Image

എയര്‍ ഇന്ത്യ ഇനി ന്യൂയോര്‍ക്കില്‍ നിന്ന്‌ നേരിട്ട്‌ കൊച്ചിയിലേക്ക്‌

ജോയിച്ചന്‍ പുതുക്കുളം Published on 08 June, 2011
എയര്‍ ഇന്ത്യ ഇനി ന്യൂയോര്‍ക്കില്‍ നിന്ന്‌ നേരിട്ട്‌ കൊച്ചിയിലേക്ക്‌

രാജകീയ പ്രൗഡിയില്‍ എയര്‍ ഇന്ത്യ ഇനി ന്യൂയോര്‍ക്കില്‍ നിന്ന്‌ നേരിട്ട്‌ കൊച്ചിയിലേക്ക്‌

ജോയിച്ചന്‍ പുതുക്കുളം

 

അമേരിക്കന്‍ മലയാളികളുടെ ചിരകാല സ്വപ്‌നമായിരുന്ന `നേരിട്ട്‌ ന്യൂയോര്‍ക്കില്‍ നിന്ന്‌ കൊച്ചിയിലേക്ക്‌ എയര്‍ ഇന്ത്യയില്‍ ഒരു യാത്ര' യാഥാര്‍ത്ഥ്യമായി.

ബഹു. വ്യോമയാന വകുപ്പ്‌ മന്ത്രി ശ്രീ വയലാര്‍ രവിയുമായി ഓവര്‍സീസ്‌ റിട്ടേണ്‍സ്‌ മലയാളീസ്‌ ഇന്‍ അമേരിക്ക (ഓര്‍മ) പ്രതിനിധികളും, അമേരിക്കയിലെ മറ്റ്‌ പ്രമുഖ സംഘടനാ പ്രതിനിധികളുമായി ന്യൂയോര്‍ക്കില്‍ വച്ച്‌ നടന്ന ചര്‍ച്ചയിലാണ്‌ ബഹു. മന്ത്രി വയലാര്‍ രവി ഈ പ്രഖ്യാപനം നടത്തിയത്‌. ഈ തീരുമാനത്തിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക്‌ ന്യൂയോര്‍ക്കില്‍ നിന്ന്‌ മുംബൈ വഴി നേരിട്ട്‌ കൊച്ചില്‍ 16 മണിക്കൂര്‍കൊണ്ട്‌ എത്തിച്ചേരാം. ഇതുവഴി എയര്‍പോര്‍ട്ട്‌ മാറി കയറുക, മുംബൈയിലെ ദുരിതപൂര്‍ണ്ണമായ കസ്റ്റംസ്‌ ക്ലിയറന്‍സ്‌, മറ്റ്‌ കാലതാമസങ്ങള്‍ തുടങ്ങിയവ ഇനി അനുഭവിക്കേണ്ടിവരില്ല.

ബഹുമാനപ്പെട്ട മന്ത്രിയുടെ പുതിയ തീരുമാനത്തിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക്‌ രാജകീയ പ്രൗഡിയില്‍ യാത്ര ചെയ്യുന്നതിനുള്ള സൗകര്യമാണ്‌ എയര്‍ ഇന്ത്യ ഒരുക്കുന്നത്‌. വിമാനത്തിനുള്ളില്‍ മറ്റ്‌ പ്രമുഖ വിമാന കമ്പനികളോട്‌ കിടപിടിക്കുന്ന പരിചരണവും, ശ്രദ്ധയും, മറ്റ്‌ യാത്രാസൗകര്യങ്ങളും നല്‍കുമെന്ന്‌ ഉറപ്പുനല്‍കിയതിനോടൊപ്പം, മുന്‍കാലങ്ങളില്‍ എയര്‍ ഇന്ത്യയില്‍ നിന്നും യാത്രക്കാര്‍ക്ക്‌ അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകള്‍ക്കും, അസൗകര്യങ്ങള്‍ക്കും ക്ഷമാപണം നടത്താനും മന്ത്രി മറന്നില്ല.

ഓണ്‍ലൈന്‍ വോട്ടിംഗിലൂടെ അഭിപ്രായസ്വരൂപണം നടത്തി നേരിട്ടുള്ള വിമാനസര്‍വ്വീസിന്‌ തുടക്കംകുറിച്ച `ഓര്‍മ'യുടെ രണ്ടാംഘട്ട പരിപാടികള്‍ ആസൂത്രണം ചെയ്‌തുവരുന്നതായി ന്യൂജേഴ്‌സി ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജിബി തോമസ്‌ പറഞ്ഞു. നിലവിലുള്ള സര്‍വീസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക, കൂടുതല്‍ യാത്രക്കാരെ എയര്‍ ഇന്ത്യയിലേക്ക്‌ ആകര്‍ഷിക്കുന്നതിനുള്ള ബോധവത്‌കരണ പരിപാടികള്‍ നടത്തുക, അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഘട്ടംഘട്ടമായി നേരിട്ടുള്ള സര്‍വീസുകള്‍ തിരുവനന്തപുരേത്തേയ്‌ക്കും കൊച്ചിയിലേക്കും തുടങ്ങുക, പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മറ്റ്‌ സംഘടനകളുമായി ചേര്‍ന്ന്‌ പ്രശ്‌നപരിഹാരം കാണുന്നതിനുള്ള ശ്രമം നടത്തുക എന്നിവയാണ്‌ എന്ന്‌ ജിബി തോമസ്‌ പറഞ്ഞു.

അമേരിക്കന്‍ മലയാളികളുടെ കൂട്ടായ പങ്കാളിത്തം ഉറപ്പാക്കി നേടിയ ഈ വിജയത്തിന്‌ നേതൃത്വംകൊടുത്ത `ഓര്‍മ'യേയും, ഓണ്‍ലൈന്‍ വോട്ടിംഗ്‌ ഒരുക്കി ജനശ്രദ്ധ നേടിയ ജോയിച്ചന്‍ പുതുക്കുളം പത്രത്തേയും അതിന്റെ പ്രതിനിധികളേയും മന്ത്രി അഭിനന്ദിക്കുകയും, പ്രവാസി സമൂഹത്തെ ഒരുകുടക്കീഴില്‍ ചേര്‍ത്ത്‌ പൊതു പ്രശ്‌നത്തിന്‌ പരിഹാരം കാണാന്‍ നടത്തിയ ജിബി തോമസിന്റെ നേതൃപാടവത്തെ ശ്ശാഘിക്കുകയും ചെയ്‌തു.

ഈ പരിപാടി വിജയമാക്കുന്നതിനും, ഇക്കാര്യങ്ങള്‍ ബഹു. മന്ത്രി വയലാര്‍ രവിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും കൂടെനിന്നു പ്രവര്‍ത്തിച്ച ജോര്‍ജ്‌ പീറ്റര്‍ കടാംകുളം, ബാലന്‍ പണിക്കര്‍, ഷീലാ ശ്രീകുമാര്‍, ദീപിക ഡല്‍ഹി ബ്യൂറോ ചീഫ്‌ ജോര്‍ജ്‌ കള്ളിവയില്‍ എന്നിവര്‍ക്ക്‌ ഓര്‍മ പ്രത്യേകം നന്ദി അറിയിച്ചു.

ഐ.എന്‍.ഒ.സി ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ ഏബ്രഹാം, ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍, ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ വര്‍ഗീസ്‌ കളത്തില്‍, ജയചന്ദ്രന്‍, യു.എ. നസീര്‍, ജോസ്‌ ജേക്കബ്‌, സജി അബ്രഹാം, സാക്‌ തോമസ്‌, ഗുരുദിലീപ്‌ജി, അനിയന്‍ ജോര്‍ജ്‌ മുന്‍ ഫോമാ സെക്രട്ടറി, എസ്‌.എം.സി.സി നേതാക്കളായ പോള്‍ കൂള, ജോസഫ്‌ കാഞ്ഞമല, വിവിധ ദേശീയ സംഘടനാ നേതാക്കള്‍, സംഘടനാ പ്രസിഡന്റുമാര്‍, വിവിധ ദേവാലയങ്ങളിലെ വികാരിമാര്‍, ഓര്‍മയുടെ ദേശീയ നേതാക്കളായ സിബിച്ചന്‍ ചെംബ്ലായില്‍, ജോസ്‌ ആറ്റുപുറം, ജോര്‍ജ്‌ ഇടിക്കുള, ജോര്‍ജ്‌ നടവയല്‍, ജോര്‍ജ്‌ ഓലിക്കല്‍, ജെയിംസ്‌ മുക്കാടന്‍, സെബാസ്റ്റ്യന്‍ ടോം, അനിയന്‍ മൂലയില്‍, ലിസ്സി അലക്‌സ്‌, സജോ മാത്യു, അലക്‌സ്‌ പള്ളിവാതുക്കല്‍ എന്നിവരേയും പ്രത്യേകം അഭിനന്ദിച്ചു. സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌

എയര്‍ ഇന്ത്യ ഇനി ന്യൂയോര്‍ക്കില്‍ നിന്ന്‌ നേരിട്ട്‌ കൊച്ചിയിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക