ്ങി. തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത്‌ 75 സെന്റ്‌ സ്ഥലത്ത്‌ 70,000 ചതുരശ്ര അടിയുള്ള സ്റ്റുഡിയോ ഉള്‍പ്പടെ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ടിവി കോര്‍പ്പറേറ്റ്‌ ഓഫീസ്‌ കെട്ടിടം പണതീര്‍ത്തു. ഇത്തരത്തിലുള്ള പുരോഗതിയുണ്ടാക്കിയപ്പോള്‍ ബ്രിട്ടാസ്‌ അതിന്റെ ക്രെഡിറ്റ്‌ ഒറ്റയ്‌ക്ക്‌ ചുമക്കുന്നില്ല. മറിച്ച്‌ ടിവിയുടെ പ്രൊമോര്‍ട്ടര്‍മാര്‍ക്കും ഓഹരിയുടമകള്‍ക്കും, കൂടെ ജോലിചെയ്‌ത എല്ലാവര്‍ക്കുമായി പങ്കുവെയ്‌ക്കുന്നു.

ബ്രിട്ടാസ്‌ വിവാദത്തില്‍

ഓഹരി ഉടമകള്‍ക്ക്‌ അഞ്ചുശതമാനം ഡിവിഡന്റ്‌, ഒരു ചാനലിന്‌ പുറമെ രണ്ട്‌ പുതിയ ചാനല്‍കൂടി. കൈരളി പീപ്പിള്‍ ടി.വിയും, കൈരളി വി ചാനലും. വര്‍ഷംതോറും നല്ല ലാഭവും എന്നിട്ടും എന്തുകൊണ്ടാണ്‌ ബ്രിട്ടാസ്‌ കൈരളിയുടെ പടിയിറങ്ങിയത്‌. വിവാദ വ്യവസായത്തിന്‌ മുമ്പിലായ കേരളം ഈ മാധ്യമ പ്രവര്‍ത്തകനേയും വലിച്ചിട്ടു. അത്ഭുതപ്പെടാനില്ല!!! എന്നാല്‍ ഒരിക്കലും ബ്രിട്ടാസ്‌ എന്ന മാധ്യമ പ്രവര്‍ത്തകന്റെ രാഷ്‌ട്രീയമായ ചിന്തയുടെ വ്യതിയാനമോ, മലയാളം കമ്യൂണിക്കേഷന്റെ പ്രൊമോര്‍ട്ടര്‍മാരുമായോ, ഡയറക്‌ടര്‍മാരുമായോ ഉണ്ടാകാന്‍ സാധ്യതയുള്ള പൊരുത്തമില്ലയ്‌മയോ ഒന്നും ഈ പടിയിറക്കിത്തിന്‌ കാരണമാകുന്നില്ല എന്ന്‌ കരുതേണ്ടിയിരിക്കുന്നു. കൈരളി ബ്രിട്ടാസിന്‌ നല്‍കിയ യാത്രയയപ്പ്‌ ഒരു പക്ഷെ ഇന്ത്യയില്‍ ഒരു സ്ഥാപനത്തിന്റേയും ചീഫ്‌ എക്‌സിക്യൂട്ടീവിന്‌ നല്‍കാത്ത ചേതോഹരമായ ഒരു യാത്രയയപ്പ്‌ ആയിരുന്നു ബ്രിട്ടാസിന്‌ കൈരളി നല്‍കിയത്‌. പിന്നെയെന്തിനാണ്‌ ഈ വിവാദം?

വിവാദത്തിലൂടെ മറ്റൊരു ഇരയെക്കൂടി ശിക്ഷിക്കാനോ ലക്ഷ്യം! ബ്രിട്ടാസ്‌ പറയുന്നത്‌ എനിക്കുശേഷം പുതിയ പ്രതിഭകള്‍ കൈരളിയില്‍ വരണം, അവരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തണം, ലാഭകരമായി നന്നായി പോകുന്ന കൈരളി ചാനല്‍ ഇനിവരുന്ന ചുമതലക്കാരന്റെ കൈയ്യിലും ഭദ്രമായിരിക്കും. ഈ ബോധ്യമുള്ളതുകൊണ്ടായിരിക്കാം മലയാളം കമ്യൂണിക്കേഷന്‍സിന്റെ മുഖ്യ പ്രൊമോര്‍ട്ടര്‍മാരിലൊരാളായ പിണറായി വിജയന്‍ പറഞ്ഞത്‌: പ്രതിസന്ധിയിലൂടെയും ധനനഷ്‌ടത്തിലുടെയും പ്രവര്‍ത്തിച്ച കൈരളി ബ്രിട്ടാസിന്റെ ചുമതലയില്‍ ലാഭത്തിലായി. പ്രതിസന്ധികളെ അതിജീവിച്ച്‌ പുതിയ രണ്ട്‌ ചാനലുകള്‍ തുടങ്ങി. ഓഹരിയുടമകള്‍ക്ക്‌ ലാഭവിഹിതം നല്‍കിയതൊന്നും കാണാതിരിക്കാന്‍ പറ്റില്ലെന്നും, കൈരളിക്ക്‌ നല്‍കിയ സേവനങ്ങളെ നന്ദിയോടെ ഓര്‍ക്കുന്നതും. കൂടാതെ മാധ്യമ പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ കൂടുതല്‍ കഴിവ്‌ തെളിയിക്കാനും, കഴിവ്‌ നേടാനും ഒരു ദേശീയ നെറ്റ്‌ വര്‍ക്കിലേക്ക്‌ പോകുന്നത്‌ ബ്രിട്ടാസിന്റെ വ്യക്തിപരമായ കാര്യമാണെന്നും, അതുകൊണ്ടുതന്നെ ബ്രിട്ടാസ്‌ നല്‍കിയ സേവനം കുറച്ചുകാണാന്‍ നമുക്കാവില്ലെന്നും പിണറായി വിജയന്‍ പറഞ്ഞത്‌.

ഇപ്പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാക്കുന്നവര്‍ മറ്റൊരു വിവാദ പ്രസ്‌താവനകള്‍ക്കും വശംവദരാകില്ല. ഇത്തരം വിവാദ പ്രസ്‌താവനകള്‍ നടത്തുന്നവര്‍ പലപ്പോഴും തനിക്കിഷ്‌ടമില്ലാത്തവരെ എന്തിനും ഏതിനും പ്രതിരോധത്തിലാക്കുന്നുണ്ട്‌. ഈ ജല്‌പനങ്ങള്‍ പ്രായക്കൂടുതലിന്റെ പ്രശ്‌നമായി കണ്ട്‌ തള്ളിക്കളയാവുന്നതാണ്‌. ഭാവിയിലുണ്ടാകുന്ന പ്രശ്‌നം മറ്റൊന്നാണ്‌, പ്രതിഭാശാലികള്‍ സാധാരണക്കാരന്റെ സ്ഥാപനങ്ങളുടെ ചുമതലക്കാരായി വന്ന്‌ കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങള്‍ക്ക്‌ ഒപ്പമാക്കി മാറ്റുന്നത്‌ ഇല്ലാതാക്കാനേ ഇത്തരം അബദ്ധ പ്രസ്‌താവനകള്‍ക്ക്‌ കഴിയുകയുള്ളുവെന്ന്‌ ഇക്കൂട്ടര്‍ അറിഞ്ഞാല്‍ നന്ന്‌.

ബ്രിട്ടാസ്‌ കൈരളിയുടെ യാത്രയയപ്പ്‌ സമ്മേളനത്തില്‍ മറുപടി പറഞ്ഞത്‌ ശ്രദ്ധേയമായി. അദ്ദേഹം ഐസക്‌ ന്യൂട്ടന്റെ വാക്കുകള്‍ കടമെടുത്തു. തന്റെ മുമ്പേ പോകുന്നവരുടെ തോളില്‍ ചവുട്ടിയാണ്‌ ബ്രിട്ടാസ്‌ കൈരളിയുടെ ദൂരക്കാഴ്‌ച കണ്ടതും അതിനെ വിജയത്തിലെത്തിച്ചതും. പിണറായി വിജയനും, എം.എ. ബേബിയും, ഡോ. തോമസ്‌ ഐസക്കും ഉള്‍പ്പടെയുള്ളവരുടെ നിര്‍ലോഭമായ സഹകരണത്തിലൂടെയാണ്‌ ഈ നേട്ടം കൈവരിച്ചതെന്ന്‌ പറഞ്ഞു.

എന്തായാലും ബ്രിട്ടാസ്‌ പോകുന്നത്‌ ഏഷ്യാനെറ്റിലേക്കാണ്‌. ഈ ചാനല്‍ ആദ്യം തുടങ്ങിയത്‌ പുരോഗമ ചിന്തയും, മാധ്യമ പ്രതിഭാശാലിയുമായ ശ്രീ ശശികുമാറായിരുന്നു. കേരളത്തിലെ ആദ്യത്തെ മലയാളം ചാനല്‍ വിജയത്തിലെത്തിക്കുന്നതിന്‌ കേരളത്തിലെ തൊഴിലാളികളും സാധാരണക്കാരും നിര്‍ലോഭമായി സഹകരിച്ചപ്പോഴാണ്‌ ഏഷ്യാനെറ്റ്‌ മുന്നിലെത്തിയത്‌. ഇങ്ങനെ കേരളത്തില്‍ ഏഷ്യാനെറ്റ്‌ മുന്നിലെത്തിയപ്പോഴാണ്‌ ലോകത്തിലെതന്നെ ഏറ്റവും വലിയ മീഡിയ ഇന്‍വെസ്റ്ററായ മര്‍ഡോക്‌ സ്വന്തമാക്കിയത്‌. അതുപോലെ തന്നെ കേരളത്തിലെ തന്നെ ഏറ്റവും നല്ല അഭിമുഖക്കാരനും, നല്ല മാനേജ്‌മെന്റ്‌ വിദഗ്‌ധനായി കഴിവുതെളിയിച്ച്‌, ഇപ്പോള്‍ ദൃശ്യമാധ്യമ രംഗത്ത്‌ ഏറ്റവും റേറ്റിംഗ്‌ ഉള്ള ബ്രിട്ടാസിനെപോലുള്ള ഒരു പത്രക്കാരനെ കേരളത്തിലെ ആദ്യ ചാനല്‍ സ്വന്തമാക്കിയതില്‍ അത്ഭുതപ്പെടാനില്ല.

മാധ്യമരംഗത്ത്‌ ബ്രട്ടാസിനെപ്പോലുള്ളവര്‍ തുടരേണ്ടത്‌ കേരളത്തിന്‌ ആവശ്യമാണ്‌. സര്‍ഗ്ഗശേഷിയുള്ള ഈ മാധ്യമപ്രവര്‍ത്തകന്‍ തന്റെ കഴിവുകള്‍ മൂര്‍ച്ഛകൂട്ടുന്നതിന്‌ ഏത്‌ മുതല്‍മുടക്ക്‌ കാരന്റെ ചാനലിലായാലും പോകുന്നത്‌ ഒഴിച്ചുകൂടാനാകാത്തതാണ്‌.

അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ഷിക്കാഗോയിലെ നാഷണല്‍ കോണ്‍ഫറന്‍സില്‍ ബ്രിട്ടാസ്‌ നടത്തിയ പ്രസംഗം ഒരു സവിശേഷമായ ഒരു അനുഭവമായിരുന്നു. കേരളത്തിന്റെ ബോധതലത്തില്‍ സ്‌പര്‍ശിക്കുന്ന എന്തെങ്കിലും നല്‍കാന്‍ കഴിയുന്ന കരിസ്‌മയുള്ള ഈ നല്ല മാധ്യമ പ്രവര്‍ത്തകനെ നമുക്ക്‌ നമ്മുടെ മാതൃഭാഷയോടൊപ്പം നിര്‍ത്താം.


കൈരളിയും ബ്രിട്ടാസും ഇപ്പോള്‍ ഏഷ്യാനെറ്റും...കൈരളിയും ബ്രിട്ടാസും ഇപ്പോള്‍ ഏഷ്യാനെറ്റും...കൈരളിയും ബ്രിട്ടാസും ഇപ്പോള്‍ ഏഷ്യാനെറ്റും...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക