Image

മലയാളി പ്രൊഫഷണല്‍ സംഗമത്തിന്‌ അരങ്ങൊരുങ്ങി

ജോയിച്ചന്‍ പുതുക്കുളം Published on 09 June, 2011
മലയാളി പ്രൊഫഷണല്‍ സംഗമത്തിന്‌ അരങ്ങൊരുങ്ങി
ഷിക്കാഗോ: അതുല്യങ്ങളായ മലയാളി മനസുകളുടെ കൂടിവരവുകൊണ്ട്‌, നോര്‍ത്ത്‌ അമേരിക്കയിലും കേരളത്തിലും വന്‍ ജനശ്രദ്ധ നേടിക്കഴിഞ്ഞ `പ്രൊഫഷണല്‍ സമ്മിറ്റ്‌ ഓഫ്‌ കേരളൈറ്റ്‌സ്‌ 2011'-ന്‌ തിരശ്ശീല ഉയരാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. അമേരിക്കയിലും, കേരളത്തില്‍ നിന്നും എത്തുന്ന പ്രൊഫഷണലുകളേയും, അതിഥികളേയും സ്വീകരിക്കാനും, നോര്‍ത്ത്‌ അമേരിക്കയിലെ കുടിയേറ്റചരിത്രത്തിലാദ്യമായി നടത്തപ്പെടുന്ന ഈ പ്രൊഫഷണല്‍ സംഗമത്തിന്‌ വേദിയാകാന്‍ ഷിക്കാഗോയിലെ ഒഹയര്‍ എയര്‍പോര്‍ട്ടിന്‌ സമീപമുള്ള ഷെറോട്ടണ്‍ സ്യൂട്ട്‌ ഒരുങ്ങിക്കഴിഞ്ഞു. എയര്‍പോര്‍ട്ടില്‍ നിന്നും ഏതാനും മിനിറ്റുകള്‍ മാത്രം അകലെ സ്ഥിതിചെയ്യുന്ന ഷെറോട്ടണിലേക്ക്‌ സൗജന്യ യാത്രസൗകര്യങ്ങള്‍ ലഭ്യമാണ്‌. 99 ഡോളറിനുള്ള ഡിസ്‌കൗണ്ട്‌ വാടക നിരക്ക്‌ ഇപ്പോഴും ലഭ്യമാണ്‌. 847 699 6300 എന്ന നമ്പരില്‍ വിളിച്ച്‌ `ഫോമ' എന്ന റിസര്‍വേഷന്‍ കോഡില്‍ ഇളവുചെയ്‌ത താമസനിരക്ക്‌ ഷെറോട്ടണ്‍ നല്‍കുന്നതാണ്‌.

ജൂണ്‍ 11-ന്‌ രാവിലെ 8 മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്‌തവര്‍ക്കായി രജിസ്‌ട്രേഷന്‍ പാക്കേജുകള്‍ തയാറാക്കിയിട്ടുണ്ട്‌.

കൃത്യം 9 മണിക്ക്‌ കേരളത്തിന്റെ ജനനായകന്‍, കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല എം.എല്‍.എ കോണ്‍ഫറന്‍സ്‌ വേദിയിലെത്തും. കോണ്‍സുലര്‍ ജനറല്‍ മുക്ത ടോമര്‍, അഡീഷണല്‍ ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ പോലീസ്‌ പി. ചന്ദ്രശേഖരന്‍ ഐ.പി.എസ്‌, മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍ തുടങ്ങി വളരെ തിളക്കമാര്‍ന്ന ഒരു നിരതന്നെ കോണ്‍ഫറന്‍സ്‌ ഉദ്‌ഘാടന വേദിയിലുണ്ടാകും.

അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍ നേതൃത്വം നല്‍കുന്ന ആദ്യത്തെ സെഷനിലെ ചര്‍ച്ചാവിഷയം: Problems and Prospects in Bridging the divide- How to Conduct business in India and USA എന്നതാണ്‌. ഡോ. ശ്രീധര്‍ കാവില്‍ (സെന്റ്‌ ജോണ്‍സ്‌ യൂണിവേഴ്‌സിറ്റി), ജോണ്‍ ടൈറ്റസ്‌ (എയ്‌റോ കണ്‍ട്രോള്‍സ്‌), ഡോ. നരേന്ദ്രകുമാര്‍ (ആരോഗ്യം), ഡോ. ജാവേദ്‌ ഹസ്സന്‍ (നെസ്റ്റ്‌ ടെക്‌നോളജീസ്‌), ടി.ഡി. ശിവകുമാര്‍ (എക്‌സ്‌പോര്‍ട്ട്‌- ഇംപോര്‍ട്ട്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ) എന്നിവര്‍ ഈ സെഷനില്‍ സംസാരിക്കും.

രണ്ടാമത്തെ സെഷന്‌ നേതൃത്വം നല്‍കുന്നത്‌ ജോര്‍ജ്‌ മേസണ്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ്‌ സോഷ്യല്‍ പോളിസിയുടെ ഡയറക്‌ടര്‍ ഡോ. ടോജോ തച്ചങ്കരിയാണ്‌. ഡോ. ആന്‍ കാലായില്‍, റീജിയണല്‍ ഡയറക്‌ടര്‍ ജനറല്‍ സര്‍വീസ്‌ അഡ്‌മിനിസ്‌ട്രേഷന്‍, ജോര്‍ജ്‌ കോശി (ഇന്ദൂസ്‌ സിസ്റ്റംസ്‌), ജോണ്‍സണ്‍ മ്യാലില്‍ (അറ്റോര്‍ണി അറ്റ്‌ ലോ), വര്‍ഗീസ്‌ ചാക്കോ (ഓള്‍ അമേരിക്കന്‍ ബാങ്ക്‌), ഡോ. സോളിമോള്‍ കുരുവിള (പ്രസിഡന്റ്‌, നാഷണല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യന്‍ നഴ്‌സസ്‌) തുടങ്ങിയവര്‍ ഈ സെഷനില്‍ പങ്കെടുത്ത്‌ സംസാരിക്കും.

ഉച്ചയ്‌ക്ക്‌ ശേഷം മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനും പ്രാസംഗികനും, വൈദ്യശാസ്‌ത്രരംഗത്ത്‌ പ്രശസ്‌തനുമായ ഡോ.എം.വി. പിള്ള Perspectives on Bridging of Minds- Views of a medical professional from ashore and offshore എന്ന വിഷയത്തെ ആസ്‌പദമാക്കി മുഖ്യപ്രഭാഷണം നടത്തും. അടുത്ത സെഷനില്‍ ഐ.ബി.എമ്മിന്റെ സീനിയര്‍ എക്‌സിക്യൂട്ടീവായ ആന്റണി സത്യദാസ്‌ Future of IT business in USA and Kerala എന്ന പ്രബന്ധം അവതരിപ്പിക്കും.

Work Place Challenges and how to build a successful career എന്ന വിഷയത്തെ ആസ്‌പദമാക്കിയാണ്‌ അവസാനത്തെ സെഷന്‍ ഒരുക്കിയിരിക്കുന്നത്‌. അസോസിയേഷന്‍ ഓഫ്‌ കേരളാ മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സിന്റെ പ്രസിഡന്റായ അരവിന്ദ്‌ പിള്ളയാണ്‌ ഈ സെഷന്‌ നേതൃത്വം നല്‍കുന്നത്‌.

പി.എസ്‌. നായര്‍ (മലയാളി എന്‍ജിനീയേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക), ജോര്‍ജ്‌ ജോസഫ്‌ (ഇന്ത്യാ പ്രസ്‌ ക്ലബ്‌), ടിസ്സി ഞാറവേലില്‍ (ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍), വിന്‍സണ്‍ പാലത്തിങ്കല്‍ (കേരള ഐ.ടി അലയന്‍സ്‌), ജോര്‍ജ്‌ നെല്ലാമറ്റം (മലയാളി റേഡിയോളജി അസോസിയേഷന്‍), സന്തോഷ്‌ കുര്യന്‍ (ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ്‌ അസോസിയേഷന്‍) എന്നിവര്‍ ഈ സെഷനില്‍ പങ്കെടുത്ത്‌ സംസാരിക്കുന്നതാണ്‌.

ഫോമയുടെ ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദ മൈന്‍ഡ്‌സ്‌ പദ്ധതിയുടെ ഭാഗമായി നടക്കുന്ന ഈ കോണ്‍ഫറന്‍സ്‌ സൗജന്യമാണ്‌. താങ്കളുടെ കര്‍മ്മ മണ്‌ഡലങ്ങളില്‍ വളര്‍ച്ചയുടേയും, അറിവിന്റേയും പടവുകള്‍ ചുവുട്ടിക്കയറിയ പ്രൊഫഷണല്‍ രംഗത്തെ അതികായര്‍ ഒത്തുചേരുന്ന ഈ പ്രൊഫഷണല്‍ സംഗമം അമേരിക്കയിലേയും, കേരളത്തിലേയും മലയാളി സമൂഹത്തില്‍ വന്‍ ചലനങ്ങള്‍ സൃഷ്‌ടിക്കുന്ന ഒരു പുതിയ മൂവ്‌മെന്റിന്റെ തുടക്കമായിരിക്കുമെന്ന്‌ കരുതപ്പെടുന്നു.

യുണൈറ്റഡ്‌ നേഷന്‍സിലെ മുന്‍ ചീഫ്‌ ടെക്‌നോളജി ഓഫീസറായിരുന്ന ജോര്‍ജ്‌ ഏബ്രഹാം ഈ ഏകദിന കോണ്‍ഫറന്‍സിന്റെ ചെയര്‍മാനായും, വെസ്റ്റിംഗ്‌ ഹൗസ്‌ എയര്‍ബ്രേക്കിന്റെ ഡിവിഷണല്‍ ഡയറക്‌ടറായ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ കോ- ചെയര്‍മാനുമായി പ്രവര്‍ത്തിക്കുന്നു. ഫോമയുടെ വൈസ്‌ പ്രസിഡന്റ്‌ സ്റ്റാന്‍ലി കളരിക്കമുറി മുഖ്യരക്ഷാധികാരിയും, ഫോമയുടെ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ പീറ്റര്‍ കുളങ്ങര സ്വാഗതസംഘം ചെയര്‍മാനും, ഫോമാ നാഷണല്‍ കമ്മിറ്റിയംഗം റോയി നെടുങ്ങോട്ടില്‍ രക്ഷാധികാരിയുമായി പ്രവര്‍ത്തിക്കുന്നു. ഫോമാ ജനറല്‍ സെക്രട്ടറി ബിനോയി തോമസ്‌ അറിയിച്ചതാണിത്‌.

മലയാളി പ്രൊഫഷണല്‍ സംഗമത്തിന്‌ അരങ്ങൊരുങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക