Image

യുകെയില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചവരില്‍ മലയാളിയായ വനിതാ ഡോക്ടറും

Published on 12 December, 2020
 യുകെയില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചവരില്‍ മലയാളിയായ വനിതാ ഡോക്ടറും

മാഞ്ചെസ്റ്റര്‍: ഫൈസര്‍ ഫാര്‍മസ്യുട്ടിക്കലിന്റെ കോവിഡ് പ്രതിരോധ വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചവരില്‍ മലയാളിയായ വനിതാ ഡോക്ടറും. മാഞ്ചസ്റ്ററിലെ താമസക്കാരിയും തിരുവനന്തപുരം സ്വദേശിനിയുമായ ഡോ. ശ്രീദേവി നായരാണ് ഇക്കഴിഞ്ഞ ബുധനാഴ്ച ഫൈസര്‍ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.

സ്റ്റോക്ക്‌പോര്‍ട്ട് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഡോക്ടറായ ശ്രീദേവി നായര്‍ ഇന്ത്യയില്‍നിന്നുള്ള പഠനത്തിനുശേഷം ഇംഗ്ലണ്ടില്‍നിന്നും അയര്‍ലന്‍ഡില്‍നിന്നും നിരവധി ബിരുദാനന്തര ബിരുദങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഓറോ -ഫേഷ്യല്‍ വിദഗ്ധയായ ഡോ. ശ്രീദേവി ഈ മേഖലയില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തുകയും പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

രോഗം പകരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള മേഖലയില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍ക്ക് തികച്ചും ആക്‌സമികമായാണ് വാക്‌സിന്‍ എടുക്കാനുള്ള അവസരം ലഭിച്ചത്. രോഗികള്‍ക്ക് നല്‍കാനായി കൊണ്ടുവന്ന ആദ്യ വാക്‌സിനുകളിലെ ബാക്കിയായ മരുന്ന് ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുകൂടി നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചതോടെയാണ് ശ്രീദേവി നായര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാനുള്ള അവസരം ലഭിച്ചത്. ആശുപതിയില്‍ ചികിത്സക്കെത്തിയ എണ്‍പതോളം രോഗികള്‍ക്ക് കൊടുത്തതിനുശേഷം ബാക്കിവന്ന മരുന്നാണ് ശ്രീദേവിക്കും സഹപ്രവര്‍ത്തകര്‍ക്കും ലഭിച്ചത്

പ്രതിരോധം പൂര്‍ണമാകണമെങ്കില്‍ ഇരുപത്തിയൊന്ന് ദിവസത്തിനുശേഷം രണ്ടാം ഡോസുകൂടി എടുക്കണം. വാക്‌സിന്‍ സ്വീകരിച്ചതിനുശേഷം പ്രത്യേകിച്ച് ആരോഗ്യ പ്രശ്‌നങ്ങളൊന്നുംതന്നെ അനുഭവപ്പെടുന്നില്ലെന്നാണ് ശ്രീദേവി പറയുന്നത്. എന്തായാലും ഡിസംബര്‍ മുപ്പത്തിയൊന്നിന് രണ്ടാം ഡോസുകൂടി എടുത്തശേഷം പൂര്‍ണ പ്രതിരോധ ശേഷിയുമായി പുതുവര്‍ഷത്തിലേക്കു കടക്കാമെന്നാണ് ശ്രീദേവി നായര്‍ പ്രതീക്ഷിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെയും നിരവധി സര്‍ക്കാര്‍ ഏജന്‍സികളുടെയും അനുമതിയോടെ ഉപയോഗിക്കപ്പെടുന്ന മരുന്ന് കോവിഡ് വ്യാപനത്തിനൊരു അറുതി വരുത്തുമെന്നാണ് എല്ലാവരേയുംപോലെ ഡോ.ശ്രീദേവിയും വിശ്വസിക്കുന്നത്.

ലണ്ടനിലെ റോയല്‍ ഇന്‍ഫെര്‍മറി ആശുപത്രിയില്‍ സേവനം ചെയ്യുന്ന ഭര്‍ത്താവ് ഡോ. രഘു മണിയും മൂന്നു മക്കളും പങ്കുവയ്ക്കുന്നതും ഈ പ്രതീക്ഷകള്‍തന്നെ.

റിപ്പോര്‍ട്ട്: സാന്‍ഡി പ്രസാദ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക