Image

രാജലക്ഷ്മിക്ക് വാക്കുകൾ കൊണ്ടുള്ള തിലോദകം (ദിനസരി -27-ഡോ. സ്വപ്ന സി.കോമ്പാത്ത്)

Published on 27 December, 2020
രാജലക്ഷ്മിക്ക് വാക്കുകൾ കൊണ്ടുള്ള തിലോദകം (ദിനസരി -27-ഡോ. സ്വപ്ന സി.കോമ്പാത്ത്)

A book is a suicide postponed.
Cioran

എമിൽ ചോറാൻ എന്ന റൊമാനിയൻ ഫിലോസഫറുടെ ഈ വാചകം ശ്രദ്ധയിൽപ്പെടുമ്പോഴെല്ലാം രാജലക്ഷ്മിയെയാണ് ഓർക്കാറുള്ളത്. അതിജീവിക്കാനാവാതെ പോയ ആ നിമിഷത്തിൽ സാരിത്തുമ്പിന് പകരം പേനയിലേക്കായിരുന്നു ആ മെലിഞ്ഞവിരലുകളന്ന്  നീണ്ടിരുന്നതെങ്കിൽ ആ  ആത്മഹത്യ ഇന്ന് ഒരു പാട് വായനക്കാരുടെ ഹൃദയസ്പന്ദനമായി മാറുമായിരുന്ന ഒരു  പുസ്തകമായി പരിണമിച്ചേനെ എന്ന്  വൃഥാ ഓർത്തു പോകും .

കലർപ്പില്ലാത്ത കഥയും ജീവിതവുമാണ് രാജലക്ഷ്മിയുടെ കൃതികളുടെ വ്യതിരിക്തത .
"ഞാനിരുന്നാൽ ഇനിയും കഥയെഴുതും. അതുകൊണ്ടിനി ആർക്കൊക്കെ ഉപദ്രവമാകുമോ?
ഞാൻ പോട്ടെ"
ഇങ്ങനെയൊരു കുറിപ്പ് ബാക്കിവെച്ചുകൊണ്ട്  കഥകളുടെ ഏറ്റവും ഹൃദ്യമായൊരു ശേഖരത്തെ ഏതാനും മുഴം കയറിലൂടെ കഴുത്തുഞെരിച്ചു യാത്രയയച്ചതിൽ സമൂഹത്തിനുള്ള പങ്കും  അത്ര നിസ്സാരമല്ല.
 മലയാളത്തിലെ ഏറ്റവും പ്രശസ്ത നിരൂപകയായ എം. ലീലാവതി യജ്ഞതീർത്ഥം എന്നാണ് രാജലക്ഷ്മിയുടെ കഥകളെ വിശേഷിപ്പിച്ചിട്ടുള്ളത്.
ലളിതാംബികാഅന്തർജനവും കെ. സരസ്വതിയമ്മയും മലയാളചെറുകഥയുടെ സ്ത്രൈണ ശക്തിയായി മാറിയ അമ്പതുകളിലാണ് സ്ത്രൈണ നിസ്സഹായതകളെ വ്യതിരിക്തമായ ഒരു ശൈലിയിൽ അവതരിപ്പിച്ചുകൊണ്ട് രാജലക്ഷ്മി എഴുതിത്തുടങ്ങിയത്.

ജീവിക്കാൻ മറന്നു പോകുന്നവരാണ് ആ കഥകളുടെ കേന്ദ്രസ്ഥാനത്ത് നിൽക്കുന്നവർ. മറ്റുള്ളവർക്ക് വേണ്ടി ഉരുകിത്തീരുന്നവരാണവർ. സ്നേഹനിരാസമാണ് അവരെ കരയിക്കുന്നത്. സ്നേഹം മാത്രമാണവരുടെ ദൗർബല്യം.
എന്നും ആധിയും വ്യാധിയുമുള്ളവർ. എന്നും മറ്റുള്ളവരെ സഹായിക്കാൻ മനസ്സുള്ളവർ. മക്കളെ അതിയായി സ്നേഹിക്കുന്നവർ .ജീവിതത്തിന്റെ സുരക്ഷിതത്വം മാത്രമാഗ്രഹിക്കുന്നവർ. എല്ലാ കഥാപാത്രങ്ങളും ഭൂമിയിൽ കാൽതൊട്ട പെണ്ണുങ്ങളാണ്. എല്ലാ കഥാപാത്രങ്ങളും വിശപ്പിന്റെ വിലയും നിരാസത്തിന്റെ വേദനയുമറിഞ്ഞവരാണ്. പലരും ആത്മഹത്യയുടെ ഇരുണ്ടഗർത്തങ്ങളിലലിഞ്ഞു ചേർന്നവരാണ്. ദുരന്തകഥാപാത്രങ്ങളാകുമ്പോഴും സ്നേഹത്തിനു മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നവർ.

രാജലക്ഷ്മി വളരെക്കുറച്ചേ എഴുതിയുള്ളൂ... പക്ഷേ എഴുതിയതെല്ലാം പത്തരമാറ്റ് തിളക്കത്തോടെ കാലത്തെ അതിജീവിക്കുന്നു.മലയാളത്തിന്റെ എമിലി ബ്രോണ്ടിയായി അറിയപ്പെടുന്ന രാജലക്ഷ്മി ഒരു മാജിക്കുകാരിയുടെ വൈഭവത്തോടെ പുസ്തകത്താളുകളിൽ   കൊത്തിയ ശില്പങ്ങൾക്കെല്ലാം എന്റെ  ഛായയുണ്ടല്ലോ എന്ന് ഇന്നും വായനക്കാർ അമ്പരക്കുന്നു.

രാജലക്ഷ്മിയുടെ ആത്മഹത്യയും കേരളത്തിൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ടു .ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ നവതി ആഘോഷിക്കപ്പെടേണ്ട കാലമായിരുന്നു രാജലക്ഷ്മിക്കിത്. പക്ഷേ  മരണത്തിന്റെ അമ്പത്തിയഞ്ചാം വാർഷികത്തിലൂടെയാണ് നമ്മളിപ്പോൾ കടന്നു പോകുന്നത്. രാജലക്ഷ്മിയെക്കുറിച്ച് ചില ശ്രദ്ധേയ പഠനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അവരുടെ ജീവിതവും കൃതികളും ഏറ്റവും സൂക്ഷ്മമായും സമഗ്രമായും അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത് ഏകാന്തപഥിക എന്ന പുസ്തകത്തിലാണ്. ഡോ. എൻ.ആർ ഗ്രാമ പ്രകാശ് എഴുതി ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച ഈ കൃതി 126 പേജുകളിൽ അവരുടെ ജീവിതത്തെ സസൂക്ഷ്മം അടയാളപ്പെടുത്തുന്നു.

രാജലക്ഷ്മിയുടെ കൃതികളെ ഗവേഷണബുദ്ധ്യാ സമീപിച്ചിരിക്കുന്ന ഈ കൃതിയുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ വായനാക്ഷമത തന്നെയാണ്. നിരന്തരമായ അന്വേഷണങ്ങളും ആത്മാർത്ഥമായ പഠനങ്ങളും പിന്തുടർന്ന നിതാന്തജാഗ്രതയുള്ള ഒരെഴുത്തുകാരന്റെ കയ്യൊപ്പാണ് ഈ പുസ്തത്തിനുള്ളത്. ഏറ്റവും അനുയോജ്യമായ രീതിയിൽ ,വിവിധ തലക്കെട്ടുകളിൽ അവ യോജിപ്പിക്കുകയും ചെയ്തിരിക്കുന്നു.

രാജലക്ഷ്മിയുടെ കവിതകളും രാജലക്ഷ്മിയെക്കുറിച്ച് ജി.കുമാരപ്പിള്ളയും സുഗതകുമാരിയും രചിച്ച കവിതകളും വായനക്കാരുടെ പ്രതികരണങ്ങളും ചേർത്തുവെച്ച അനുബന്ധവും തികച്ചും വ്യത്യസ്തമാണ് .രാജലക്ഷ്മിയുടെ കൃതികളും കഥാപാത്രങ്ങളും, അവയുടെ വൈയക്തിക പരിസരവും ആ കൃതികളിലെ ആവിഷ്കാരതന്ത്രങ്ങളും രചനയുടെ മർമവുമെല്ലാം  ഏറ്റവും സൂക്ഷ്മമായി നിരീക്ഷപ്പെടുന്നു. ഒരു ദശകത്തിന്റെ സാഹിത്യ സേവനത്തിലൂടെ ,ഏതു കാലത്തെയും തലമുറയെയും ആകർഷിക്കുന്ന  എരിഞ്ഞു കത്തുന്ന വാക്കുകളുടെ ഉടമയ്ക്ക്
കാലം കാത്തുവെച്ച ശ്രദ്ധാഞ്ജലിയാണ് "ഏകാന്തപഥിക ".

രാജലക്ഷ്മിക്ക് വാക്കുകൾ കൊണ്ടുള്ള തിലോദകം (ദിനസരി -27-ഡോ. സ്വപ്ന സി.കോമ്പാത്ത്)രാജലക്ഷ്മിക്ക് വാക്കുകൾ കൊണ്ടുള്ള തിലോദകം (ദിനസരി -27-ഡോ. സ്വപ്ന സി.കോമ്പാത്ത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക