Image

ബെന്നി വാച്ചാച്ചിറ മലയാളം ടെലിവിഷന്‍ യു.എസ്‌.എയുടെ റീജിയണല്‍ ഡയറക്‌ടര്‍

ജോര്‍ജ്‌ തുമ്പയില്‍ Published on 05 June, 2011
ബെന്നി വാച്ചാച്ചിറ മലയാളം ടെലിവിഷന്‍ യു.എസ്‌.എയുടെ റീജിയണല്‍ ഡയറക്‌ടര്‍
അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തും സംഘടനാതലങ്ങളിലും ശ്രദ്ധേയമായ സംഭവനകള്‍ മലയാളി സമൂഹത്തിന്‌ നല്‍കിയ വ്യക്തിപ്രഭാവത്തിന്‌ ഉടമയായ ബെന്നി വാച്ചാച്ചിറ മലയാളം ടെലിവിഷന്റെ റീജിയണല്‍ ഡയറക്‌ടറായി നിയമിതനായെന്ന്‌ ബിവിജെഎസ്‌ കമ്യൂണിക്കേഷന്‍സ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ജോണ്‍ (ബേബി) ഊരാളില്‍ അറിയിച്ചു.

നോര്‍ത്ത്‌ അമേരിക്കന്‍ മലയാളികള്‍ക്ക്‌ അഭിമാനമായി രൂപംകൊള്ളുന്ന മലയാളം ടെലിവിഷന്റെ പ്രവര്‍ത്തനങ്ങളില്‍ ബെന്നി വാച്ചാച്ചിറയുടെ പങ്ക്‌ വളരെ വലുതായിരിക്കുമെന്ന്‌ ചെയര്‍മാന്‍ വര്‍ക്കി ഏബ്രഹാം പറയുകയുണ്ടായി.

പ്രമുഖരായ അമേരിക്കന്‍ മലയാളികളുടെ നേതൃത്വത്തില്‍ രൂപംകൊണ്ട മലയാളം ടെലിവിഷന്‍ കേരളത്തിനു പുറത്തുനിന്നുള്ള ആദ്യത്തെ മലയാളം ചാനല്‍ ആണെന്നുള്ളതില്‍ അഭിമാനിക്കുന്നുവെന്ന്‌ പ്രസിഡന്റും ചീഫ്‌ ഫിനാന്‍ഷ്യല്‍ ഓഫീസറുമായ ജോണ്‍ ടൈറ്റസ്‌ അറിയിച്ചു. ബെന്നി വാച്ചാച്ചറിയുടെ സാന്നിധ്യം ഇതിന്‌ ഒരു മുതല്‍ക്കൂട്ടിയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവാസി മലയാളികളാല്‍ പ്രവാസികള്‍ക്കുവേണ്ടി മാത്രം തയാറാകുന്ന ചാനലിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുവാന്‍ അമേരിക്കയുടെ നിരവധി ഭാഗങ്ങളില്‍ നിന്ന്‌ സാമൂഹ്യ സാംസ്‌കാരികതലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേര്‍ മുമ്പോട്ടുവന്നിട്ടുണ്ട്‌.

അമേരിക്കന്‍ മലയാളികള്‍ക്ക്‌ ദേശീയതലത്തിലും, പ്രത്യേകിച്ച്‌ ചിക്കാഗോയിലേയും പരിസര പ്രദേശങ്ങളിലേയും സമൂഹത്തില്‍ നിറസാന്നിധ്യമായ ബെന്നി വാച്ചാച്ചിറ ദേശീയതലത്തില്‍ നിരവധി സ്ഥാനങ്ങള്‍ കൈകാര്യം ചെയ്‌തിട്ടുള്ള വ്യക്തിയാണ്‌. ഫൊക്കാനയുടെ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ആയി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവെച്ച ബെന്നി ഇപ്പോള്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റായി സേവനം അനുഷ്‌ഠിക്കുന്നു.

ഷിക്കാഗോ മലയാളി സമൂഹത്തിന്‌ അവരുടെ കര്‍മ്മരംഗങ്ങളിലെ വ്യത്യസ്‌തങ്ങളായ രൂപഭാവങ്ങള്‍ ടെലിവിഷന്‍ മാധ്യമത്തിലൂടെ നോര്‍ത്ത്‌ അമേരിക്കയിലെ മലയാളികളെ ഒന്നടങ്കം അറിയിക്കുവാന്‍ മലയാളം ടെലിവിഷനിലൂടെ സാധിക്കുമെന്നത്‌ വലിയൊരു കാര്യമാണെന്ന്‌ ചിക്കാഗോ മലയാളികള്‍ ഒന്നടങ്കം പറഞ്ഞു.

ഫോമാ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി, ഫോമാ ബോര്‍ഡ്‌ മെമ്പര്‍, ക്‌നാനായ കാത്തലിക്‌ സൊസൈറ്റി ലെജിസ്ലേറ്റീവ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ എന്നീ നിലകളില്‍ വളരെയധികം ശോഭിച്ച ബെന്നി വാച്ചാച്ചിറയ്‌ക്ക്‌ മലയാളം ടെലിവിഷന്റെ പ്രവര്‍ത്തനങ്ങളില്‍ വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന്‌ ബേബി ഊരാളില്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്കയിലെ മറ്റൊരു `മെയാ ഷോ മാന്‍' എന്നറിയപ്പെടുന്ന ബെന്നി ഷിക്കാഗോയില്‍ നടന്ന എല്ലാ `മെഗാ ഷോ'കളുടേയും സൂത്രധാരനായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, യേശുദാസ്‌ എന്നിങ്ങനെ മലയാളം കണ്ടിട്ടുള്ളതില്‍വച്ചേറ്റവും പ്രശസ്‌തരായ എല്ലാ മെഗാഷോയും ബെന്നിയുടെ നേതൃത്വത്തിലാണ്‌ നടന്നിട്ടുള്ളത്‌. ബെന്നിയെപ്പോലൊരു സംഘാടകന്‍ മലയാളം ടെലിവിഷന്‌ ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന്‌ അമേരിക്കയിലെ ഏറ്റവും പ്രശസ്‌തനായ `ഷോ ഗുരു' എന്ന്‌ വിശേഷിപ്പിക്കുന്ന താരാ ആര്‍ട്‌സ്‌ ചെയര്‍മാന്‍ സി. വിജയന്‍ അഭിപ്രായപ്പെട്ടു.

മലയാളെ ടെലിവിഷന്‍ യു.എസ്‌.എയുടെ സംപ്രേഷണത്തിനുള്ള സംവിധാനങ്ങളും, സ്റ്റുഡിയോ, ടെലിവിഷന്‍ പ്രോഗ്രാമുകള്‍ എന്നിവ രൂപപ്പെടുത്തിവരുന്നതായി എം.ഡി. സുനില്‍ ട്രൈസ്റ്റാര്‍ അറിയിച്ചു.

വൈവിധ്യമാര്‍ന്ന പരിപാടികളുടെ ഒരു `മിക്‌സ്‌' ആണ്‌ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. കേരളത്തില്‍ നിന്നുള്ള പ്രോഗ്രാമുകളും, അമേരിക്കയില്‍ നിന്നുള്ള പ്രോഗ്രാമുകളും ഉള്‍പ്പെടുത്തി ആദ്യം പ്രൈംടൈം ഈവനിംഗിലായിരിക്കും പരിപാടികള്‍ ആരംഭിക്കുക. ടെലിവിഷന്‍ സിന്‍ഡിക്കേഷന്‍ എന്ന ആശയം ആദ്യമായി നോര്‍ത്ത്‌ അമേരിക്കയിലെ ആദ്യത്തെ മലയാളം ചാനലിലൂടെ സാധ്യമാകുകയാണ്‌. ഇതിന്റെ പ്രത്യേകത, അമേരിക്കന്‍ മലയാളികള്‍ ഏറ്റവും കാണുവാന്‍ ആഗ്രഹിക്കുന്ന പരിപാടികള്‍ പ്രത്യേകിച്ച്‌ ടിവി സീരിയലുകള്‍ സിന്‍ഡിക്കേഷന്‍ എന്ന സംവിധാനത്തിലൂടെ പുനര്‍ജന്മം നല്‍കുന്നതായിരിക്കും.

യുവജനങ്ങളുടെ പ്രാതിനിധ്യത്തിനായി ഏറ്റവും കൂടുതല്‍ ഈ ചാനലിലൂടെ ശ്രമിക്കുമെന്നും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച ചെയര്‍മാന്‍ വര്‍ക്കി ഏബ്രഹാം പറയുകയുണ്ടായി.

കേരളത്തിലെ കുമരകം വാച്ചാച്ചിറയിലെ കുടുംബത്തില്‍ ജനിച്ച ബെന്നി അമേരിക്കയില്‍ കുടിയേറിയിട്ട്‌ 26 വര്‍ഷം ആകുന്നു.

സഹധര്‍മ്മിണി ആനി, മക്കള്‍: ചിന്നു, മാളു, മരിയ, ജോസഫീന്‍ എന്നിവരുമായി കുടുംബസമേതം കഴിയുന്ന ബെന്നി ചിക്കാഗോ ട്രാന്‍സിറ്റ്‌ ഉദ്യോഗസ്ഥനാണ്‌. ചിക്കാഗോയിലും പരിസരത്തുമുള്ളവര്‍ക്ക്‌ ടെലിവിഷനുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കാന്‍ താത്‌പര്യമുണ്ടെങ്കില്‍ ബെന്നിയുമായി ബന്ധപ്പെടാം. മെയില്‍: bennyvacha@sbcflobal.net

ഫൊക്കാന, ഫോമ ദേശീയ സംഘടനകളിലെ നിറസാന്നിധ്യമായ ജോയി വാച്ചാച്ചിറ സഹോദരനാണ്‌.
ബെന്നി വാച്ചാച്ചിറ മലയാളം ടെലിവിഷന്‍ യു.എസ്‌.എയുടെ റീജിയണല്‍ ഡയറക്‌ടര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക