Image

അഭിവന്ദ്യ മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനിക്ക് ഭാവുകങ്ങള്‍

(എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്) Published on 30 May, 2011
അഭിവന്ദ്യ മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനിക്ക് ഭാവുകങ്ങള്‍
(St.Thomas Orthodox Church, Long Island, NY.)

അസ്തമനാര്‍ക്കന്‍ പശ്ചിമാബ്ധിയില്‍ വിരമിക്കെ
അസ്തമനാഭതിങ്ങും ദീപ്തമാം മുഖശ്രീയാല്‍
അക്ഷയ ഭാസ്സിയലും അജപാലശ്രേഷ്ഠനാം
ബര്‍ണബാസ് തിരുമേനീ, മംഗളം നേരുന്നെങ്ങള്‍!
കാവിവസ്ത്രധാരിയായ് മരക്കുരിശണിഞ്ഞ
സേവനസംവൃത്തനാം നിസ്തന്ദ്ര ദൃഢഗാത്രന്‍!

"പിറവ'ത്തു പിറന്നു, സഭാഗ്രിമനായ്ത്തീര്‍ന്ന
പ്രാര്‍ത്ഥനാവ്യഗ്രനായ ഋഷീന്ദ്ര സമാദൃതന്‍!
ഛിദ്രത വളര്‍ന്നോരമേരിക്കന്‍ മെത്രാസനം
ഒറ്റക്കുടക്കീഴിലായ് പൂരിച്ച ദൈവദൂതന്‍!

രണ്ടുദശാബ്ദത്തോളം സുധീരം ഭദ്രാസന
നേതൃത്വം തെളിയിച്ചോരാത്മീയ ശ്രേഷ്ഠാചാര്യന്‍!
എണ്‍പത്തേഴു വത്സരം മണ്ണിനെ വിണ്ണാഭവാന്‍
നിതാന്തം യത്‌നിച്ചോരാ പ്രബുദ്ധ കര്‍മ്മോത്സുകന്‍!
മുപ്പത്തിമൂന്ന് വര്‍ഷം വൈദികമേലാവായി
സ്തുത്യര്‍ഹം പ്രശോഭിച്ച വിജ്ഞനാം ആചാര്യേശന്‍!
സര്‍വ്വദാ കര്‍മ്മോന്മുഖന്‍ ബൗദ്ധിക വിശാരദന്‍
ചൈതന്യ സംപുഷ്ടനാം നിര്‍മ്മദ കര്‍മ്മയോഗി,
രോഗിക്കും പതിതനുൂം പാപിക്കു,മനാഥനും
പൈതൃക സ്‌നേഹത്തിന്റെ പ്രത്യുഗ്രപ്രതീകമായ്
സന്തതം കര്‍മ്മനിഷ്ഠനാമീയാചാര്യേന്ദ്രന്റെ
ബോധിയില്‍ വേദഗ്രന്ഥരത്‌നങ്ങളെത്ര കായ്ച്ചു!
പ്രാര്‍ത്ഥനാമന്ത്രങ്ങളാം കത്തിന ദീപങ്ങളാല്‍
ഭദ്രാസനാന്നന്ധത മായിച്ച സുധര്‍മ്മാവേ!
ചെയ്തുതീര്‍ക്കേണ്ടതെല്ലാം സാകല്യം നിവര്‍ത്തിച്ചു
സമ്പ്രീതം വിശ്രമിപ്പാന്‍, ജീവിതപ്രദോഷത്തില്‍
സ്വര്‍ഗ്ഗീയ കൃപാവരം നിസ്യന്ദം നിറയുവാന്‍
സര്‍വ്വേശന്‍ കനിയുവാന്‍ ആശംസിച്ചര്‍ത്ഥിപ്പിതേന്‍!
നമസ്‌തേ! മഹാത്മാവേ! നമസ്‌തേ! മാമുനീന്ദ്രാ!
നേരുന്നു ഞാനങ്ങേക്കു ഭക്ത്യാദരോപഹാരം!

മെയ് 22, 2011
അഭിവന്ദ്യ മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനിക്ക് ഭാവുകങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക