Image

യുഡിഎഫ്‌ ഗവണ്‍മെന്റിനെ ഓവര്‍സീസ്‌ യുഡിഎഫ്‌ പ്രവര്‍ത്തകര്‍ അനുമോദിച്ചു

എ.സി. ജോര്‍ജ് Published on 01 June, 2011
യുഡിഎഫ്‌ ഗവണ്‍മെന്റിനെ ഓവര്‍സീസ്‌ യുഡിഎഫ്‌ പ്രവര്‍ത്തകര്‍ അനുമോദിച്ചു
ഹൂസ്‌റ്റണ്‍: കേരളത്തിലെ പുതിയ യുഡിഎഫ്‌ ഗവണ്‍മെന്റിന്‌ അനുമോദനങ്ങളും ആശംസകളും അര്‍പ്പിച്ച്‌ ഹൂസ്‌റ്റണിലെ ഓവര്‍സീസ്‌ യുഡിഎഫ്‌ പ്രവര്‍ത്തകര്‍ 29ന്‌ വൈകിട്ട്‌ സ്‌റ്റാഫോര്‍ഡിലെ കേരള ഹൗസ്‌ ഓഡിറ്റോറിയത്തില്‍ സമ്മേളനം നടത്തി. നാട്ടിലായിരുന്നപ്പോള്‍ യുഡിഎഫിലെ വിവിധ ഘടക കക്ഷികളില്‍ പ്രവര്‍ത്തിച്ചവരും പൊതുജനങ്ങളുമായി ധാരാളം പേര്‍ പങ്കെടുത്തു.

ഹൂസ്‌റ്റണ്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ബേബി മണക്കുന്നേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എ.സി. ജോര്‍ജ്‌ സ്വാഗതം ആശംസിച്ചു. മലയാളിയായ സ്‌റ്റാഫോര്‍ഡ്‌ ഡപ്യൂട്ടി മേയര്‍ കെന്‍ മാത്യു സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.

കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ വിജയ പരാജയങ്ങള്‍ സ്‌ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതകള്‍, പാര്‍ട്ടിയുടെ അതിരു കടന്ന വിജയശുഭാപ്‌തി വിശ്വാസങ്ങള്‍, പാര്‍ട്ടിക്കേറ്റ തിരിച്ചടികള്‍, ഭൂരിപക്ഷം കുറയാനുണ്ടായ കാരണങ്ങള്‍, ഗ്രൂപ്പടിസ്‌ഥാന ത്തിലുള്ള സീറ്റുവിഭജനങ്ങള്‍, മത വര്‍ഗീയ സംഘടനകളുടെ അസ്‌ഥാനത്തുണ്ടായ സ്വാധീനങ്ങള്‍, സംഘടനയുടെ കുറവുകള്‍, വീഴ്‌ചകള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്‌ത്‌ വിലയിരുത്തി.

പാര്‍ട്ടിയുടെയും ജനങ്ങളുടെയും സര്‍വോപരി കേരള വികസനത്തെയും ലക്ഷ്യമാക്കി പുതിയ യുഡിഎഫ്‌ ഗവണ്‍മെന്റ്‌ പ്രവര്‍ത്തിക്കണമെന്ന്‌ യോഗത്തില്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിയില്‍ വ്യക്‌തിപൂജയോ എന്തിനും ഏതിനും കേന്ദ്രകമ്മിറ്റിയെ അതിരു കടന്ന്‌ ആശ്രയിക്കുന്നതിനും പകരം നിര്‍ദേശങ്ങളും മാര്‍ഗേഖകളും പൊതുജനങ്ങളില്‍ നിന്നും പാര്‍ട്ടിയുടെ താഴേത്തട്ടിലുള്ള നിസ്വാര്‍ഥ സേവകരില്‍ നിന്നുമായിരിക്കണം. സ്‌ഥിരം പാര്‍ട്ടിയുടെ ഉന്നതശ്രേണികളില്‍ ഏതാനും പേര്‍ കടിച്ചുതൂങ്ങി കിടക്കരുതെന്നും അര്‍ഹരായ പുതിയ പ്രവര്‍ത്തകര്‍ക്ക്‌ സ്‌ഥാനമാനങ്ങളും ഉത്തരവാദിത്തവും ലഭ്യമാക്കണം

യുഡിഎഫിനുണ്ടായ നേരിയ വിജയത്തിലും പിന്നീടുണ്ടായ മന്ത്രി പദവി വീതം വയ്‌ക്കലിലുണ്ടായ കശപിശകളും അപാകതകളും പലരും ആശ്‌ചര്യത്തോടെയാണ്‌ കണ്ടത്‌. എങ്കിലും കഴിഞ്ഞ അഞ്ച്‌ വര്‍ഷമായി കേരളത്തെ പിന്നോട്ടു നയിച്ച ഇടതുപക്ഷ ദുര്‍ഭരണത്തിനു തടയിട്ടുകൊണ്ട്‌ യുഡിഎഫ്‌ നേടിയ വിജയത്തില്‍ ആഹ്ലാദവും സന്തോഷവും പ്രകടിപ്പിക്കുകയും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‌ ആശംസകളും നന്മകളും നേര്‍ന്നുകൊണ്ട്‌ തോമസ്‌ ഒലിയാംകുന്നേല്‍, എസ്‌.കെ. ചെറിയാന്‍, രാജന്‍ യോഹന്നാന്‍, മൈസൂര്‍ തമ്പി, വാവച്ചന്‍ മത്തായി, സെബാസ്‌റ്റിയന്‍ പാലാ, തോമസ്‌ സക്കറിയ, സുനില്‍ ഏബ്രഹാം, കെ.പി. ജോര്‍ജ്‌, ടോം വള്ളിപ്പടവില്‍, ഫ്രാന്‍സിസ്‌ ചെറുകര, റോയി അത്തിമൂട്ടില്‍, തോമസ്‌ കൊരട്ടി തുടങ്ങിയവര്‍ ലഘു പ്രസംഗം നടത്തി. ഹൂസ്‌റ്റണ്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ട്രഷറര്‍ ജോയി എന്‍. സാമുവല്‍ നന്ദി പറഞ്ഞു.
യുഡിഎഫ്‌ ഗവണ്‍മെന്റിനെ ഓവര്‍സീസ്‌ യുഡിഎഫ്‌ പ്രവര്‍ത്തകര്‍ അനുമോദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക