Image

വനിതാ സ്ഥാനാർത്ഥികൾ വേണ്ട; നിലപാട് കടുപ്പിച്ച് സമസ്ത, വഴങ്ങി ലീഗ്

Published on 02 March, 2021
വനിതാ സ്ഥാനാർത്ഥികൾ വേണ്ട; നിലപാട് കടുപ്പിച്ച് സമസ്ത, വഴങ്ങി ലീഗ്


കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതാ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കേണ്ടതില്ലെന്ന സമസ്തയുടെ നിലപാടിനുമുന്നിൽ വഴങ്ങി മുസ്ലീം ലീഗ്. തിരഞ്ഞെടുപ്പിനു മുന്നോടിയായി വനിതാ ലീഗ് നേതൃത്വം സമർപ്പിച്ച സ്ഥാനാർത്ഥി പട്ടികയും ഇതോടെ അപ്രസക്തമായി. മുസ്ലീം ലീഗിന്റെ പ്രധാന  വോട്ടുബാങ്കായ സമസ്തയുടെ എതിർപ്പ് മറികടന്നാൽ ഇത്തവണ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന കണക്കുകൂട്ടലാണ് ലീഗിനെ പിന്നോട്ടുവലിക്കുന്നത്. സമസ്തയെ പിണക്കാതെ വനിതാ സ്ഥാനാർത്ഥികളെ മത്സര രംഗത്തിറക്കാനുള്ള ശ്രമത്തിലാണ് ലീഗ്.

തിരഞ്ഞെടുപ്പിൽ വനിതാ സ്ഥാനാർത്ഥികൾക്കു പ്രാതിനിധ്യം നൽകാനുള്ള ലീഗ് നിലപാടിനെ പരസ്യമായി വിമർശിച്ച് ആദ്യം രംഗത്തുവന്നത് സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂരാണ്. മാറ്റിനിർത്താനാകാത്ത സാഹചര്യങ്ങളിൽ സംവരണ സീറ്റുകൾ മാത്രം സ്ത്രീകൾക്കു നൽകിയാൽ മതിയെന്നായിരുന്നു സമസ്തയുടെ നിലപാട്. മറിച്ചാണ് ലീഗിന്റെ തീരുമാനമെങ്കിൽ ഫലം എന്താകുമെന്ന് കാത്തിരുന്ന് കാണേണ്ടിവരുമെന്നും സമദ് പൂക്കോട്ടൂർ പറഞ്ഞു. 
വളരെ കാലങ്ങലായി മുസ്ലീം ലീഗിൽ നിന്ന് വനിതാ സ്ഥാനാർത്ഥികൾ മുന്നോട്ടുവന്നിട്ടില്ല. 1996-ൽ ഖമറുന്നീസ് അൻവറിനു ശേഷം ആരുംതന്നെ ലീഗിനെ പ്രതിനിധീകരിച്ച് ഇലക്ഷന് നിന്നിട്ടില്ല. ഇത്തവണ സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്, സംസ്ഥാന സെക്രട്ടറി പി. കുൽസു എന്നിവരുടെ പേരുകളാണ് വനിതാ ലീഗ് നേതൃത്വം മുന്നോട്ടുവെച്ചത്. എന്നാൽ സമസ്ത നിലപാട് കടുപ്പിച്ചതോടെ വനിതദാ സ്ഥാനാർത്ഥികളെ ഒഴിവാക്കുകയാണ് മുസ്ലീം ലീഗ്.



 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക