Image

നിയുക്ത കേരള ചീഫ് സെക്രട്ടറി ശ്രീ ജോയി വാഴയിലുമായി ഫോമാ മുഖാമുഖം നാളെ

സലിം - ഫോമാ ന്യൂസ് ടീം Published on 05 February, 2021
നിയുക്ത കേരള ചീഫ് സെക്രട്ടറി ശ്രീ ജോയി വാഴയിലുമായി ഫോമാ  മുഖാമുഖം നാളെ

കേരള  ചീഫ് സെക്രട്ടറിയായി നിയമിതനായ പ്രശസ്ത എഴുത്തുകാരനും, ഗവേഷകനും ഭരണാധികാരിയുമായ ശ്രീ വി.പി.ജോയി എന്ന ജോയി വാഴയിലിനെ അഭിനന്ദിക്കാനും, അദ്ദേഹവുമായി സംവദിക്കാനും ഫോമാ ഫെബ്രുവരി 6 നു ശനിയാഴ്ച (നാളെ)  ഈസ്റ്റേണ്‍ സ്റ്റാന്‍ഡേഡ് സമയം രാവിലെ 10 നു സൂം വെബിനാറില്‍ മുഖാമുഖം പരിപാടി സംഘടിപ്പിക്കും. (Indian time: 8:30 pm)

എഴുത്തിന്റെയും ഗവേഷണത്തിന്റെയും വഴികളിലൂടെ നടന്നും, ഇന്ദ്രപ്രസ്ഥത്തിലെ മലയാള സാഹിത്യ സദസ്സുകള്‍ കവിതകള്‍ കൊണ്ടു ശ്രദ്ധേയമാക്കിയും, പ്രവാസി മലയാളികളുടെ പൊതു സാംസ്‌കാരിക ബോധമണ്ഡലങ്ങളില്‍ അറിവിന്റെ നക്ഷത്ര വിളക്കുകള്‍ തെളിച്ചും, കേരള ക്ലബ്ബിന്റെ വഴികാട്ടിയായും നിറഞ്ഞു നിന്ന അദ്ദേഹം നാഷണല്‍ കെമിക്കല്‍ വെപ്പണ്‍സ് കണ്‍വെന്‍ഷന്‍ അതോറിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും കേരളത്തിന്റെ    ചീഫ് സെക്രട്ടറി എന്ന ഉന്നതമായ പദവിയിലേക്ക് എത്തപ്പെടുകയാണ്

ഏതൊരു മലയാളിയും സ്വപ്നം കാണുന്ന, അഭിമാനിക്കാവുന്ന വിവിധ തസ്തികകളില്‍ തന്റെ പ്രതിഭയുടെയും പ്രവൃത്തിയുടെയും, നക്ഷത്ര ദീപാലങ്കാരങ്ങള്‍ ചാര്‍ത്തിയാണ് അദ്ദേഹം കേരളത്തിലെ ചീഫ് സെക്രട്ടറി പദവിയിലേക്ക് അവരോധിതനാകുന്നത്.  കോളേജീയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍, കേരള കോപ്പറേറ്റിവ് സൊസൈറ്റിസ്  രജിസ്ട്രാര്‍, കേരള പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ആന്റ് കമ്മീഷണര്‍ ഫോര്‍ ഗവണ്മെന്റ് എക്സാമിനേഷന്റെ ഡയറക്ടര്‍, കേന്ദ്ര ഊര്‍ജ്ജ വകുപ്പ്  ജോയിന്റ് സെക്രട്ടറി, കേരള സര്‍ക്കാരിന്റെ മുഖ്യ ധനകാര്യ വകുപ്പ്, നികുതി വകുപ്പുകളുടെ സെക്രട്ടറി, കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിൽ  ജോയിന്റ് സെക്രട്ടറി, സെന്‍ട്രല്‍ പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍, എന്നിങ്ങനെ ഏറെ പ്രാധ്യാന്യമുള്ള ഒരു പാട് തസ്തികകളില്‍ അദ്ദേഹം  സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അറിവാഴം, മണല്‍വരകള്‍, മാതൃവിലാപം, രാമാനുതാപം, നിലാനിര്‍ഝരി, നിറമെഴുതും പൊരുള്‍, 
മലയാള ഗസല്‍, നക്ഷത്തരാഗം, ഋതുഭേദങ്ങള്‍, ശലഭയാനം, നിമിഷജാലകം, എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ബന്ധനസ്ഥനായ ന്യായാധിപന്‍ എന്ന നോവലും, ടാവോയിസത്തിന്റെ  ജ്ഞാനപ്പാന, പ്രവാചകന്‍, വെങ്കലരൂപിയായ അശ്വാരൂഡന്‍, ഉപനിഷത് കാവ്യ താരാവലി എന്നിങ്ങനെ വിവര്‍ത്തനങ്ങളും പ്രസിദ്ധീകരിച്ചു.  മനുഷ്യ മനസ്സുകളുടെ  ആകുലതകളും, നൊമ്പരങ്ങളും, സങ്കീര്‍ണതകളും  രാഷ്ട്രീയ ധാര്‍മിക മൂല്യങ്ങളും ഒക്കെ വിഷയങ്ങളായ കൃതികള്‍ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. രാജ്യാന്തര  ജേണലുകളില്‍ നിരവധി ഗവേഷണപ്രബന്ധങ്ങളും അദ്ദേഹത്തിന്റേതായി  പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മലയാളിയുടെ അഭിമാനമായ നിയുക്ത ചീഫ് സെക്രട്ടറി പങ്കെടുക്കുന്ന മുഖാമുഖം പരിപാടിയില്‍ എല്ലാ മലയാളികളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന്. ഫോമാ  പ്രസിഡന്റ്  അനിയന്‍ ജോര്‍ജ്ജ്, ജനറല്‍  സെക്രട്ടറി ടി. ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍  , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍  എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

നിയുക്ത കേരള ചീഫ് സെക്രട്ടറി ശ്രീ ജോയി വാഴയിലുമായി ഫോമാ  മുഖാമുഖം നാളെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക