Image

സന്തോഷ്‌ പാലായ്‌ക്ക്‌ `ആത്മായനങ്ങളുടെ ഖസാക്ക്‌' പുരസ്‌ക്കാരം

ജോയിച്ചന്‍ പുതുക്കുളം Published on 30 May, 2011
സന്തോഷ്‌ പാലായ്‌ക്ക്‌ `ആത്മായനങ്ങളുടെ ഖസാക്ക്‌' പുരസ്‌ക്കാരം
പതിനാറാമത്‌ `ആത്മായനങ്ങളുടെ ഖസാക്ക്‌' പുരസ്‌ക്കാരം അമേരിക്കന്‍ മലയാളകവി സന്തോഷ്‌ പാലായ്‌ക്ക്‌ ലഭിച്ചു. ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച കവിതകള്‍ക്കാണ്‌ പുരസ്‌ക്കാരം. എറണാകുളം മരട്‌ ഡി സി ബുക്‌സ്‌ ഹാളില്‍ വച്ച്‌ നടന്ന ചടങ്ങില്‍ കവി ദേശമംഗലം രാമകൃഷ്‌ണനാണ്‌ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്‌തത്‌.പ്രശസ്‌ത നിരൂപകനും കലാകൌമുദി അക്ഷരജാലകം കോളമിസ്റ്റുമായ എം. കെ ഹരികുമാര്‍ ആശംസാപ്രസംഗം നടത്തി.

സന്തോഷിന്റെ ആദ്യകവിതാസമാഹരമായ `കമ്മ്യൂണിസ്റ്റ്‌ പച്ച' തദവസരത്തില്‍ പ്രകാശനം ചെയ്‌തു.ലളിതവും നവീനവും വ്യത്യസ്‌തവുമായ കാവ്യ വഴികളിലൂടെ വായനയുടെ പുതിയ അനുഭവം സൃഷ്ടിക്കുകയാണ്‌ സന്തോഷ്‌ പാലാ തന്റെ കവിതകളിലൂടെ ചെയ്യുന്നത്‌. `കവിത പച്ചയായ അനുഭവത്തിനോടൊപ്പം പച്ചയായ ഭാഷയും, മറുഭാഷകളും ആയിത്തീരുന്നു.സന്തോഷിന്റെ കവിതകള്‍ ഈ കാഴ്‌ചപ്പാടിനെ സാക്ഷ്യപ്പെടുത്തുന്നു' അവതാരികയില്‍ കവി ദേശമംഗലം രാമകൃഷ്‌ണന്‍ എഴുതിയിരിക്കുന്നു. ഗ്രാമ,കലാലയ, നഗരക്കാഴ്‌ചകളിലൂടെ സഞ്ചരിക്കുന്ന കവിതകള്‍ ഒരാളുടെ പൂര്‍വ്വകാലത്തിന്റെ പുനരെഴുത്താണെന്ന്‌ എം .കെ ഹരികുമാര്‍ സൂചിപ്പിക്കുന്നു.

ഈ സമാഹാരത്തിലെ 42 കവിതകള്‍ `അമ്പെയ്‌ത്ത്‌' എന്ന കവിതയില്‍ പറയുന്നത്‌ പോലെ ഞാണൊലിയോ വിജയാരവങ്ങളോ മുഴക്കാതെ പുതുവഴിയിലൂടെ നടക്കുന്നു.പെരുവഴി കണ്‍മുന്നിലിരിക്കുമ്പോള്‍ പുതുവഴി വെട്ടുന്നാകില്‍ പലതുണ്ടേ ദുരിതങ്ങള്‍ എന്ന കക്കാടിന്റെ വാക്കുകള്‍ ദേശമംഗലം മാഷ്‌ കടമെടുക്കുന്നു. എന്നാല്‍ പുതിയൊരു ജന്മം നേടുന്നതുപോലുള്ള ഒരു `പരിസ്‌പന്ദസുന്ദരത്വം' കൈവരിക്കാന്‍ സന്നദ്ധമാകുന്നതോടെ കവികര്‍മ്മത്തിന്റെ ഗൃഹാതുരത്വത്തെ അതിജീവിക്കാന്‍ കഴിയുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.നര്‍മ്മ ഗൌരവത്തിന്റെ പുതിയ മാനങ്ങള്‍ അവതരിപ്പിക്കുകയാണ്‌ പല കവിതകളിലുമെന്ന്‌ ദേശമംഗലം ചൂണ്ടിക്കാണിക്കുന്നു.

സന്തോഷ്‌ പാലാ

1971 ല്‍ കോട്ടയം ജില്ലയിലെ രാമപുരത്തിനടുത്ത്‌ കുറിഞ്ഞിയില്‍ ജനിച്ചു. ഇലക്ടോണിക്‌സ്‌ ആന്‍ഡ്‌ കമ്യൂണിക്കേഷന്‍സ്‌ എഞ്ചിനീയറിങ്ങില്‍ ബിരുദം,കേരളാ സര്‍വ്വകലാശാലാ ക്യാമ്പസ്സില്‍ നിന്ന്‌ ഒന്നാമനായി ടെക്‌നോളജി മാനേജ്‌മെന്റില്‍ എം ടെക്‌ ബിരുദം എന്നിവ നേടി .2004 ല്‍ അമേരിക്കയിലെ ത്തുന്നതിന്‌ മുന്‍പ്‌ ഡി സി മാനേജ്‌മെന്റ്‌ സ്‌കൂളില്‍ എം ബി എ പ്രോഗ്രാം കോ ഓര്‍ഡിനേറ്ററും അധ്യാപകനും ആയിരുന്നു.

ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്നു.ഫൊക്കാനയുടെ കവിതയ്‌ക്കുള്ള പ്രത്യേകപുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. email:mcsanthosh@yahoo.com
സന്തോഷ്‌ പാലായ്‌ക്ക്‌ `ആത്മായനങ്ങളുടെ ഖസാക്ക്‌' പുരസ്‌ക്കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക